Thu. Jan 23rd, 2025
അഹമ്മദാബാദ്:

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഗുജറാത്തില്‍ നടക്കുന്നത് രാജ്യത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത നവീകരണ പ്രവര്‍ത്തികള്‍. ട്രംപ് പോകുന്നവഴിയില്‍ ചേരികള്‍ കാണാതിരിക്കാന്‍ മതിലുകള്‍ തീര്‍ത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അവിടെ താമസിച്ച് തൊഴില്‍ ചെയ്ത് ജീവിക്കുന്നവരോട് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്. 

ദേവ് സരണ്‍ എന്ന ചേരിയില്‍ താമസിക്കുന്ന 45 കുടുംബങ്ങള്‍ക്കാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയത്. ഇവരോട് ചേരികളില്‍നിന്ന് ഉടന്‍ കുടിയൊഴിഞ്ഞ് പോകാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഏകദേശം 200 പേര്‍ ഇങ്ങനെ കുടിയൊഴിഞ്ഞു പോകേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

രണ്ട് പതിറ്റാണ്ടുകാലമായി താമസിക്കുന്ന സ്ഥലത്തുനിന്ന് ഒഴിഞ്ഞു പോകാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത നിര്‍മ്മാണ തൊഴിലാളികളാണ് ഇവരില്‍ മിക്കവരും. 

ചേരി നിവാസികളോട് കുടിയൊഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതിന് ട്രംപിന്റെ സന്ദര്‍ശനവുമായി യാതൊരു ബന്ധവുമില്ലെന്നാണ് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പേറേഷന്റെ വാദം. സര്‍ക്കാര്‍ ഭൂമിയില്‍ ഇവര്‍ കൈയേറിയതാണെന്നാണ് അധികൃതര്‍ പറയുന്നത്. 

ഈ മാസം 24നാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. കോര്‍പ്പറേഷന്‍റെ നടപടികളില്‍ ആക്ഷേപമുള്ളവര്‍ നാളെയ്ക്കകം അധികൃതരെ സമീപിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. ഗര വികസന പരിപാടിയിൽ ഉൾപ്പെടുത്തേണ്ടതാണ് ഈ ഭൂമിയെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നു. 

ഗുജറാത്ത് എന്ന അമേരിക്ക

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ കണ്ണില്‍ പെടാതിരിക്കാന്‍ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വരുന്ന വഴിയിലെ ചേരികളാണ് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പേറേഷന്റെ നേതൃത്വത്തില്‍ മറയ്ക്കാന്‍ തീരുമാനിച്ചത്. വിമാനത്താവളത്തില്‍ നിന്നും ഇന്ദിര ബ്രിഡ്ജിലേക്കുള്ള പാതയോരത്തെ ചേരികള്‍ മറച്ചുകൊണ്ട് 6-7 അടി ഉയരത്തില്‍ അര കിലോമീറ്ററോളം ദൂരത്തിലാണ് ഭിത്തി നിര്‍മ്മാണം ആരംഭിച്ചത്.

എന്നാല്‍, ചേരി മറയ്ക്കുന്നത് സംബന്ധിച്ച് വിവാദങ്ങള്‍ ഉടലെടുത്തതോടെ ആറടി പൊക്കത്തിൽ നിർമ്മിക്കാൻ തീരുമാനിച്ചിരുന്ന മതിൽ നാലടി പൊക്കത്തിലേക്ക് താഴ്ത്താന്‍ അധിതൃതര്‍ തീരുമാനിക്കുകയായിരുന്നു. ആറടി നീളത്തിൽ ഇതുവരെ പണിത ഭാഗങ്ങൾ പൊളിച്ച് നാലടിയാക്കുമെന്നും അപ്പോൾ കാഴ്ച മറയില്ലല്ലോ എന്നുമാണ് അഹമ്മദാബാദ് മുൻസിപ്പൽ കമ്മീഷണർ വിജയ് നെഹ്റ അന്ന് പറഞ്ഞത്.

