Wed. Jan 22nd, 2025

ഇടത് പക്ഷം ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത തിരഞ്ഞെടുപ്പായിരിക്കും 2019 ലോക്സഭാ തിരഞ്ഞെടുപ്പ്. സംസ്ഥാന ഭരണത്തിന്റെ തണലിൽ സവ്വ സന്നാഹങ്ങളും, ആവശ്യത്തിലേറെ പണവും ചെലവഴിച്ചു പ്രചാരണത്തിന്റെ സമസ്ത മേഖലകളിലും മുന്നിട്ടു നിന്ന ഇടതു മുന്നണി ഫലം വന്നപ്പോൾ വെറുമൊരു സീറ്റിൽ നിസ്സാര ഭൂരിപക്ഷത്തിനു കടന്നു കൂടിയതിന്റെ ഞെട്ടലിൽ നിന്നും ഇടതു നേതാക്കളും, അണികളും മുക്തരാകാൻ സമയമെടുക്കും എന്ന് ഉറപ്പായി കഴിഞ്ഞു.

ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ വോട്ടിങ് ശതമാനം 35.08 ആണ്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി 40% വോട്ടുകൾ നേടിയപ്പോൾ 2016 നിയമസഭ തിരഞ്ഞെടുപ്പിൽ 43.14% ആയി വർദ്ധിപ്പിക്കുവാൻ ഇടതു മുന്നണിക്ക് കഴിഞ്ഞിരുന്നു. അതായത് വെറും മൂന്ന് വർഷത്തിനുള്ളിൽ എട്ടു ശതമാനത്തോളം വോട്ടു ചോർച്ച. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികൾ തമ്മിലുള്ള വോട്ടിങ് വിത്യാസം രണ്ടു ശതമാനം മാത്രമായിരുന്നു എങ്കിൽ ഇത്തവണ യു.ഡി.എഫ് ഇടതു മുന്നണിയേക്കാൾ 12 ശതമാനം വോട്ടു നേടി. കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിനേക്കാൾ 22 ലക്ഷം വോട്ടുകളാണ് യു.ഡി.എഫിന് കൂടിയത്. സി.പി.എമ്മിനെ പോലുള്ള ഒരു കേഡർ പാർട്ടിക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത കണക്കാണിത്.

എക്സിറ്റ് പോളുകളിൽ തിരിച്ചടികൾ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും വെറും ഒരു സീറ്റിലേക്ക് ഒതുങ്ങി പോകുമെന്നോ, പത്തോളം യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ഒരു ലക്ഷത്തിനപ്പുറമുള്ള മൃഗീയ ഭൂരിപക്ഷം ലഭിക്കുമെന്നോ ഇടതു മുന്നണി സ്വപനത്തിൽ പോലും കരുതിയില്ല. പ്രത്യേകിച്ചും ഒരിക്കലും തകരില്ലെന്നു അവർ വിശ്വസിച്ചിരുന്ന ആറ്റിങ്ങൽ, ആലത്തൂർ, പാലക്കാട് പോലെയുള്ള ചെങ്കോട്ടകളിലെ പതനം.

ഒന്നോ രണ്ടോ കാരണങ്ങളിൽ ഒതുക്കാവുന്നതല്ല ഇടതു മുന്നണിയുടെ പരാജയ കാരണങ്ങൾ. ന്യൂനപക്ഷ, ഭൂരിപക്ഷ വോട്ടുകൾ മാത്രമല്ല മുഖ്യമന്ത്രിയുടെ ധർമ്മടം മണ്ഡലത്തിൽ വരെ സി.പി.എം പിന്നോട്ട് പോകാൻ കാരണം പരമ്പരാഗതമായി കിട്ടുന്ന പാർട്ടി വോട്ടുകളിലെ ചോർച്ച തന്നെയാണ്. ഇടതു പക്ഷത്തിനു നേരിട്ട തിരിച്ചടികൾ പരിശോധിക്കുകയാണ് ചുവടെ.

