Wed. Nov 6th, 2024
#ദിനസരികള്‍ 1036

 
ഗോവിന്ദനെക്കുറിച്ച് എഴുതുന്ന ഒരു ലേഖനം എം കെ സാനു തുടങ്ങുന്നത് ഇങ്ങനെയാണ്:- പ്രബുദ്ധമനസ്സുകളാണ് എം ഗോവിന്ദന്‍ എന്ന എഴുത്തുകാരനെ ആദ്യമായി ഗൌരവപൂര്‍വ്വം ശ്രദ്ധിക്കുന്നത്. അതിന് നിദാനമായതോ അന്വേഷണത്തിന്റെ ആരംഭം എന്ന ഗ്രന്ഥവുമാണ്. അതെഴുതുന്നതിനുമുമ്പുതന്നെ അദ്ദേഹം കവിതകളും കഥകളും ഉപന്യാസങ്ങളും പ്രകാശിപ്പിച്ചിരുന്നു. അവ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ പരമ്പരാഗതമായി നില നിന്നു പോന്ന ചിന്താരീതികളേയും അവയ്ക്കാധാരമായ മൂല്യസങ്കല്പങ്ങളേയും വെല്ലുവിളിക്കുന്ന ഒരു ധിഷണയുടെ ധീരശബ്ദം അന്വേഷണത്തിന്റെ ആരംഭത്തില്‍ മുഴങ്ങുന്നത് ശ്രദ്ധിക്കാതിരിക്കാന്‍ സാധ്യമാകുമായിരുന്നില്ല. അത്രയ്ക്കു വ്യത്യസ്തവും സമാവര്‍ജ്ജകവുമായിരുന്നു അതിലെ സ്വരവിശേഷം.” ഗോവിന്ദനെ ഏറെക്കുറെ കൃത്യമായിത്തന്നെ സാനുമാഷിന്റെ ഈ വാക്കുകള്‍ അടയാളപ്പെടുത്തുന്നുണ്ട്.

ഈശ്വരന്‍ തന്റെ വലതുകൈയ്യില്‍ പരിപൂര്‍ണ്ണ സത്യവും ഇടതുകൈയ്യില്‍ സത്യാന്വേഷണ തൃഷ്ണയും ഒതുക്കിപ്പിടിച്ച് എന്റെ മുമ്പില്‍ പ്രത്യക്ഷനായി ഇഷ്ടമുള്ളത് തിരഞ്ഞെടുത്തുകൊള്ളുക എന്ന് ആജ്ഞാപിക്കുയാണെങ്കില്‍ താന്‍ സത്യാന്വേഷണതൃഷ്ണയെ സ്വീകരിക്കും എന്ന കാര്യത്തില്‍ ഗോവിന്ദന് സംശയമൊന്നുമില്ല. കാരണം സത്യം എന്താണെന്ന് ആരെങ്കിലും സാക്ഷ്യപ്പെടുത്തി കിട്ടിയാല്‍പ്പിന്നെ അതു സത്യമാണോയെന്ന് സ്വയം അന്വേഷിച്ച് അറിയേണ്ടതില്ലെന്ന നമ്മുടെ ധാരണകളോട് ഗോവിന്ദന് പഥ്യമില്ല. ഗോവിന്ദന്‍ തന്റെ അറിവിന്റേയും അനുഭവത്തിന്റേയും വെളിച്ചത്തിലാണ് കാര്യങ്ങളെ നിശ്ചയിച്ചു പോകുന്നത്. അവിടെ മുന്‍ധാരണകള്‍ക്ക് പ്രസക്തിയൊന്നുമില്ല. എം ഗോവിന്ദനെന്ന ചിന്തകനെ വേറിട്ടു നിറുത്തുന്നതില്‍ ഈ അന്വേഷണത്വരയ്ക്ക് വലിയ സാംഗത്യമുണ്ട്.

നല്ലതു നാടെല്ലാം ചൊല്ലുമെന്ന
ചൊല്ലിനും ചെയ്തിക്കും മഞ്ചല്‍ വേണോ?
പൊയ്ക്കാലില്‍ പൊങ്ങുന്നോരഭ്യാസം
പൊന്നാനിക്കാര്‍ക്കുണ്ടോ പണ്ടുമിന്നും? എന്ന ചോദ്യത്തിലെ പൊന്നാനിക്കാരന്‍ ഗോവിന്ദന്‍ തന്നെയാകുന്നു.

അകത്തു ചെന്നു തൊടാത്ത ഒരഭ്യാസത്തോടും ഗോവിന്ദന് പ്രതിപത്തിയില്ല. അല്പകാലത്തേക്കുള്ള അഭിനിവേശങ്ങളെന്നല്ലാതെ സ്ഥായിയായ മൂല്യങ്ങളെന്തെങ്കിലും അത്തരം കെട്ടിയെഴുന്നള്ളിക്കലുകളിലുണ്ടെന്ന ഭാവം ഗോവിന്ദനില്ല. അതുകൊണ്ടുതന്നെ പൊയ്ക്കാലുകളില്‍ പൊങ്ങിക്കളിക്കുന്ന അത്തരം ലാലസങ്ങളെ അദ്ദേഹമൊട്ടും തന്നെ ലാളിക്കാറുമില്ല.

ഇനി ഇവിടെ മനുഷ്യനെന്നാല്‍
ഇനിമ കൂറും വെറും വാക്കല്ല
കരുത്തും കവിതയുമൊത്തു വിത –
ച്ചധികാരവുമാര്യനുമരിവാള്‍പ്പാട്ടിലാക്കാന്‍
മുതിരുന്നവരുടെ വരവല്ലോ നാം കാണുന്നു – ആ വരവിനൊരു ദര്‍ശനമുണ്ടെന്നുകൂടി ഗോവിന്ദന്‍‌ കരുതിവെയ്ക്കുന്നുണ്ട്.
ചോര തിളയ്ക്കാത വീറ്
ചോദ്യം വേവാത്ത തലച്ചോറ്
ചോറ് ചെല്ലാത്ത വയറ്
ചേറ് ഊറ്റാത്ത നെറ്റിക്കീറ്
വേറൊന്നും കൂടി ചങ്ങാതി
കൂറ് ഉറവാകാത്ത മാറ്
നാളെയുമിവയുണ്ടെങ്കില്‍
നാടും വീടും ചീഞ്ഞു നാറും
ആരു ഭരിച്ചാലും ശരി
ആരു മരിച്ചാലും ശരി – എന്നെഴുതിയ ഗോവിന്ദന്‍ ഇന്നും – എന്നും – എത്ര പ്രസക്തനാണ് എന്ന് ചിന്തിക്കുക.
വാക്കുകളെഴുത്താണിത്തുമ്പില്‍
നാക്കു തുറിച്ചു ചാവുമ്പോള്‍
മരിക്കുന്നു മകനേ, മറ്റൊന്നും
സ്വാതന്ത്ര്യം, എന്റേയും നിന്റേയും – എന്നു ഗോവിന്ദനെഴുതിയതുകൂടി നാം മറക്കാതിരിക്കുക.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.