ഗുജറാത്തെന്നാൽ അമേരിക്ക പോലെ വികസിച്ചതാണെന്ന വ്യാജപ്രചാരണം സത്യമാക്കാനെന്ന പോലെ ചേരികളും ദരിദ്രജീവിതങ്ങളും മറച്ചുവയ്ക്കാനാണ് ഏഴടിയോളം ഉയരത്തിൽ മതിൽ. എന്നാൽ, ട്രംപ് പോകുന്ന വഴിയിലെ സുരക്ഷ ഉറപ്പാക്കാനാണു മതിലെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

ഇരുന്നൂറോളം കൽപ്പണിക്കാരാണു രാപ്പകല്‍ ഭേദമില്ലാതെ ഇഷ്ടിക നിരത്തി സിമന്റ് പൂശി മതിൽ പണി ആരംഭിച്ചത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായും ഗുജറാത്തില്‍ സമാനമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

അഹമ്മദബാദിലെ മൊട്ടറെയിലെ ക്രിക്കറ്റ് സറ്റേഡിയം ഡൊണാള്‍ഡ് ട്രംപ് ഉദ്ഘാടനം ചെയ്യുന്നത് ഈ മാസം 24 നാണ്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സ്റ്റേഡിയത്തിൽ ലക്ഷത്തിലധികം ആളുകളെ പങ്കെടുപ്പിക്കാനും മോദിയും വിജയ് രുപാണി സർക്കാരും ലക്ഷ്യമിടുന്നുണ്ട്.

ട്രംപ് സന്ദർശനത്തിന്റെ പേരിൽ നഗരത്തിലെ റോഡുകളും മറ്റും മോടി കൂട്ടാനുള്ള പ്രവർത്തനങ്ങളും ഊർജിതമാക്കിയിരുന്നു. റോഡ് ടാറിട്ട് മെച്ചപ്പെടുത്തുന്നതടക്കം കോടികൾ ചെലവഴിച്ചാണ് ഒരുക്കങ്ങള്‍.

കൂടാതെ, വഴിനീളെ ഈന്തപ്പനകള്‍ നട്ടുപിടിപ്പിക്കുന്നു, ഭിക്ഷക്കാരെയും വഴിവക്കില്‍ ജീവിക്കുന്ന ഹതഭാഗ്യരെയും നീക്കം ചെയ്തു, തുടങ്ങിയ നടപടികളും തകൃതിയായി നടക്കുന്നുണ്ട്. ആഭ്യന്തരരംഗത്ത് മോഡി സര്‍ക്കാര്‍ നേരിടുന്ന കനത്ത തിരിച്ചടികള്‍ക്ക് മറുമരുന്നായി ട്രംപ് സന്ദര്‍ശനത്തെ മാറ്റിയെടുക്കാനാണ് പദ്ധതി.

അവിടെ ഹൗഡി മോദി ഇവിടെ നമസ്തേ ട്രംപ്

സെപ്റ്റംബറിൽ ഹൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത പരിപാടിക്ക് ‘ഹൗഡി മോഡി’ എന്ന പേര് നൽകിയതിന് സമാനമായി കെം ചോ ട്രംപ് എന്നായിരുന്നു ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന് ആദ്യം നല്‍കിയ പേര്. എന്നാൽ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം പരിപാടിയുടെ പേര് മാറ്റുകയായിരുന്നു.

പരിപാടിക്ക് ദേശീയ പ്രാധാന്യം കൊണ്ടുവരുന്നതിനായിരുന്നു പേരു മാറ്റം. ട്രംപിന്റെ ആദ്യത്തെ ഇന്ത്യ സന്ദർശനത്തിന് ഗുജറാത്ത് ലേബൽ നൽകുന്നത് ശരിയല്ലെന്ന അഭിപ്രായവും ഉയർന്നിരുന്നു.

ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം അചഞ്ചലമാണെന്ന് യുഎസ് ആക്ടിങ് അസിസ്റ്റന്‍റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആലിസ് വെൽസ് നേരത്തെ പറഞ്ഞിരുന്നു. സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ നടക്കുന്ന റോഡ് ഷോയ്ക്കാണു ട്രംപ് പ്രാധാന്യം കൊടുക്കുന്നതെന്നു കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് സീനിയർ ഫെലോ അലീസ അയേഴ്സും പറഞ്ഞു. വ്യാപാരക്കരാറുകൾ അതിനു ശേഷമാണു പരിഗണിക്കുക.

ലോകത്തെ ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ, സെെനിക, സാമ്പത്തിക ശക്തിയെന്ന് ഊറ്റം കൊള്ളുന്ന യുഎസ് പ്രസിഡന്റിന്റെ സന്ദര്‍ശനം ആഗോള രാഷ്ട്രീയത്തിലും, സാമ്പത്തിക താല്പര്യങ്ങള്‍ അടക്കം, ഉഭയകക്ഷി ബന്ധത്തിലും സുപ്രധാനം തന്നെയാണ്.

2019ലെ തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താന്‍ മോഡി എങ്ങനെയാണോ ഹൂസ്റ്റണില്‍ ഹൗഡി മോഡി പ്രയോജനപ്പെടുത്തിയത് അതിന്റെ ഭരണകൂട‍ പതിപ്പായിരിക്കും നമസ്തേ ട്രംപ്.

രണ്ടാംവട്ടം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള മോദിയുടെ യുഎസിലെ ആദ്യ പൊതുപരിപാടിയായിരുന്നു ഹൗഡി മോദി. എന്നാല്‍, വ്യാപാരക്കരാറില്‍ എന്തെങ്കിലും തരത്തിലുള്ള പുരോഗതിയുണ്ടാവുകയോ വിദേശ നിക്ഷേപത്തില്‍ വര്‍ധനയുണ്ടാവുകയോ ചെയ്തില്ലെന്നു മാത്രമല്ല, കശ്മീര്‍ വിഷയത്തില്‍ ഡൊണാള്‍ഡ് ട്രംപുമായി ഉണ്ടാവുമെന്നു പറഞ്ഞിരുന്ന ചര്‍ച്ച പോലും നടന്നില്ല. പകരം നടന്നത് ‘ഹൗഡി മോദി’ പരിപാടി മാത്രമായിരുന്നു.

ജിഎസ്പി പദ്ധതി വഴി നടക്കുന്ന ഇന്ത്യന്‍ ഷിപ്പ്‌മെന്റുകള്‍ക്ക് ഏകദേശം 45,000 കോടി രൂപയുടെ ആനുകൂല്യം ഇന്ത്യക്ക് ലഭിച്ചിരുന്നത്. എന്നാല്‍, രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ മേയ് മാസത്തില്‍ ഈ പദ്ധതിക്കു കീഴിലുള്ള വ്യാപാര ആനുകൂല്യങ്ങള്‍ യുഎസ് റദ്ദാക്കിയിരുന്നു. മോദിയുടെ യുഎസ് സന്ദര്‍ശനത്തിലൂടെ ഈ ആനുകൂല്യങ്ങള്‍ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും ഉണ്ടായിരുന്നില്ല.

ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന അധികത്തീരുവയില്‍ ഇളവ് നേടാനും മോദിക്കായിട്ടില്ല. 2018 മാര്‍ച്ചിലായിരുന്നു യുഎസ് ട്രേഡ് എക്‌സ്പാന്‍ഷന്‍ നിയമത്തിനു കീഴില്‍പ്പെടുത്തി സ്റ്റീലിന്റെയും അലുമിനിയത്തിന്റെയും ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് യുഎസ് തീരുവ കൂട്ടിയത്.

