Sat. Apr 27th, 2024
കൊച്ചി:

സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവർക്കായി അങ്കമാലി നഗരസഭയിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയം ശനിയാഴ്‌ച വൈകിട്ട് അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. അങ്കമാലി നഗരസഭ  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി 27 ലക്ഷം രൂപ ചെലവിലാണ് ഫ്ലാറ്റ് നിർമിച്ചത്. മേനാച്ചേരി പാപ്പു–ഏല്യാ ദമ്പതികൾ സൗജന്യമായി നൽകിയ 15 സെന്റ് സ്ഥലമാണ് ഇതിനായി ഉപയോഗിച്ചത്. 7,500 ചതുരശ്രയടി വിസ്തീർണത്തിലാണ് നിർമാണം.12 ഫ്ലാറ്റുകളാണ്  കെട്ടിടത്തിലുള്ളത്. ഭൂരഹിത ഭവനരഹിതരായി 99 പേരാണ് നഗരസഭയുടെ പട്ടികയിലുള്ളത്. ഇതിൽ 12 പേർക്കാണ് ആദ്യഘട്ടത്തിൽ ഫ്ലാറ്റുകൾ കൈമാറുന്നത്. സ്ഥലം ലഭിക്കുന്നതനുസരിച്ച് ബാക്കിയുള്ളവർക്കും ഫ്ലാറ്റ് നിർമിച്ച് നൽകാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.