ശബരിമല വിഷയം:

ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീം കോടതി അനുകൂല വിധിയോടെയാണ് ഈ വിഷയത്തിന്റെ തുടക്കം. മുൻ യു.ഡി.എഫ് സർക്കാരിൽ നിന്നും വിഭിന്നമായി യുവതി പ്രവേശനത്തിൽ പുരോഗമനപരമായ അനുകൂല നിലപാടാണ് പിണറായി സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. തുടർന്നായിരുന്നു സുപ്രീം കോടതി വിധി. വിധി വന്നതോടെ ഒരു കമ്യുണിസ്റ്റ് സർക്കാർ വിശ്വാസപരമായ ഒരു വിഷയത്തിൽ ഇടപെട്ടു നിലവിലെ ആചാരങ്ങൾക്ക് വിരുദ്ധമായ ഒരു വിധിക്കു കാരണമായി എന്ന് പ്രചരിപ്പിച്ച് വർഗ്ഗീയ വികാരം ഇളക്കിവിട്ട് രാഷ്ട്രീയമായ മുതലെടുപ്പ് നടത്താം എന്ന് ബി.ജെ.പി കേന്ദ്രങ്ങൾ എളുപ്പം മനസ്സിലാക്കി. ഇതോടെ ആർ.എസ്.എസ് ആയിരുന്നു ഈ വിഷയത്തിൽ കോടതിയിൽ പോയത് എന്ന് മറച്ചു വെച്ച് ബി.ജെ.പി വിശ്വാസ സംരക്ഷകരായി രംഗത്തിറങ്ങുകയായിരുന്നു. ഈ ഒരു പോയിന്റിൽ ആയിരുന്നു പിണറായി സർക്കാർ കോടതി വിധി നടപ്പാക്കാൻ ഒരു സാവകാശത്തിനോ അഭിപ്രായ സമന്വയത്തിനോ ശ്രമിക്കാതെ ഒരു രാഷ്ട്രീയ ചൂതാട്ടത്തിനു ശ്രമിച്ചത്.

അതായത് നവോത്ഥാനം, ലിംഗ നീതി, വിധി നടപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധത എന്നിവയൊക്കെ പറഞ്ഞു ആചാര സംരക്ഷണ സമരങ്ങളെ കായികമായി അടിച്ചൊതുക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. മതപരമായ കാര്യങ്ങളിൽ ഒരു സർക്കാർ പ്രത്യേകിച്ചും കമ്യുണിസ്റ്റ് സർക്കാർ ഇടപെടലുകൾ നടത്തുമ്പോൾ വർഗ്ഗീയ വാദികൾ അത് മത വികാരം വ്രണപ്പെടുത്തി എന്ന രീതിയിൽ വിശ്വാസികളെ ഇളക്കി വിടാൻ ഉപയോഗിക്കും എന്ന് അറിയാത്തവരല്ല ഭരണത്തിലുള്ളവർ. പിന്നെ എന്ത് കൊണ്ട് അങ്ങനെ ഒരു കർശന നിലപാട് എടുത്തു? അതാണ് നേരത്തെ സൂചിപ്പിച്ച രാഷ്ട്രീയ ചൂതാട്ടം.

അതായത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പാറ്റേൺ വലിയൊരു സൂചന നൽകിയിരുന്നു. എവിടെയൊക്കെ ബി.ജെ.പി ക്കു വോട്ടു വർദ്ധിക്കുന്നുവോ അവിടെയെല്ലാം കോൺഗ്രസ്സിന് വോട്ടു കുറയുകയും അതിന്റെ ഫലമായി ഇടതുമുന്നണിക്ക് അനായാസമായി ജയിച്ചു കയറാനും സാധിക്കുന്നു. അതിനാൽ ശബരിമല വിഷയം ഉപയോഗിച്ച് ബി.ജെ.പി കുറച്ചു വളർന്നാൽ തന്നെ അത് കേഡർ പാർട്ടിയായ സി.പി.എമ്മിന് കോട്ടമൊന്നും വരുത്തില്ലെന്നും പക്ഷെ കോൺഗ്രസ്സിനെ വലിയ തോതിൽ ക്ഷയിപ്പിക്കുമെന്നും ഇടതു ബുദ്ധി കേന്ദ്രങ്ങൾ കണക്കു കൂട്ടി. ബംഗാളിലും, ത്രിപുരയിലും ഭരണം നഷ്ടപ്പെട്ട സി.പി.എമ്മിന്റെ ലക്‌ഷ്യം കേരളത്തിൽ ഒരു തുടർ ഭരണമാണ്. പക്ഷെ ഇടതു വലതു മുന്നണികൾക്ക് അഞ്ചു വർഷം ഇടവിട്ടു ഭരണം കൈമാറി കൊടുക്കുകയാണ് കേരളത്തിലെ വോട്ടർമാരുടെ ശീലം. പതിറ്റാണ്ടുകളായി ആ രീതിക്കു ഒരു മാറ്റവും വന്നിട്ടില്ല. അങ്ങനെ നോക്കുമ്പോൾ രണ്ടു വർഷത്തിന് ശേഷം വരുന്ന നിയമ സഭ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന വലിയ പ്രതീക്ഷയൊന്നും ഇടതുമുന്നണിക്കില്ല. അതുകൊണ്ട് യു.ഡി.എഫിനെ എന്ത് വിലകൊടുത്തും തോൽപിക്കണം. അങ്ങനെയാണ് ശബരിമല വിഷയത്തിൽ ബി.ജെ.പി യെ കുറച്ചു വളർത്തി കോൺഗ്രസ്സിന്റെ ഹിന്ദു വോട്ടുകൾ ചോർത്തി വിജയം നേടാനുള്ള രാഷ്ട്രീയ ചൂതാട്ടത്തിനു സി.പി.എം തയ്യാറായത്.

എന്നാൽ ഈ രാഷ്ട്രീയ പരീക്ഷണം അമ്പേ പരാജയപ്പെടുന്നതിനാണ് ഈ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ തവണ യു.ഡി.എഫ് വോട്ടുകൾ ചോർത്തിയ ബി.ജെ.പി ഇത്തവണ എൽ.ഡി.എഫിന്റെ ഹിന്ദു വോട്ടു ബാങ്കുകളാണ് ചോർത്തിയത്. സംഘ പരിവാറിനോട് ആഭിമുഖ്യമില്ലാതെ മൃദു വിശ്വാസം വെച്ച് പുലർത്തുന്ന ഹിന്ദുക്കളുടെ വോട്ടുകൾ മുഴുവൻ പിണറായി വിജയനോടുള്ള പ്രതിഷേധം പോലെ യു.ഡി.എഫ് പെട്ടിയിൽ വീണു.അണികളെ കൊണ്ട് ബി.ജെ.പി ക്കു വോട്ടു ചെയ്യിക്കാതെ യു.ഡി.എഫിന് വോട്ട് ചെയ്യിച്ച് എൽ.ഡി.എഫിന്റെ പരാജയം ഉറപ്പാക്കാൻ എൻ.എസ്.എസ് പോലുള്ള സാമുദായിക സംഘടനകളും ശ്രമിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം ലക്ഷങ്ങൾ കടന്നു. എന്തിനധികം ഇടതു പക്ഷ പ്രവർത്തകരുടെ കുടുംബങ്ങളിലെ സ്ത്രീകളുടെ വോട്ടു പോലും എൽ.ഡി.എഫിന്റെ പെട്ടിയിൽ വീണിട്ടില്ലെന്നു സി.പി.എം ചെങ്കോട്ടകളിലെ വോട്ടിങ് പരിശോധിച്ചാൽ മനസ്സിലാകും. അതായത് വനിതാ മതിലിൽ ഭാഗമായി എന്ന് പറയുന്ന 50 ലക്ഷം സ്ത്രീകളുടെ വോട്ടിൽ ഏറിയ പങ്കും എൽ.ഡി.എഫിന് എതിരായാണ് വീണത്.

അതായതു പിണറായി വിജയൻ പറയുന്ന നവോത്ഥാനത്തിന് കേരള ജനത പാകപ്പെട്ടിട്ടില്ല അല്ലെങ്കിൽ ആ പറയുന്നതിലെ പൊള്ളത്തരം ജനങ്ങൾക്ക് മനസ്സിലായി എന്നതാണ്. ലിംഗ നീതിയാണ് ശബരിമലയിലൂടെ പിണറായി സർക്കാർ ലക്‌ഷ്യം വെക്കുന്നതെങ്കിൽ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുപതിൽ പത്തു അല്ലെങ്കിൽ അഞ്ചു വനിതാ സ്ഥാനാർത്ഥികളെ എങ്കിലും ഇടതുപക്ഷം നിർത്താതെ ഇരുന്നത് എന്തേയെന്ന ചോദ്യത്തിന് ആർക്കും ഉത്തരം കിട്ടിയിട്ടില്ല.

ന്യൂനപക്ഷ ധ്രുവീകരണം:

മോദിയുടെ അധികാര തുടർച്ച പേടിച്ചു ‘ന്യൂനപക്ഷ ധ്രുവീകരണം’ നടന്നു എന്നാണു ഇടതു കേന്ദ്രങ്ങളുടെ ഒറ്റ വാക്കിലുള്ള ആദ്യ പ്രതികരണം. അതായത് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ വമ്പൻ തോൽവി ഏറ്റുവാങ്ങിയപ്പോൾ അതിന്റെ ഉത്തരവാദിത്വം ന്യൂനപക്ഷങ്ങളായ മുസ്ലീമുകളുടെയും, ക്രിസ്ത്യാനികളുടെയും തലയിൽ ഇട്ടുകൊടുക്കാനാണ് ഇടതു നേതാക്കൾ ശ്രമിച്ചത്. മറുവശത്തു ഹിന്ദു വോട്ടുകൾ എൽ.ഡി.എഫിനെതിരെ ഏകീകരിച്ചത് അവർ സൗകര്യപൂർവ്വം മറന്നു.

പക്ഷെ കാര്യങ്ങളെ വസ്തുതാപരമായി സമീപിച്ചാൽ ആ ഉത്തരം ഇത്തരത്തിലുള്ള വമ്പൻ തോൽവിയുടെ ഭാരം ഇറക്കി വെക്കാൻ പോരാതെ വരും. കാരണം വർഗ്ഗീയ ഫാസിസ്റ്റുകളെ ചെറുക്കാൻ സി.പി.എമ്മിന് മാത്രമേ സാധിക്കൂ എന്ന് വ്യാപക പ്രചാരണം നടത്തുന്ന സി.പി.എമ്മിനെ എങ്ങനെ ന്യൂനപക്ഷങ്ങൾ പൂർണ്ണമായി തള്ളിക്കളയും എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ വിഷമിക്കുകയാണ് സി.പി.എം നേതൃത്വം. അതോടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റു ചേർന്നപ്പോൾ ശബരിമല വിഷയത്തിൽ സി.പി.എമ്മിൽ നിന്നും ഹിന്ദു വോട്ടുകൾ ചോർന്നു എന്ന അവലോകനത്തിലേക്കു നേതാക്കൾ എത്തിയത്.

രാഷ്ട്രീയ സാക്ഷരരായ കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കറിയാം ഇടതുപക്ഷത്തിന് വോട്ടു ചെയ്താലും അത് പാർലിമെന്റിൽ മോദിക്കെതിരെ പൊങ്ങുന്ന കൈകളായി തന്നെ നിലകൊള്ളുമെന്നു. ഈ ന്യൂനപക്ഷങ്ങൾ തന്നെയാണ് കഴിഞ്ഞ തവണ എട്ടു ഇടതു സ്ഥാനാർത്ഥികളെ കേരളത്തിൽ നിന്നും ജയിപ്പിച്ചത്. അതുകൊണ്ട് ന്യൂനപക്ഷങ്ങൾ എൽ.ഡി.എഫിന് വോട്ടു ചെയ്തില്ലെങ്കിൽ അതിനുള്ള യഥാർത്ഥ കാരണം മോദി പേടി മാത്രമല്ല. ശബരിമലയിൽ പിണറായി വിജയൻ നടപ്പാക്കാൻ ശ്രമിക്കുന്ന നവോത്ഥാനം നാളെ തങ്ങളുടെ മത വിശ്വാസങ്ങളിലേക്കും കടന്നു കയറുമെന്നു അവർ ഭയപ്പെടുന്നു. ഓർത്തഡോക്സ് പോലുള്ള സമുദായങ്ങൾക്ക്‌ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കൊടുത്ത വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ പോയതും തിരിച്ചടിയായി.

പ്രളയകാരണവും പ്രളയാനന്തര പ്രവർത്തനങ്ങളും:

പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം സംഭരിക്കാൻ അവസാന നിമിഷം വരെ ഡാമുകൾ തുറക്കാതിരുന്നതും, ഒടുവിൽ മഴ കനത്തതോടെ ഫലപ്രദമായ മുന്നറിയിപ്പുകൾ നൽകാതെ പാതി രാത്രിയിൽ ഡാമുകൾ തുറന്നു വിടേണ്ടിയും വന്ന മോശപ്പെട്ട ഡാം മാനേജ്‌മെന്റ് ആയിരുന്നു മുന്നൂറിലേറെപ്പേരുടെ ജീവനെടുക്കുകയും ജനലക്ഷങ്ങളെ വെള്ളത്തിലാക്കുകയും ചെയ്ത മഹാപ്രളയത്തിന് കാരണമെന്നു അന്നേ തന്നെ വിദഗ്ദ്ധരും പിന്നീട് അമിക്കസ്‌ക്യുറി റിപ്പോർട്ടിലും ഉണ്ടായിരുന്നു.