ഒരാഴ്ച നീണ്ടുനിന്ന മോദിയുടെ സന്ദര്‍ശനത്തില്‍ അദ്ദേഹം ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട 17 യുഎസ് നിക്ഷേപകരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ര്‍ച്ചയ്ക്കു ശേഷം ഒരു കമ്പനി പോലും നിക്ഷേപത്തിനായി മുന്നോട്ടുവന്നിട്ടില്ല എന്നത് ഖേദകരമായിരുന്നു.

ട്രംപ് സന്ദര്‍ശനത്തില്‍ ഇന്ത്യ ഒപ്പുവയ്ക്കുന്ന കരാറുകളെക്കുറിച്ചുള്ള സൂചനകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. യുഎസ് നിര്‍മ്മിത സീഹോക് ഹെലികോപ്റ്ററുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളുമടക്കം ദശലക്ഷക്കണക്കിനു കോടി ഡോളറിന്റെ കരാറായിരിക്കും ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവയ്ക്കുക.

ട്രംപിന്‍റെ വരവില്‍ പ്രതീക്ഷയോടെ വ്യവസായ ലോകം

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിൽ പൂർണതോതിലുള്ള വ്യാപാരക്കരാറുണ്ടായില്ലെങ്കിലും‍ പരിമിതമായ ഉഭയകക്ഷി കരാറുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ വ്യവസായ ലോകം. യുഎസിൽനിന്നു കൂടുതൽ നിക്ഷേപങ്ങൾക്കുള്ള വാഗ്ദാനമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

ഉരുക്ക്, അലുമിനിയം ഉൽപന്നങ്ങൾക്കു യുഎസ് ഏർപ്പെടുത്തിയ ഉയർന്ന ഇറക്കുമതിച്ചുങ്കം പിൻവലിക്കുക, ചില ഇനങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്കു മുൻഗണനാ രാഷ്ട്രപദവി തുടരുക, കൃഷി, ഓട്ടമൊബീൽ, ഓട്ടോ പാർട്സ്, എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ നിന്നു കൂടുതൽ ഉൽപന്നങ്ങൾക്കു വിപണി നൽകുക തുടങ്ങിയവയാണ് ഇന്ത്യൻ വ്യവസായ രംഗത്തിന്‍റെ പ്രതീക്ഷകള്‍.

അതെ സമയം, കാർഷിക, ക്ഷീരോൽപന്ന, ഔഷധ, ബൗദ്ധിക സ്വത്തവകാശ, ഇ–കൊമേഴ്സ് മേഖലകളിൽ ഉദാരസമീപനമാണു യുഎസ് ആവശ്യപ്പെടുന്നത്. പാരക്കമ്മി സംബന്ധിച്ചും യുഎസിന് ആശങ്കകളുണ്ട്.

യുഎസിൽ ഇന്ത്യൻ കമ്പനികൾ നിക്ഷേപവും തൊഴിലവസരങ്ങളും വർധിപ്പിച്ച സാഹചര്യത്തിൽ യുഎസിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ കമ്പനികളുമായി ട്രംപ് ചർച്ച നടത്തുമെന്നാണു കരുതുന്നതെന്നുകോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ഡയറക്ടർ ജനറൽ ചന്ദ്രജിത് ബാനർജി പറ‍ഞ്ഞിരുന്നു.

റിലയൻസ് സിഎംഡി മുകേഷ് അംബാനി, ഭാരതി എയർടെൽ ചെയർമാൻ സുനിൽ ഭാരതി മിത്തൽ, ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര, എൽആൻഡ്ടി ചെയർമാൻ ആനന്ദ് മഹീന്ദ്ര, എൽആൻഡ്ടി ചെയർമാൻ എഎം നായിക്, ബയോകോൺ സിഎംഡി കിരൺ മജുംദാർ ഷാ തുടങ്ങി വിവിധ വ്യവസായ പ്രമുഖരുമായി ട്രംപ് ചർ‌ച്ച നടത്തുന്നുണ്ട്.