തിരുവനന്തപുരം:
വ്യക്തികളുടെ കൈവശമുള്ള ഭൂമിയുടെ വിവരങ്ങൾ അടങ്ങിയ തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ ഉത്തവിറക്കി. വിവിധ തണ്ടപ്പേരിലുള്ള ഭൂമികൾ ഒരു നമ്പറിലേക്ക് ക്രോഡീകരിക്കാനാണ് പദ്ധതി. ആർഇഎൽഐഎസ് സോഫ്റ്റ്‌വെയറില്‍ (റെലിസ് സോഫ്റ്റ്‌വെയര്‍) ഭൂവുടമകളുടെ വിവരങ്ങൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള അനുമതി നൽകിക്കൊണ്ടാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്.
ലാന്റ് റവന്യൂ കമ്മീഷണറുടെ ശുപാർശ അംഗീകരിച്ച് ഗവർണറുടെ ഉത്തരവ് പ്രകാരം സംസ്ഥാന റവന്യൂ സെക്രട്ടറിയാണ് ഉത്തരവ് പുറത്ത് വിട്ടത്. പുതിയ നിർദേശം നടപ്പിലാവുന്നതോടെ ഒരാളുടെ പേരിൽ വിവിധ വിലാസങ്ങളിൽ സംസ്ഥാനത്തെവിടെയും രജിസ്റ്റർ ചെയ്ത സ്ഥലങ്ങൾ ഒറ്റ തണ്ടപ്പേരിൽ ഉൾക്കൊള്ളിക്കാനും പരിധിയിലേറെ ഭൂമി കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനും കഴിയുമെന്നാണ് വിലയിരുത്തൽ.
ഉത്തരവ് എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നോ, നിലവിലുള്ള ഭൂവുടമകൾ ആധാർ നമ്പർ ലിങ്ക് ചെയ്യേണ്ടത് എപ്രകാരമാണെന്നോ സംബന്ധിച്ച് വിശദ മാർഗരേഖ പിന്നീട് വരുമെന്നാണ് റവന്യൂ വകുപ്പ് അറിയിക്കുന്നത്. എന്നാല്‍, ആധാര്‍ നിയമം ഭേദഗതി ചെയ്തുകൊണ്ട് സുപ്രീംകോടതി പുറത്തുവിട്ട വിധിയുടെ ലംഘനമാണെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ആധാറും വാദപ്രതിവാദങ്ങളും
“2018ലെ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി പ്രകാരം, സർക്കാർ ആനുകൂല്യങ്ങൾക്കും സബ്സിഡികൾക്കും അല്ലാതെ ആധാർ നിർബന്ധമാക്കാൻ സാധിക്കുകയില്ല. കാരണം, ആധാർ നിയമത്തിന്റെ വകുപ്പ് 7 പരാമർശിക്കുന്നത് സബ്സിഡികളെയും സർക്കാർ ആനുകൂല്യങ്ങളെയും പറ്റി മാത്രമാണ്” നിയമകാര്യ റിപ്പോർട്ടറായ മനു സെബ്സ്റ്റ്യന്‍ റവന്യൂ വകുപ്പിന്‍റെ ഉത്തരവിനു പിന്നാലെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് ബാങ്ക് അക്കൗണ്ടുകളും മൊബൈൽ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കണം എന്ന സർക്കാർ ഉത്തരവുകൾ കോടതി റദ്ദാക്കിയത്. ഇത് സർക്കാർ ഉത്തരവുകൾ വഴി നടപ്പാക്കാൻ സാധിക്കില്ല എന്നും കോടതി പറഞ്ഞിരുന്നു.
ആധാറിനെചൊല്ലി 2013ല്‍ ആരംഭിച്ച വാദപ്രതിവാദങ്ങള്‍ കണക്കിലെടുത്തായിരുന്നു സുപ്രീംകോടതി വിധി. ആധാര്‍ നിയമത്തിന്‍റെ ഭരണഘടനാ സാധുത ശരിവെക്കുമ്പോള്‍ തന്നെ അതിലെ 33(2), 47 വകുപ്പുകളും, 57ാം വകുപ്പിന്‍റെ ഒരു ഭാഗവും സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
രാജ്യ സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിലെ ജോയിന്‍റ് സെക്രട്ടറിയില്‍ കുറയാത്ത പദവിയുള്ള ഉദ്യോഗസ്ഥന്‍റെ നിര്‍ദ്ദേശാനുസരണം വിവരങ്ങള്‍ വെളിപ്പെടുത്താമെന്നതാണ് 33(2) വകുപ്പില്‍ പറഞ്ഞിരുന്നത്. വിവരങ്ങള്‍ ചോര്‍ന്നാല്‍ പരാതിപ്പെടാനുള്ള അവകാശം ആധാര്‍ അതോറിറ്റിക്കു മാത്രമാണന്ന് പറയുന്നതായിരുന്നു 47ാം വകുപ്പ്. ടെലികോം കമ്പനികള്‍ ഉള്‍പ്പെടുന്ന സ്വകാര്യ സ്ഥാപനങ്ങളെ ആധാര്‍ ചോദിക്കാന്‍ അനുവദിക്കുന്നതായിരുന്നു 57ാം വകുപ്പിലെ ഒരു ഭാഗം.
എന്നാല്‍, ആദായ നികുതി നിയമത്തില്‍ ഒരു ഭേദഗതി വരുത്തി വകുപ്പ് 139AA ചേർത്തത് പ്രകാരം ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നതില്‍ തടസ്സമില്ലെന്ന നിയമം അനുശാസിക്കുന്നു. സര്‍ക്കാര്‍ ഉത്തരവിലൂടെ മാത്രമല്ല, ഈ നിയമത്തിന്റെ സാധുത കോടതി ശരി വെയ്ക്കുകയും ചെയ്യും.
ബാങ്ക് അക്കൗണ്ടുകളും മൊബൈൽ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കണം എന്ന് നിഷ്കര്‍ഷിച്ച ഉത്തരവുകൾ റദ്ദാക്കിയ കോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാർ 2019ലാണ് ആധാർ ഭേദഗതി നിയമം കൊണ്ടു വന്നത്. ആദ്യം ഓര്‍ഡിനന്‍സ് ആയി കൊണ്ടു വന്ന ഈ നിയമം പിന്നീട് പാര്‍ലമെന്‍റ് പാസാക്കി. ആ നിയമത്തിലും, ആധാർ-ബാങ്ക് അക്കൗണ്ട്- മൊബൈൽ നമ്പർ ബന്ധിപ്പിക്കൽ നിർബന്ധമാണ് എന്നു പറയുന്നില്ല.
ഈ പശ്ചാത്തലത്തിൽ, ഭൂമി രേഖകളുടെ തണ്ടപ്പേർ ആധാറുമായി നിർബന്ധിതമായി ബന്ധിപ്പിക്കാനുള്ള സർക്കാർ ഉത്തരവ് നില നിൽക്കുന്നതല്ലെന്നും മനു സെബ്സ്റ്റ്യന്‍ കുറിച്ചു.
പരിധിയില്‍ കവിഞ്ഞ് കൈവശമുള്ള ഭൂമി കണ്ടെത്തല്‍
പട്ടയ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരിനെയാണ് “തണ്ടപ്പേര്” എന്ന് വിളിക്കുന്നത്. യുണീക് തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കുന്നതോടെ ഭൂവുടമകൾക്ക് തണ്ടപ്പേരിനൊപ്പം പ്രത്യേക തിരിച്ചറിയൽ നമ്പറും ലഭ്യമാവും. ഇതോടെ ഓരോരുത്തരുടെയും മുഴുവൻ ഭൂവിവരങ്ങളും ഇതുമായി ലിങ്ക് ചെയ്യും.
ഒരാളുടെ പേരിൽ വിവിധ വിലാസങ്ങളിൽ സംസ്ഥാനത്തെവിടെയും റജിസ്റ്റർ ചെയ്ത സ്ഥലങ്ങൾ ഒറ്റ തണ്ടപ്പേരിൽ ഉൾക്കൊള്ളിക്കാനും പരിധിയിലേറെ ഭൂമി കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനും കഴിയുമെന്നാണ് ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്.
ഭൂപരിഷ്കരണ നിയമത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ചുള്ള പരിഷ്കരണങ്ങളുടെ ഭാഗമായാണ് റവന്യൂ വകുപ്പിന്‍റെ നടപടി. നിലവിൽ വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറുമാണു പരമാവധി കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ്.
അധിക ഭൂമി കണ്ടെത്തുക എന്നതിലുപരി, ഇതു പിടിച്ചെടുത്ത് മിച്ചഭൂമിയാക്കി ഭൂരഹിതർക്കു നൽകുക എന്ന ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥ നടപ്പിലാക്കാനും പദ്ധതിയുണ്ട്. കൂടാതെ, ജനങ്ങൾക്കു മെച്ചപ്പെട്ട ഓൺലൈൻ സേവനം, ഭൂരേഖകളിൽ കൂടുതൽ കൃത്യത കൊണ്ടു വരുക എന്നിവയും ലക്ഷ്യമിടുന്നു.
നിലവിൽ സംസ്ഥാനത്തെ ഓരോ വില്ലേജിലെയും ഭൂമി വിവിധ ബ്ലോക്കുകളായാണു തിരിച്ചിരിക്കുന്നത്. ഒരു വ്യക്തിക്ക് ഒരേ വില്ലേജിൽ പല ബ്ലോക്കുകളിൽ ഭൂമിയുണ്ടെങ്കിൽ പോലും തണ്ടപ്പേരുകൾ വ്യത്യസ്തമായിരുന്നു. ഇതിനാണ് ഇനി മാറ്റം വരുക. സംസ്ഥാനത്തു നിലവിൽ 2 കോടി തണ്ടപ്പേരുകളെങ്കിലും ഉള്ളതായാണ് അനുമാനം. ഇതിൽ ഭൂമി വിറ്റൊഴിഞ്ഞ ശൂന്യ തണ്ടപ്പേരുകളും ഉണ്ട്.
യുണീക് തണ്ടപ്പേരായി 12 അക്ക ഐഡിയാകും നൽകുക. ഭൂവുടമയ്ക്കും അല്ലാത്തവർ ഭൂമിയുടെ ഉടമകളാകുമ്പോള്‍ അവര്‍ക്കും നല്‍കും. റെലിസ് സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തിയ ശേഷം വിശദ മാർഗനിർദേശവും ഉത്തരവും ഇറക്കുമ്പോൾ ഭൂമിയുടെ ഭൂമിയുടെ പ്രമാണം, നികുതി രേഖകൾ, ഭൂവുടമയുടെ ആധാർ നമ്പർ എന്നിവ വില്ലേജ് ഓഫിസിൽ ഹാജരാക്കാനാണ് ഭൂവുടമകള്‍ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ആധാർ ലിങ്കിങ് നടപടികൾ നിലവിൽ ഭൂമി റജിസ്ട്രേഷനെ ബാധിക്കില്ല. ആധാർ, പാൻ, വോട്ടർ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ ഏതെങ്കിലും രേഖകളുമായി ഭൂമി ഇടപാട് റജിസ്റ്റർ ചെയ്യാം.