Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ മൂന്നു തവണയായി രാജ്യതലസ്ഥാനത്ത് മുഴങ്ങിയ വെടിയൊച്ചകള്‍ വഴി തുറക്കുന്നത് ചില ഗൂഢ നീക്കങ്ങളിലേക്കാണ്. ഈ മാസം എട്ടിന് നടക്കാനിരിക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേട്ടം കൊയ്യലാണ് ഈ വെടിവെപ്പുകളും, വെറുപ്പിന്‍റെ വിത്തിടലും കൊണ്ട് ഭരണാധികാരികള്‍ അര്‍ത്ഥമാക്കുന്നതെന്ന് അനുമാനിക്കാം.

ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് കഷ്ടിച്ച് 11 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന ഷാഹീന്‍ ബാഗിലും, ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലും, നടന്ന വെടിവെപ്പ് ജനാധിപത്യ മാര്‍ഗത്തില്‍ അധികാരത്തില്‍ വന്ന ഒരു സര്‍ക്കാര്‍ നേതൃത്ത്വത്തിന് ചേര്‍ന്നതല്ല. 

ഗോലി മാരോ സംഘം വിദ്യാര്‍ത്ഥികള്‍ക്കും പ്രതിഷേധക്കാര്‍ക്കും നേരെ വെടിവെച്ചത് മൂന്നു തവണയാണ്. മഹാത്മാ ഗാന്ധിയെ നാഥുറാം ഗോഡ്‌സെ വെടിവച്ചു കൊന്നതിന്റെ വാര്‍ഷിക ദിനത്തില്‍ രാജ്ഘട്ടിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ബജ്‌രംഗ്ദള്‍ അനുയായിയെന്ന് അവകാശപ്പെട്ട 17-കാരന്‍ ആദ്യം വെടിവെക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരമുഖത്ത്, ശക്തമായ ഷാഹീന്‍ ബാഗിലെ പ്രതിഷേധവും ഉണ്ടകൊണ്ട് നേരിടാനായിരുന്നു രണ്ടാം പദ്ധതി. പ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെയാണ് ആക്രമിക്കാനെത്തിയ കപില്‍ ഗുജ്ജാര്‍ എന്നയാള്‍ രണ്ടുവട്ടം വെടിയുതിര്‍ത്തത്.

അതിനു ശേഷം, ഞായറാഴ്ച രാത്രി ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയുടെ അ‍ഞ്ചാം നമ്പര്‍ ഗെയിറ്റില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘം വെടിയുതിര്‍ത്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും വളരെ കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നത് വ്യക്തം. 

ജനാധിപത്യം നല്‍കുന്ന അവകാശം ഉപയോഗിച്ച് സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ അക്രമം അഴിച്ചു വിടാനും അവരെ ദേശവിരുദ്ധരായി ചിത്രീകരിക്കാനും ഒറ്റപ്പെടുത്താനും ഉള്ള ശ്രമങ്ങള്‍ തടയാതിരിക്കുന്നത്, ഭരണഘടനയുടെ അടിസ്ഥാനത്തില്‍ അധികാരത്തില്‍ വന്നിട്ടുള്ള ഒരു സര്‍ക്കാരിന് ചേര്‍ന്നതല്ല. 

പ്രേരിപ്പിക്കുന്ന പരാമര്‍ശങ്ങള്‍

പാര്‍ട്ടി അനുയായികളെ ആക്രമണത്തിന് പ്രേരിപ്പിക്കുന്ന അപ്രഖ്യാപിത നയമാണ് നടപ്പിലായിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര ധനസഹമന്ത്രി അനുരാഗ് താക്കൂര്‍, ബിജെപിയുടെ മോഡല്‍ ടൗണ്‍ സ്ഥാനാര്‍ത്ഥി കപില്‍ മിശ്ര, ബിജെപിയുടെ വെസ്റ്റ് ഡല്‍ഹി എംപി പര്‍വേഷ് സാഹിബ് സിംഗ് വര്‍മ തുടങ്ങിയവര്‍ ഷഹീന്‍ ബാഗ് പ്രതിഷേധക്കാര്‍ക്ക് നേരെ നടത്തുന്ന പരാമര്‍ശങ്ങള്‍ പാര്‍ട്ടി അനുയായികളെ അക്രമത്തിന് പ്രേരിപ്പിക്കുന്നവ തന്നെയാണ്.

പറഞ്ഞിട്ട് കേള്‍ക്കാത്തവരെ വെടി വച്ച് കേള്‍പ്പിക്കുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആദിത്യ നാഥ് പറ‍ഞ്ഞത് ഒന്നും മുന്നില്‍ കാണാതെയാവില്ല. ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന ഭീകരവാദികളാണെന്നും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഈ ഭീകരര്‍ക്ക് ബിരിയാണി വച്ചു നല്‍കുകയാണെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു. 

ആളുകളെ വെടിവച്ചു കൊല്ലാന്‍ പരസ്യമായി ആഹ്വാനം ചെയ്യുകയും ഡല്‍ഹിയില്‍ വെടിയുതിര്‍ക്കുകയും ചെയ്തവര്‍ക്ക് നേരെ കടുത്ത ശിക്ഷകള്‍ ഒന്നും ചുമത്താത്തതാണ് മുഴച്ചു നില്‍ക്കുന്ന വൈരുദ്ധ്യം. ഇതിനു പുറമെ രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്നതിനെ ചോദ്യം ചെയ്തവരെ, രാജ്യദ്രോഹികളായും തുക്‌ടേ തുക്‌ടേ ഗ്യാംങ്ങായും ചിത്രീകരിക്കാന്‍ ത്വര ഏറെയുണ്ടുതാനും.

ഡല്‍ഹിയിലെ തെരുവുകളില്‍ തോക്കുമായി കറങ്ങുന്ന അക്രമികള്‍ മുന്നോട്ടു വയ്ക്കുന്ന അരാജക സമൂഹത്തിന്‍റെ മിഥ്യാ ധാരണകളാണ് കായികബലം കാണിച്ചും ഭീഷണിപ്പെടുത്തിയും പ്രതിഷേധങ്ങളെ ഇല്ലാതാക്കാം എന്നത്. പവിത്രമായ ഇന്ത്യന്‍ സംസ്കാരത്തിന് മങ്ങലേല്‍ക്കുമ്പോള്‍ പ്രതികരിക്കുന്നവരെ മതഭ്രാന്തന്‍മാരായി മുദ്ര കുത്തുന്നത് ഭീരുത്വമാണ്. 

ഏതു വിഷയത്തിലും പ്രതികരിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള അവകാശം ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭരണഘടന നല്‍കുന്നുണ്ട്. അതിനെ അടിച്ചമര്‍ത്താനും അവരെ വില്ലന്മാരായി ചിത്രീകരിക്കാനുമുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണം. പ്രതിഷേധിക്കുന്ന ജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള ഭരണഘടനാ ബാധ്യതയാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യേണ്ടത്.

വെറുപ്പിന്‍റേയും, വിദ്വേഷത്തിന്‍റെയും നൂലില്‍ കോര്‍ത്തെടുക്കുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിച്ച്, അണികളെ അക്രമത്തിലേക്ക് അഴിച്ചു വിടുന്ന അജണ്ട മാറ്റിവച്ച് പ്രവര്‍ത്തിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണം. സര്‍ക്കാരില്‍ നിന്നുള്ള ക്രിയാത്മക പ്രതികരണങ്ങള്‍ക്ക് രാജ്യത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ കഴിയും.