വാഷിംഗ്ടൺ:
ഇറാനുമായി സംഘർഷസാധ്യത വർധിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ പേർഷ്യൻ ഉൾക്കടലിനു മുകളിലൂടെ പറക്കുന്ന യാത്രാവിമാനങ്ങൾ ജാഗ്രത പാലിക്കണമെന്നു അമേരിക്ക മുന്നറിയിപ്പു നല്കി. യാത്രാവിമാനമാണെന്നു തിരിച്ചറിയാതെ ആക്രമിക്കപ്പെട്ടേക്കാം. ആശയവിനിമയം തടസപ്പെടുത്തുന്ന ജാമിംഗിനും വിധേയമായേക്കാമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ മുന്നറിയിപ്പിനെ ഉദ്ധരിച്ചു യു.എസ് നയതന്ത്രവൃത്തങ്ങൾ വ്യക്തമാക്കി.
ഇറാന്റെ പിന്തുണയുള്ള ഭീകരർ ഇറാക്കിലെ അമേരിക്കൻ കേന്ദ്രങ്ങൾക്കടുത്തേക്കു മിസൈലുകൾ നീക്കുന്നതായി യു.എസ് സ്റ്റേറ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞതിനു പിന്നാലെയാണ് ഈ മുന്നറിയിപ്പ്.
ഏറ്റുമുട്ടാനാണ് തീരുമാനമെങ്കില് അത് ഇറാന്റെ ഔദ്യോഗികമായ അവസാനമായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു.
അതിനിടെ ഗൾഫ് മേഖലയിൽ ഇറാൻ വലിയ തോതിൽ ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും സൗദി അറേബ്യ ഒരിക്കലും യുദ്ധം ആഗ്രഹിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്യില്ലെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ വ്യക്തമാക്കി. അതേസമയം, ഇറാൻ യുദ്ധം കൊതിക്കുകയാണെങ്കിൽ അതിശക്തമായി തിരിച്ചടിക്കുക തന്നെ ചെയ്യും. രാജ്യത്തിനെതിരായ ഏതൊരു വെല്ലുവിളികളെയും ചെറുക്കുന്നതിന് സൗദി അറേബ്യക്ക് ശേഷിയുണ്ടെന്നും അൽജുബൈർ പറഞ്ഞു.
കഴിഞ്ഞ ആഴ്ച സൗദിയുടെ എണ്ണക്കപ്പലുകളുടെ നേർക്കും എണ്ണ പന്പിംഗ് സ്റ്റേഷനുകളുടെ നേർക്കും നടന്ന ആക്രമണമാണു ഗൾഫിൽ സംഘർഷം വർധിപ്പിച്ചത്. എണ്ണ പമ്പിങ് സ്റ്റേഷനുകളുടെയും എണ്ണക്കുഴലുകളുടെയും നേർക്കു നടന്ന ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൗതിഷിയാ വിമതർ ഏറ്റെടുത്തിരുന്നു. ഇറാനാണ് ആക്രമണത്തിനു പിന്നിലെന്ന് സൗദി ആരോപിച്ചു. തുടർന്ന് അമേരിക്ക ഗൾഫിലേക്ക് വിമാനവാഹിനിക്കപ്പലും യുദ്ധക്കപ്പലുകളും പേട്രിയട്ട് മിസൈലുകളും ബി52 ബോംബറുകളും അയച്ചിരുന്നു. എന്നാൽ സൗദിയുടെ ആരോപണം ഇറാൻ നിഷേധിക്കുകയാണ്.
ഗൾഫ് മേഖലയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അറബിലീഗ് നേതാക്കളുടെ ഉച്ചകോടി 30നു മക്കയിൽ ചേരും. അന്നു തന്നെ ഗൾഫ് നേതാക്കളുടെ മറ്റൊരു ഉച്ചകോടിയും നടക്കും. സൗദിയിലെ സൽമാൻ രാജാവാണ് രണ്ടു സമ്മേളനങ്ങളും വിളിച്ചു ചേർത്തിരിക്കുന്നത്.