മുംബൈ:
മുംബൈയില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍ സീനിയര്‍ ആയിരുന്ന ഡോക്ടര്‍ ഭക്തി മഹിറേയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഭക്തിയുടേയും മറ്റ് രണ്ട് ലേഡി ഡോക്ടര്‍മാരുടെയും മാനസിക പീഡനത്തെ തുടര്‍ന്നാണ് പായല്‍ തട്‌വി ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഹേമാ അഹൂജ, ഭക്തി മഹിറേ, അങ്കിത ഖണ്ഡേൽവാൽ എന്നിവര്‍ ഏറെ നാളുകളായി പായലിനെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയിരുന്നു.
ഈ ഡോക്ടര്‍മാര്‍ തന്നെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നുവെന്ന് പായല്‍ തന്റെ ആത്മഹത്യാക്കുറിപ്പില്‍ ആരോപിച്ചിരുന്നു. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. സംവരണത്തിലൂടെയാണ് തട്‌വി ഡോക്ടറായതെന്നും ആ ഉദ്യോഗത്തില്‍ തുടരാന്‍ അവര്‍ യോഗ്യയല്ലെന്നും ആരോപിച്ചായിരുന്നു ഡോക്ടര്‍മാരുടെ പീഡനം.
തന്നെ തന്റെ സീനിയേഴ്‌സ് മാനസികമായി പീഡിപ്പിക്കുകയാണെന്ന് പായല്‍ അമ്മയോട് പരാതി പറയാറുണ്ടായിരുന്നു. ആശുപത്രി അധികൃതരോടും പായല്‍ ഇക്കാര്യത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നുവെങ്കിലും യാതൊരു നടപടിയും അവര്‍ സ്വീകരിച്ചിരുന്നില്ല.
മഹാരാഷ്ട്രയിലെ ജൽഗാവിൽ നിന്നുള്ള, ഭിൽ ആദിവാസി സമുദാംഗമായ പായൽ തട്‌വി മെയ് 22 നാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്കു കാരണക്കാരായ മൂന്നു സീനിയർ ഡോക്ടർമാരേയും പോലീസ് അറസ്റ്റു ചെയ്തുകഴിഞ്ഞു.