ദില്ലി:
ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വമ്പിച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. ബിജെപിയെ പോലും ഞെട്ടിക്കുന്ന തരത്തിലായിരുന്നു ഇരു സംസ്ഥാനങ്ങളിലെയും പ്രകടനം. എന്നാൽ പാർട്ടിയുടെ ശക്തമായ തിരിച്ചുവരവിനെ കുറിച്ച് ഒരു വാക്ക് പോലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചില്ല. മറ്റു കോൺഗ്രസ് നേതാക്കളെല്ലാം പ്രതികരിച്ചപ്പോൾ കോൺഗ്രസിൻറെ മുൻ അധ്യക്ഷൻ കൂടിയായ രാഹുൽ മൗനം പാലിക്കുകയാണ് ചെയ്യുന്നത്.
ഫലങ്ങളിൽ സന്തോഷമുണ്ടെന്ന് റായ് ബറേലിയിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും കോൺഗ്രസിന്റെ മുന്നേറ്റത്തിൽ സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഹരിയാനയിലെ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുമായി സോണിയ ഗാന്ധി സംസാരിച്ചിരുന്നു. എന്നാൽ മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ഒരു പ്രതികരണവും നൽകിയില്ല. അദ്ദേഹത്തിന്റെ ട്വിറ്റർ ഈ വിഷയത്തിൽ നിശബ്ദമാണ്. എംടിഎൻഎല്ലും ബിഎസ്‌എൻഎല്ലും ലയിപ്പിക്കുന്ന വിഷയത്തിൽ ഒക്ടോബർ 23 നാണ് അദ്ദേഹം അവസാനമായി ട്വീറ്റ് ചെയ്തത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിൽ മുഴുവൻ സീറ്റുകളും തൂത്തുവാരിയ ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ അടിപതറി. കോൺഗ്രസ് മിന്നുന്ന പ്രകടനമാണ് ഇവിടെ കാഴ്ചവച്ചത്. ഹരിയാനയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല. 75 സീറ്റുകൾ മോഹിച്ചിറങ്ങിയ ബിജെപിക്കു 40 സീറ്റുകളിൽ തൃപ്തിപെടേണ്ടി വന്നു. പരാജയം പ്രതീക്ഷിച്ച കോൺഗ്രസ് 31 സീറ്റുകൾ നേടി വിസ്മയിപ്പിച്ചു.
മഹാരാഷ്ട്രയിലും കോൺഗ്രസ് പ്രകടനം മെച്ചപ്പെടുത്തിയപ്പോൾ ഭാരതീയ ജനതാ പാർട്ടി തൂക്ക് മന്ത്രിസഭ രൂപീകരിക്കാൻ നിർബന്ധിതരായി. ബിജെപി- ശിവസേന സഖ്യം കഴിഞ്ഞ തവണ വെവ്വേറെ മത്സരിച്ച് കൈകോർത്തപ്പോൾ 185 സീറ്റുകൾ കിട്ടിയ ഇരു പാർട്ടികൾക്കും കുടി ഇത്തവണ 20 സീറ്റിലേറെ കുറവ് വന്നു.