Fri. Nov 22nd, 2024
#ദിനസരികള്‍ 1024

എവിടെ നിന്നോ ഒരു ദുര്‍ഗന്ധം പടരുന്നു.
അതെ, ഉണ്ട് പടരുന്നുണ്ട്,
ഒരു ദുര്‍ഗന്ധം വല്ലാതെ പടരുന്നുണ്ട്.
കട്ടിലിന്റെ അടിയില്‍ നോക്കി –
കിടക്കയും തലയിണയും താഴെ വലിച്ചിട്ടു.
പുതപ്പുകള്‍ കഴുകാനായി പുറത്തേക്ക് എറിഞ്ഞിട്ടു –
ഇല്ല , ഒന്നും കാണാനില്ല, പക്ഷേ മണം –
മണത്തു മണത്തു വിടാതങ്ങനെ.

തട്ടിന്‍പുറത്തൊന്ന് കയറിനോക്കി.
വെളിച്ചം കുറവുള്ളിടങ്ങളിലേക്ക് –
ടോര്‍ച്ച് മിന്നിച്ചു.
മൂലയില്‍ നിന്നും മൂലയിലേക്ക്
എന്നെ ഞെട്ടിച്ചുകൊണ്ട് ഒരെലി കുതിച്ചു പാഞ്ഞു.
ഒന്ന് ഞെട്ടിയ ഞാന്‍ –
“ശപ്പന്‍ ഭീരൂ” എന്ന് സ്വയം ശാസിച്ചു.
നിങ്ങളെലികളോ മാനുഷരോ എന്ന് ചോദിച്ച
എന്‍ വിയുടെ എലികള്‍ എന്നെ കരണ്ടു.
ഒരു ചിരിയോടെ ഞാന്‍ പതിയെ ചൊല്ലി
“അന്നു തുണിയില്‍പ്പൊതിഞ്ഞൊരീ മാറിടം
പൊങ്ങി,യുരുണ്ടു, മിനുത്തിരുന്നു.
നിങ്ങള്‍ ചവയ്ക്കും മുലക്കണ്ണൊരു പൈതല്‍
കുഞ്ഞിളം ചുണ്ടാല്‍ നുകര്‍ന്നിരുന്നു
മുക്കാലും നാം തിന്നാ മുക്കില്‍ക്കിടക്കുന്നി
തക്കിടാവിന്റെയിളം ശരീരം”

മണക്കാനുള്ളതൊന്നും തട്ടിന്‍പുറത്തുണ്ടായിരുന്നില്ല
ഞാന്‍ തിരിച്ചിറങ്ങി

അടുത്ത മുറിയിലും
അടുത്ത മുറിയിലും
അടുത്ത മുറിയിലും
കയറി നോക്കി.
അടുക്കളയില്‍
അലമാറയില്‍
അങ്ങനെയങ്ങനെ
വീടാകെ അരിച്ചുനോക്കി.
മുറ്റം, തൊടി, കിണര്‍വശം, തൊഴുത്ത്
പുല്‍‌ത്തൊട്ടി.
പുറമാകെ ചിതറി നോക്കി
ഇല്ല, ഒന്നുമില്ല
എല്ലാം ശുദ്ധം നിര്‍മ്മലം,

പക്ഷേ ഒരു ചീഞ്ഞ ഗന്ധം അസഹ്യമായി പെരുകുന്നുണ്ട്.

ഒരു നിമിഷം കസേരയിലിരുന്നു
കണ്ണുകളടച്ചു,
ചെവികളടച്ചു,
വായയുമടച്ചു,
മണത്തിനു വേണ്ടി മൂക്കുകൂര്‍പ്പിച്ച് ശ്രദ്ധാലുവായി –
ദുര്‍ഗന്ധം കുറഞ്ഞു വരുന്നുണ്ട്.
വളരെ വളരെ കുറഞ്ഞു വരുന്നുണ്ട്.

ഞാന്‍ സ്വസ്ഥനായി.
അടുത്തിരുന്ന ചരിത്ര പുസ്തകം കൈയ്യിലെടുത്തു –

1915
1925
1948
1992
പൊടുന്നനെ മനുഷ്യന്‍ കരിയുന്ന കെട്ട ഗന്ധം
എന്റെ മൂക്കിലേക്ക് തുളച്ചു കയറി.

ഞാന്‍ വായിച്ചത് ഉച്ചത്തിലായിരുന്നു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.