Wed. Jan 22nd, 2025
ബ്യൂണസ് അയേഴ്സ്:

ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ജന്റീനയില്‍ പ്രതിഷേധം ശക്തം. ആയിരക്കണക്കിന് ആളുകളാണ് ചൊവ്വാഴ്ച അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ പ്രതിഷേധമറിയിച്ച് എത്തിയത്. ഗര്‍ഭഛിദ്രം നിയമ വിധേയമാക്കുന്ന ബില്‍ കഴിഞ്ഞ വര്‍ഷം സെനറ്റ് തള്ളിയിരുന്നു. അതിനു ശേഷം ബില്‍ ചൊവ്വാഴ്ച വീണ്ടും അവതരിപ്പിച്ചിരുന്നു.

14 ആഴ്ച വരെ പ്രായമുള്ള ഭ്രൂണത്തെ നശിപ്പിക്കുന്നത് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള ബില്‍ 31 നെതിരെ 38 വോട്ടുകള്‍ക്കാണ്, കഴിഞ്ഞവര്‍ഷം സെനറ്റ് തള്ളിയത്. ബില്‍ തള്ളിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഇപ്പോഴും ഉയരുന്നത്. അര്‍ജന്റീനയില്‍ ഓരോ വര്‍ഷവും നിയമവിരുദ്ധമായി 350000 ഗര്‍ഭഛിദ്രങ്ങളാണ് നടക്കുന്നതെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. പക്ഷേ, എണ്ണം അതിലും കൂടുതലാണെന്നാണ് വനിതകളുടെ അവകാശത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾ പറയുന്നത്.

നിയമവിരുദ്ധമായിട്ടുള്ള ഗർഭഛിദ്രമാണ് അമ്മമാരുടെ മരണസംഖ്യ ഉയരാൻ കാരണമെന്നുള്ളതുകൊണ്ടുതന്നെ ബിൽ അടിയന്തിരമായി പാസ്സാക്കേണ്ടതുണ്ടെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവർ പറയുന്നത്.

ബലാത്സംഗം മൂലമുള്ള ഗര്‍ഭധാരണത്തിലും, അമ്മയുടെ ജീവന് ഭീഷണിയുണ്ടെങ്കിലും മാത്രമേ അര്‍ജന്റീനയില്‍ ഗര്‍ഭം അലസിപ്പിക്കുന്നതിന്, ഇപ്പോൾ അനുമതിയുള്ളൂ. ബില്ലിനെ എതിര്‍ക്കുന്നവരും പിന്തുണയ്ക്കുന്നവരും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദം പാര്‍ലമെന്റിന് പുറത്തും അകത്തും നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *