Sat. Apr 27th, 2024
മുംബൈ:
ഓഹരി വിപണിയുടെ ദീപാവലി അവസാനിക്കുന്നില്ല. മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികൾക്ക് കേന്ദ്രം പ്രഖ്യാപിച്ച 25,000 കോടിയുടെ സഹായ പദ്ധതിയുടെയും യുഎസ്– ചൈന വ്യാപാര ചർച്ചകളിൽ നിഴലിക്കുന്ന പുരോഗതിയുടെയും ബലത്തിൽ ഓഹരി വിപണി കുതിച്ചു. മുംബൈ ഓഹരി സൂചിക ബിഎസ്ഇ സെൻസെക്സ് പുതിയ ഉയരം കണ്ടെത്തി.

ദേശീയ ഓഹരി സൂചിക നിഫ്റ്റി 12,000 പോയിന്റ് എന്ന കടമ്പ പിന്നിട്ടു.  സെൻസെക്സ് 183.96 ഉയർന്ന് 40,653.74 പോയിന്റിൽ ക്ലോസ് ചെയ്തു. മെറ്റൽ, എനർജി, ബാങ്കിങ് ഓഹരികളാണ് കുതിപ്പിനു പിന്നിൽ. എൻഎസ്ഇ നിഫ്റ്റി 46 പോയിന്46 പോയിന്റ് ഉയർന്ന് 12,012.05 ആണ് ക്ലോസ് ചെയ്തത്. ഈ വർഷം ജൂൺ നാലിനു ശേഷം ആദ്യമായാണ് സൂചിക 12,000 പിന്നിടുന്നത്.

ബിഎസ്ഇ എനർജി, മെറ്റൽ, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ്, ടെലികോം, ഹെൽത്കെയർ ഇൻഡക്സുകൾ ഒരു ശതമാനത്തിന് അടുത്തു വരെ നേട്ടമുണ്ടാക്കിയപ്പോൾ ഓയിൽ ആൻഡ് ഗ്യാസ്, കാപ്പിറ്റൽ ഗുഡ്സ്, യൂട്ടിലിറ്റീസ് ഓട്ടോ ഇൻഡക്സുകൾ 0.26% വരെ നഷ്ടത്തിലായിരുന്നു.  ഷാങ്ഹായ്, ഹോങ്കോങ്, ടോക്യോ, സോൾ ഓഹരി വിപണികളെല്ലാം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. യുഎസ്–ചൈന വ്യാപാര ബന്ധത്തിലെ സംഘർഷം ഒഴിവാകുന്നു എന്ന പ്രതീക്ഷയായിരുന്നു ഇതിനു കാരണം.