Sun. Dec 22nd, 2024
ഭോപ്പാൽ :

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മികച്ച വിജയം ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നതിനു തൊട്ടു പിന്നാലെ നിസ്സാര ഭൂരിപക്ഷത്തിൽ അധികാരത്തിലുള്ള മധ്യപ്രദേശിലെ കോൺഗ്രസ്സ് സർക്കാരിനെ താഴെ ഇറക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പി ആരംഭിച്ചു.

കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവ ഗവർണർക്ക് കത്ത് നൽകി. വൈകിട്ടോടെ ഗവർണർ ആനന്ദി ബെൻ പട്ടേലിനെ കാണാൻ ബി.ജെ.പി സമയം തേടിയിട്ടുമുണ്ട്. ചില കോൺഗ്രസ് എം.എൽ.എ മാർ പാർട്ടി വിടുമെന്ന് വ്യക്തമായതായും ഇതോടെ കമൽനാഥ് സർക്കാരിന് കേവലഭൂരിപക്ഷം നഷ്ടമാകുമെന്നുമാണ് ഗവർണർക്ക് നൽകിയ കത്തിൽ ബി.ജെ.പി ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി യില്‍നിന്ന് കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ച സംസ്ഥാനമാണ് മധ്യപ്രദേശ്. 230 നിയമസഭാ സീറ്റുകളില്‍ കേവലഭൂരിപക്ഷത്തിന് 116 സീറ്റാണു വേണ്ടത്. കോണ്‍ഗ്രസിന് 114 സീറ്റ് മാത്രമാണുള്ളത്. ബിജെപിക്ക് 109 അംഗങ്ങളുണ്ട്. എസ്‌.പിയും, ബി.എസ്‌.പിയും 2 സ്വതന്ത്രരും, പിന്തുണ നൽകിയതോടെ കോൺഗ്രസ് സർക്കാരുണ്ടാക്കി. ഇവരെ കൂടെ നിർത്താനുള്ള ബി.ജെ.പി ശ്രമം പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ കേന്ദ്രഭരണം നിലനിർത്തിയാൽ കുറച്ചു പേർ മറുകണ്ടം ചാടും എന്നാണ് ബി.ജെ.പി കണക്കു കൂട്ടുന്നത്.

മധ്യപ്രദേശ് സർക്കാർ സ്വമേധയാ വീഴുമെന്നും കുതിരക്കച്ചവടത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവ മാധ്യമങ്ങളോട് പ്രതികരിച്ചു. മധ്യപ്രദേശിലും ബി.ജെ.പി വലിയ നേട്ടമുണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ. മധ്യപ്രദേശിലെ 29 സീറ്റുകളിൽ ബിജെപി 24 എണ്ണം വരെ നേടുമെന്ന് എക്‌സിറ്റ് പോൾ സർവേകൾ പ്രവചിച്ചിട്ടുണ്ട്.

നേരത്തെ 100 കോടി രൂപയും ബി.ജെ.പി സർക്കാരിൽ മന്ത്രി സ്ഥാനവും നൽകി മൊറേന ജില്ലയിലെ സബൽഗഡ് മണ്ഡലത്തിലെ കോൺഗ്രസ് എം.എൽ.എ യായ ബൈജ്നാഥ് കുശ്വാഹയെ ചാക്കിലാക്കാൻ ബി.ജെ.പി ശ്രമിച്ചു എന്ന് കോൺഗ്രസ്സ് നേതാവ് ദിഗ്‌വിജയ് സിങ് ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *