Sat. Apr 27th, 2024
തിരുവനന്തപുരം:

“അതെ, ഞങ്ങളോര്‍ക്കുന്നു…ഹിന്ദുത്വ തീവ്രവാദികളാണ് ഗാന്ധിയെ വധിച്ചത്…അത് ഞങ്ങള്‍ എന്നും ഓര്‍മ്മിക്കും, ഒരിക്കലും മറക്കില്ല. ഘാതകരെ മഹത്വവല്‍ക്കരിക്കുന്ന കാലത്താണ് ബജറ്റ് അവതരിപ്പിക്കുന്നത്. അത് ഒര്‍മ്മപ്പെടുത്താനാണ് ഗാന്ധി വെടിയേറ്റുവീഴുന്ന ചിത്രം ബജറ്റിന്‍റെ കവറാക്കിയത്”- ബജറ്റ് അവതരണത്തിനു ശേഷം ധനമന്ത്രി തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിവ.

2020-2021 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റിന്റെ കവര്‍ ഫോട്ടോയായ വെടിയേറ്റു കിടക്കുന്ന ഗാന്ധി ചര്‍ച്ചാ വിഷയമാവുകയാണ്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ അതേപടി ആലേഖനം ചെയ്യുകയാണ് വെടിയേറ്റ ഗാന്ധിയുടെ ചിത്രം. വർഗീയതയ്‌ക്കെതിരെ പോരാടി ധീര രക്തസാക്ഷിത്വം വഹിച്ച മഹാത്മാ ഗാന്ധിയെ ബജറ്റ് പ്രസംഗത്തിന്‍റെ പുസ്തക രൂപത്തിന് മുഖചിത്രമാക്കിയത് കേരളത്തിന്‍റെ നിലപാട് പറയാതെ പറയുന്ന വ്യവസ്ഥയായിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ അ‍ഞ്ചാമത്തേതും, ധനമന്ത്രി ടിഎം തോമസ് ഐസക്കിന്‍റെ പതിനൊന്നാമത്തേതുമായ ബജറ്റ് അവതരണം തുടങ്ങിയതു തന്നെ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററുമൊക്കെ ഉദ്ധരിച്ചായിരുന്നു. രാജ്യത്തെ സാമ്പത്തിക ഞെരുക്കങ്ങള്‍ക്കും ദുരിതങ്ങള്‍ക്കുമപ്പുറം പൗരത്വമാണ് ഇപ്പോള്‍ ജനജീവിതത്തെ ബാധിക്കുന്ന പ്രധാന കാരണമെന്നായിരുന്നു മന്ത്രി ആമുഖ പ്രസംഗത്തില്‍ പറഞ്ഞത്.

ഇന്ത്യന്‍ സ്വാതന്ത്ര സമരത്തെപോലും നാടകമെന്ന് വിശേഷിപ്പിക്കുന്ന ഈ കാലത്ത് കാവി വല്‍ക്കണത്തിന് പ്രഹരമേല്‍പ്പിക്കുന്ന ഈ ചിത്രം സാമൂഹിക മാധ്യമങ്ങള്‍ ഇതിനു മുമ്പേ തന്നെ ഏറ്റെടുത്തതാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധത്തിന് മൂര്‍ച്ച കൂട്ടുകയാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന മഹാത്മാവ്.

‘ഡെത്ത് ഓഫ് ഗാന്ധി’ ക്കു പിന്നിലെ കൈകള്‍

മൂവാറ്റുപുഴ സ്വദേശിയായ ചിത്രകാരൻ ടോം വട്ടക്കുഴി എന്ന പേര് ആര്‍ക്കും സുപരിചിതമല്ല, എന്നാല്‍ രാജ്യത്ത് പ്രശസ്തരും അപ്രശസ്തരുമായ പലരും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ‘ഡെത്ത് ഓഫ് ഗാന്ധി’ എന്ന കലാസൃഷ്ടിയുടെ കര്‍ത്താവാണ് ഇദ്ദേഹം.

രാഷ്ട്രപിതാവിന്റെ മരണം എങ്ങനെയായിരുന്നു എന്ന ഓർമപ്പെടുത്തൽ വളരെയധികം ആവശ്യമാണെന്ന് തോന്നിയിടത്തു നിന്നാണ് ഈ ചിത്രം പിറക്കുന്നത്. ഇരുപത്തഞ്ചോളം സ്കെച്ചുകൾ തയാറാക്കിയ ശേഷമാണ് ചിത്രത്തിന്‍റെ അന്തിമ രൂപത്തിലേക്ക് ടോം എത്തുന്നത്.

ഗ്വാഷ് മീഡിയത്തില്‍ തയ്യാറാക്കിയ ചിത്രം കഴിഞ്ഞ വർഷം ജൂലൈ മാസത്തിലാണ് പൂര്‍ത്തിയായത്. പിന്നീട് ടോം തന്നെ തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവയ്ക്കുകയായിരുന്നു. എന്നാല്‍ പ്രതിക്ഷകള്‍ക്ക് അതീതമായ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. 6800 ആളുകള്‍ ടോം വട്ടക്കുഴിയുടെ സമൂഹമാധ്യമത്തിലെ പേജിൽനിന്ന് മാത്രം ചിത്രം ഷെയർ ചെയതു.

ഒരുപാട് തയാറെടുപ്പിനുശേഷമാണ് ചരിത്ര വിഭാഗത്തിലുള്ള ഈ ചിത്രം പൂര്‍ത്തീകരിച്ചതെന്ന് ടോം വട്ടക്കുഴി പറയുന്നു. മാസങ്ങള്‍ നീണ്ട പഠനങ്ങള്‍ നടത്തുകയും, ഗാന്ധിയുടെ ചുറ്റുമുള്ള ജനങ്ങളുടെ മുഖഭാവങ്ങളില്‍ പോലും വിനിമയം ചെയ്യപ്പെടുന്ന ആശയത്തിന്‍റെ തീവ്രത കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

കേരളസർക്കാർ അടുത്തിടെ പ്രസിദ്ധീകരിച്ച ഗാന്ധിജിയുടെ എഴുപതാം രക്തസാക്ഷിത്വവാർഷിക ഓർമപുസ്തകത്തിന്റെ കവർ ചിത്രമായും ഈ പെയിന്റിങ് ഉപയോഗിച്ചിരുന്നു. ഗാന്ധിജിയുടെ 72-ാം രക്തസാക്ഷി ദിനത്തില്‍ രാഹുല്‍ ഗാന്ധിയും വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറുമുള്‍പ്പെടെ പതിനായിര കണക്കിന് ആള്‍ക്കാര്‍ ചിത്രം പ്രചരിപ്പിക്കുകയും ചെയ്തു.

യാഥാര്‍ത്ഥ്യത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം

ബ്രിട്ടീഷുകാരുടെ സമ്മതത്തോടെയും അനുവാദത്തോടെയും അരങ്ങേറിയ നാടകമാണ് സ്വാതന്ത്ര്യസമരമെന്നു പറയുകയും, ഗാന്ധിജിയെ മഹാത്മാവെന്ന് വിളിക്കുന്നതിനെ ചോദ്യംചെയ്യുകയും ചെയ്ത കാലമാണിത്.

“രാജ്യത്തുനടന്ന സ്വാതന്ത്ര്യസമരം സത്യസന്ധമല്ലാത്ത പോരാട്ടമായിരുന്നു. അതൊരു ഒത്തുകളിയായിരുന്നു. ഇവർക്കാർക്കെങ്കിലും പോലീസിന്റെ ലാത്തിയടി കിട്ടിയിട്ടുണ്ടോ? മഹാത്മാഗാന്ധിയുടെ നിരാഹാരസമരവും സത്യാഗ്രഹവും നാടകമാണ്” ബെംഗളൂരുവിൽനടന്ന ഒരു പൊതുപരിപാടിയില്‍ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനന്തകുമാർ ഹെഗ്‌ഡെ എംപിയുടെ വാക്കുകളാണിവ.

 

രാഷ്ട്രീയക്കാരനാവാനും ജനപ്രതിനിധിയാകാനും അനന്തകുമാറിന് യോഗ്യതയില്ലെന്നും അദ്ദേഹത്തിന് മാനസികനില തെറ്റിയിരിക്കുകയാണെന്നും പറഞ്ഞായിരുന്നു കോണ്‍ഗ്രസ്സ് നേതൃത്വം ഈ പ്രസ്താവനയെ പ്രതിരോധിച്ചത്. പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും പാർട്ടിയും ആർഎസ്എസും മഹാത്മാഗാന്ധിയെ വലിയ ബഹുമാനത്തോടെയാണ് കാണുന്നതെന്നും പറഞ്ഞ് ബിജെപി വക്താവ് ജി മധുസുദൻ പാര്‍ട്ടിയുടെ മുഖം രക്ഷിച്ചു.

ഗാന്ധിജിയെക്കുറിച്ചുള്ള ഓര്‍മ്മകളും സ്മരണകളും ചരിത്ര വസ്തുക്കളും വളരെ ബോധപൂര്‍വ്വം ഇന്ത്യന്‍ മനസ്സുകളില്‍ നിന്ന് മാറ്റാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. താന്‍ ഈ അടുത്തകാലത്ത് ന്യൂഡല്‍ഹിയിലെ ഗാന്ധി സ്മൃതി(ബിര്‍ലാ ഹൗസ്) ന്ദര്‍ശിച്ചപ്പോള്‍ ഗാന്ധിജിയുടെ അവസാന ചിത്രങ്ങള്‍, പ്രത്യേകിച്ച് അദ്ദേഹം വെടിയേറ്റ് വീണ അവസാന നിമിഷങ്ങളിലെ ചിത്രങ്ങള്‍ നീക്കം ചെയ്തതായി കാണുന്നുവെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.

ലോക പ്രശസ്ത ഫോട്ടോഗ്രാഫറായ ഹെന്റി കാര്‍ട്ടിയര്‍ ബ്രസന്‍ എടുത്ത ഫോട്ടോകളാണ് ഗാന്ധി സ്മൃതിയില്‍ നിന്ന് അപ്രത്യക്ഷമാവുകയും അതിനു പകരം അതിനുപകരം വേറെ ചിത്രങ്ങല്‍ വയ്ക്കുകയും ചെയ്തു. ഇപ്പോള്‍ മ്യൂസിയം സന്ദര്‍ശിക്കുന്നവര്‍ക്ക് ഗാന്ധിജിയുടെ അവസാന നാളിനെക്കുറിച്ച് അറിവ് നല്‍കാന്‍ കഴിയുന്ന ചരിത്ര രേഖകളൊന്നുമില്ലെന്നായിരുന്നു തുഷാര്‍ ഗാന്ധിയുടെ പരാമര്‍ശം.

മഹാത്മാ ഗാന്ധിയെ ആര്‍എസ്എസുകാരനായ നാഥുറാം വിനായക് ഗോഡ്സെ വെടിവച്ചു കൊന്നതാണെന്ന പൊതു സത്യത്തെ മറച്ചു വയ്കക്കാനുള്ള പല ശ്രമങ്ങളും രാജ്യത്ത് നടന്നിട്ടുണ്ട്. ഗുജറാത്തിലെ സ്വകാര്യ സ്കൂളിലെ പരീക്ഷയ്ക്ക് ഗാന്ധിജി എങ്ങനെയാണ് “ആത്മഹത്യ” ചെയ്തതെന്ന് വിശദീകരിക്കാനുള്ള ചോദ്യപേപ്പര്‍ നല്‍കിയത് ഇതിനൊരു ഉദാഹരണമാണ്.

ഗാന്ധി ഭവന് മുന്നിലുള്ള പോസ്റ്ററില്‍ രാജ്യദ്രോഹി എന്ന് എഴുതി വച്ചതും, അംറേലി ജില്ലയിലെ ഹരികൃഷ്ണ തടാകത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഗാന്ധി പ്രതിമ തകര്‍ത്തതും, മധ്യപ്രദേശിലെ റേവയിലുള്ള ഗാന്ധിഭവനില്‍ സൂക്ഷിച്ചിരുന്ന ഗാന്ധിയുടെ ചിതാഭസ്മം മോഷ്ടിക്കപ്പെട്ടതും വിവാദമായിരുന്നു.

നവോത്ഥാന ബജറ്റ് കവറിലെ അയ്യങ്കാളിയും പഞ്ചമിയും

ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ച 2019-2020 സാമ്പത്തിക വര്‍ഷത്തെ നവോത്ഥാന ബജറ്റിന്‍റെ കവറില്‍ അയ്യങ്കാളി, പഞ്ചമി ചിത്രമാണ് അതിജീവന മുഖമായത്. ശബരിമല സ്ത്രീ പ്രവേശനവും, നവോത്ഥാന മൂല്യങ്ങളും ചര്‍ച്ചാ വിഷയമായ അന്നത്തെ അന്തരീക്ഷത്തില്‍ സ്ത്രീകൾ വരച്ച ചിത്രങ്ങളാകണം ബജറ്റ് രേഖകൾക്കു നൽകുന്ന കവർചിത്രങ്ങളായി നൽകേണ്ടത് എന്നതായിരുന്നു തീരുമാനം. ഇതിന്‍റെ അടിസ്ഥാനത്തില്‍ പിഎസ് ജലജ വരച്ച ചിത്രമായിരുന്നു തിരഞ്ഞെടുത്തത്.

“ഇത്തവണ ബജറ്റ് പ്രസംഗത്തിൻ്റെ കവർ എന്തായിരിക്കണം? അന്വേഷണം അവസാനിച്ചത് പി എസ് ജലജ വരച്ച അയ്യങ്കാളി, പഞ്ചമി ചിത്രത്തിലാണ്. ചിത്രം കണ്ടപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. നമ്മുടെ നവോത്ഥാനനായകരിൽ പ്രമുഖ സ്ഥാനം അദ്ദേഹത്തിനുണ്ട്. മാത്രമല്ല, സ്ത്രീകൾ വരച്ച ചിത്രങ്ങളാകണം ബജറ്റ് രേഖകൾക്കു നൽകുന്ന കവർ ചിത്രങ്ങളായി നൽകേണ്ടത് എന്നും തീരുമാനിച്ചിരുന്നു. ഗോഡ്ഫ്രേ ദാസ് നന്നായി കവർ ഡിസൈനും നിർവഹിച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ”- കഴിഞ്ഞ വര്‍ഷത്തെ കവര്‍ ചിത്രത്തെക്കുറിച്ച് ധനമന്ത്രി പറഞ്ഞത് ഇങ്ങനെയായിരുന്നു.

“സിഎഎയും എന്‍ആര്‍സിയും രാജ്യത്തിന് ഭീഷണിയാണ്. തെരുവിലിറങ്ങിയ യുവാക്കളിലാണ് പ്രതീക്ഷ. രാജ്യം അസാധാരണ വെല്ലുവിളി നേരിടുന്ന കാലമാണ്. സംസ്ഥാനത്തിന്റെ അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു” ഇങ്ങനെയായിരുന്നു ധനമന്ത്രി ഇത്തവണ ബജറ്റവതരണം തുടങ്ങിയത്.

പൗരത്വനിയമത്തിെലന്ന പോലെ എല്ലാ മേഖലകളിലും സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുകയാണ് കേന്ദ്രസർക്കാർ. ഇന്ത്യൻ ഭരണഘടനയുടെ ഫെഡറൽ സ്വഭാവം അനുദിനം കൈയ്യൊഴിയപ്പെടുന്നു. ഏഴാം ഷെഡ്യൂളിനെ തന്നെ അപ്രസക്തമാകുന്ന രീതിയിൽ സംസ്ഥാന വിഷയങ്ങളിലുള്ള കേന്ദ്രത്തിന്‍റെ കൈയ്യേറ്റം സാർവ്വ്രതികമായിരിക്കുകയാണ്. എക്സിക്യുട്ടീവ് അധികാരവും ദുർവിനിേയാഗം ചെയ്യപ്പെടുന്നു.

ജിഎസ്ടിയും നിർദ്ദിഷ്ട ധന ഉത്തരവാദിത്വനിയമവും പതിനഞ്ചാം ധനകാര്യ കമ്മീഷനും സംസ്ഥാനങ്ങളുടെ ധനപരമായ സ്വാതന്ത്ര്യത്തെ പൂർണ്ണമായും കവർന്ന മട്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, “ബിജെപി-ആര്‍എസ്എസ് സംഘത്തിന്‍റെ വര്‍ഗീയ ഭരണത്തെ ഞങ്ങള്‍ എതിര്‍ക്കുന്നു. അതെസമയം, ഗാന്ധിജി വെടിയേറ്റു വീഴുന്ന ചിത്രം ബജറ്റ് രേഖയുടെ മുഖചിത്രമാക്കേണ്ടിയിരുന്നില്ല” എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ഗാന്ധി ഹിംസ കവര്‍ ചിത്രമാകുമ്പോള്‍ ഇന്ത്യന്‍ സംസ്കാരത്തിന്‍റെ മഹാത്മ്യം വിളിച്ചോതുന്നു എന്നതിലുപരി നഷ്ടപ്പെട്ട് പോകുന്ന സാമൂഹിക മൂല്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. സാമകാലിക സാഹചര്യങ്ങള്‍ അവലോകനം ചെയ്തുള്ള ഇത്തരം ചിത്രങ്ങള്‍ ബജറ്റ് രേഖയുടെ കവറാകുമ്പോള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ല എന്നതാണ് മറ്റൊരു വസ്തുത. ചരിത്രം ചിത്രമാകുമ്പോള്‍ മറന്നുപോയ ഭൂതകാലം കണ്ണുകളിലെങ്കിലും തിരിച്ചു വരട്ടെ.