പിന്നീട് പ്രളയാനന്തര പ്രവർത്തനങ്ങൾ നിലച്ചു പോയതും ജനങ്ങൾ മറന്നില്ല. റീബിൽഡ് കേരളം എന്ന പേരിൽ പിരിച്ച പൈസയും എന്തായെന്ന് ആർക്കും അറിവില്ല. ഓഖി ചുഴലിക്കാറ്റിൽ മുന്നറിയിപ്പും നഷ്ടപരിഹാരവും നൽകാനുള്ള കാലതാമസവും മറ്റൊരു വീഴ്ചയായി .അതോടെ തങ്ങളുടെ സ്വത്തും ജീവനും വെള്ളത്തിലാക്കിയ സർക്കാരിനോടുള്ള അമർഷം പ്രകടിപ്പിക്കുവാൻ ഈ തിരഞ്ഞെടുപ്പ് പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങൾ ഉപയോഗിച്ചു എന്ന് മനസ്സിലാകും.

കൊലപാതക രാഷ്ട്രീയം:

ശബരിമലയും, പ്രളയവും അധികം സ്വാധീനം ചെലുത്താത്ത വടക്കൻ കേരളത്തിലെ ഇടതു പക്ഷ തോൽവിയുടെ പ്രധാന കാരണം കൊലപാതക രാഷ്ട്രീയം ജനങ്ങൾ മടുത്തിരിക്കുന്നു എന്ന സൂചനയാണ് നൽകുന്നത്. പറയത്തക്ക പ്രകോപനങ്ങളില്ലാതെ യൂത്തു കോൺഗ്രസ്സുകാരായ മൂന്ന് ചെറുപ്പക്കാരുടെ ജീവനെടുത്തത്  ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിലൂടെ നേരിട്ട രാഷ്ട്രീയ തിരിച്ചടികളിൽ നിന്നും സി.പി.എം പാഠം പഠിച്ചില്ല എന്ന് വ്യക്തമാക്കുന്ന സംഭവങ്ങളായിരുന്നു.

കൊല്ലുക മാത്രമല്ല അതിനു ശേഷം അവർ കൊല്ലപ്പെടാൻ യോഗ്യരാണെന്ന രീതിയിൽ ഇടതു സഹയാത്രികരെ കൊണ്ടുപോലും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നത് ജനങ്ങൾ തിരിച്ചറിഞ്ഞു. കോടതികളുടെ വധശിക്ഷയെ നഖശിഖാന്തം എതിർക്കുന്ന പാർട്ടിയാണ് ഇത്തരത്തിൽ സ്വന്തമായി കൊട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച് ശിക്ഷ വിധികൾ നടപ്പിൽ വരുത്തുന്നത് എന്നാണു ഇതിലെ വിരോധാഭാസം. ഇത്തരത്തിൽ പകരത്തിനു പകരമുള്ള പാർട്ടി ശിക്ഷാവിധികൾ കണ്ടുമടുത്ത ജനങ്ങൾ അതിന്റെ ഒരു സൈഡിൽ എപ്പോളും ഉള്ള എൽ.ഡി.എഫിന് ഈ തിരഞ്ഞെടുപ്പിലൂടെ ഒരു ഷോക്ക് ട്രീറ്റ്മെന്റാണ് നൽകിയിട്ടുള്ളത്. ഒരു കമ്യുണിസ്റ്റ് മന്ത്രിസഭാ ഭരിക്കുമ്പോൾ മൂന്ന് നക്‌സലൈറ്റുകൾ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ടു എന്ന് പറയുന്നതും ജനങ്ങൾക്ക് ദഹിച്ചിട്ടില്ല.

പ്രചാരണത്തിലെ പാളിച്ചകൾ:

സമീപ കാലങ്ങളിൽ ആദ്യമായാണ് ക്രൗഡ് പുള്ളർ ആയ വി.എസ് അച്യുതാനന്ദൻ ഇല്ലാതെ ഒരു തിരഞ്ഞെടുപ്പിനെ സി,പി.എം നേരിട്ടത്. പിണറായി വിജയൻറെ വൺ മാൻ ഷോ ആയിരുന്നു ഇത്തവണ. പക്ഷെ കഴിഞ്ഞ തവണ വി.എസിനെ മുന്നിൽ നിർത്തി തിരഞ്ഞെടുപ്പ് ജയിച്ചു കഴിഞ്ഞപ്പോൾ മുഖ്യമന്ത്രിയാക്കാതെ കറി വേപ്പില പോലെ എടുത്തു മാറ്റിയത് ജനങ്ങൾ മറന്നിരുന്നില്ല എന്ന് വേണം കരുതാൻ. പിണറായി നേരിട്ട് പ്രചാരണം ഏറ്റെടുത്ത പത്തനംതിട്ടയിലും, കൊല്ലത്തും പ്രതീക്ഷിച്ചതിലും വലിയ തോൽവിയാണു നേരിട്ടത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും യു.ഡി.എഫിന് കിട്ടാതിരുന്ന കൊല്ലത്ത് പ്രേമചന്ദ്രന്റെ വിജയം ഒന്നരലക്ഷത്തോളം വോട്ടിനായിരുന്നു.

പതിവുപോലെ ഏറ്റവും ആദ്യം പ്രചാരണം തുടങ്ങിയതും, ഏറ്റവും പണവും, മറ്റു സന്നാഹങ്ങളും കൂടുതലായി ഉപയോഗിച്ചതും ഇടതുപക്ഷമായിരുന്നു എങ്കിലും കോൺഗ്രസ്സുകാർ ബി.ജെ.പി യിലേക്ക് ചേക്കേറുന്നു എന്ന വിഷയത്തിലൂന്നിയായിരുന്നു ഇടതു പ്രചാരണങ്ങൾ. കേരളത്തിന്റെ സാഹചര്യത്തിൽ അത് ജനങ്ങളിൽ ഏശിയില്ല. മാത്രമല്ല എ.വിജയരാഘവനെ പോലുള്ള നേതാക്കളുടെ അശ്ലീല പരാമർശങ്ങളും ഇടതുപക്ഷത്തിനെതിരായ ജനവിധിക്കു കാരണമായി.

സംഘടനാ പാളിച്ചകൾ:

സാധാരണഗതിയിൽ ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇടതു പക്ഷത്തിന്റെ കീഴ്ഘടകങ്ങളിൽ നിന്നും ലഭിക്കുന്ന വോട്ടിങ് റിപ്പോർട്ട് അച്ചട്ടാകുകയാണ് പതിവ്. ഒരു പത്തു ശതമാനത്തിനുള്ളിലെ ഏറ്റക്കുറച്ചിലുകളെ അത്തരം റിപ്പോർട്ടുകളിൽ വരാറുള്ളൂ. തങ്ങളുടെ സ്ഥാനാർത്ഥികൾക്കും, എതിർ സ്ഥാനാർത്ഥികൾക്കും ഓരോ ബൂത്തുകളിൽ നിന്നും ലഭിക്കുന്ന വോട്ടുകളുടെ എണ്ണം കൃത്യമായി അളക്കുന്ന സംഘടനാ സംവിധാനം സി.പി.എമ്മിന് പ്രത്യേകിച്ചും ഉണ്ട്. ആ കണക്കു അനുസരിച്ചാണ് നാലിടത്തെങ്കിലും അനായാസം ജയിക്കുമെന്നും മറ്റു മണ്ഡലങ്ങളിൽ സാധ്യതയും സി.പി.എം പ്രതീക്ഷ വെച്ചത്. എന്നാൽ എല്ലാം തെറ്റിയതോടെ സി.പി.എം പ്രാദേശിക നേതൃത്വം ജനങ്ങളിൽ നിന്നും അകലുകയാണോ എന്നൊരു സംശയം ഉയർന്നിട്ടുണ്ട്. കണ്ണൂരിലെ ചെങ്കോട്ടകളിൽ സുധാകരൻ വിള്ളൽ വീഴ്ത്തിയത് സി,പി.എമ്മിൽ ഒരു പൊട്ടിത്തെറിക്ക് പോലും കാരണമായേക്കും. എം.ബി രാജേഷും, സി.ദിവാകരനുമെല്ലാം പാർട്ടിക്കുള്ളിലെ ഗൂഢാലോചനകളാണ് തോൽവിയുടെ ഒരു ഘടകമായി പറഞ്ഞിരിക്കുന്നത്.

പാർട്ടിക്കുള്ളിലെ കോഴികൾ:

കേരളത്തിലെ ഒരു പ്രത്യേക അവസ്‌ഥയിൽ സ്ത്രീപീഡനവുമായി ബന്ധപ്പെട്ടിട്ടുള്ള പരാതികളിൽ പാർട്ടി സ്വീകരിച്ച നടപടികളിൽ ജനങ്ങൾക്ക് അവമതിപ്പ് ഉളവാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും പി.കെ ശശി വിവാദത്തിലും, എം.എൽ.എ ഹോസ്റ്റലിലെ പീഡന വിവാദത്തിലും. ഒരുവശത്ത് സ്ത്രീ ശാക്തീകരണം പറയുമ്പോഴും പാർട്ടിയിലുള്ള സ്ത്രീകൾക്ക് നേരെ പാർട്ടി ഭാരവാഹികൾ തന്നെ അക്രമം കാണിക്കുന്നത് ജനങ്ങൾക്ക് ഇരട്ടത്താപ്പായിട്ടാണ് തോന്നുന്നത്. ദിലീപിന്റെ അടുപ്പക്കാരനായ ഇന്നസെന്റിനെ വീണ്ടും സ്ഥാനാർഥി ആക്കിയതും ഒരു വിഭാഗം പ്രവർത്തകരെ നിരാശരാക്കിയിരുന്നു.

പരിസ്ഥിതി വിഷയത്തിലെ ഇരട്ടത്താപ്പ് :

പരിസ്‌ഥിതി കാര്യങ്ങളിലുള്ള പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി പാർട്ടി ഭാരവാഹികൾ ഉൾപ്പടെയുള്ളവർ പരിസ്‌ഥിതിക്കെതിരായുള്ള നടപടികളെ പിന്താങ്ങുന്നതായും ഏർപ്പെടുന്നതായും ജനങ്ങൾക്ക് ബോധ്യം വന്നിട്ടുണ്ട്. പ്രത്യേകിച്ചും കൊട്ടാക്കമ്പൂർ ഭൂമി കയ്യേറ്റവുമായി വിവാദത്തിൽപെട്ട ജോയ്‌സ് ജോര്ജിനും, പരിസ്ഥിതി ലോലപ്രദേശത്തു അമ്യുസ്മെന്റ് പാർക്ക് വ്യവസായം നടത്തുന്ന പി.വി അൻവറിനും പാർട്ടി ടിക്കറ്റ് കൊടുത്തത് പാർട്ടിക്കുള്ളിലെ പരിസ്ഥിതി സ്നേഹികളെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. മുൻമന്ത്രി തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റങ്ങൾക്ക്‌ ഒത്താശ നൽകിയതും, ശാന്തിവനം വിഷയത്തിലെ കടുംപിടുത്തവും പരിസ്ഥിതി വിഷയത്തിൽ ഇടതുപക്ഷത്തിന് തിരിച്ചടിയായി.

ഇതൊക്കെയാണ് പ്രാഥമികമായ കാര്യങ്ങൾ എങ്കിലും രാഹുൽ ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവ് തന്നെയാണ് എൽ.ഡി.എഫിന് വലിയ തോതിൽ പ്രഹരമേല്പിച്ചിട്ടുള്ളതും യു.ഡി.എഫിനെ രക്ഷിച്ചെടുത്തതും. പക്ഷെ അതിനുമപ്പുറമുള്ള ജനകീയ ബന്ധം വെച്ച് പുലർത്തുന്ന ഇടതു പക്ഷത്തിനു തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ എങ്കിലും ആ വെല്ലുവിളി ഏറ്റെടുക്കാൻ സാധിക്കാതെ പോയതാണ് ഇത്ര കനത്ത പരാജയത്തിന് കാരണം. എന്തൊക്കെ പറഞ്ഞാലും ബി.ജെ.പി എന്ന വർഗ്ഗീയ കക്ഷിക്ക്‌ ഇടം കൊടുക്കാതെ അടുത്ത തിരഞ്ഞെടുപ്പിന് മുന്നേ പൂർവാധികം ശക്തിയോടെ ഇടതു പക്ഷം ഉയർത്തെഴുന്നേറ്റില്ലെങ്കിൽ കേരളം ഒരു ഇരുണ്ട യുഗത്തിലേക്കാകും കാലെടുത്തു വെക്കുക.

Leave a Reply

Your email address will not be published. Required fields are marked *