കേദാർനാഥ് :
മോദിയുടെ മണ്ഡലമായ വാരാണസിയിലും, കിഴക്കന്‍ യു.പിയിലെ നിര്‍ണായക മണ്ഡലങ്ങളിലും വോട്ടർമാർ പോളിങ് ബൂത്തിലേക്ക് പോകാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ മോദിയുടെ ക്ഷേത്രസന്ദര്‍ശനങ്ങള്‍ വോട്ടർമാരെ സ്വാധീനിക്കാനുള്ള തന്ത്രമാണെന്ന സംശയം ബലപ്പെടുന്നു.
പ്രസിദ്ധമായ കേദാര്‍നാഥിലെ ശിവക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക പൂജകള്‍ നടത്തി. സാധാരണ ഗതിയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ള സമയത്തു തിരഞ്ഞെടുപ്പ് കമ്മീഷൻ കേദാർനാഥ് സന്ദർശനത്തിന് അനുമതി നൽകാറില്ല. എന്നാൽ ഔദ്യോഗികാവശ്യത്തിനുള്ള യാത്രയെന്ന് അറിയിച്ചതിനാലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍, പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന സമയത്ത് പ്രധാനമന്ത്രിക്ക് കേദാര്‍നാഥിലേക്കുള്ള യാത്രാനുമതി നൽകിയിട്ടുള്ളത്.
രണ്ടരമണിക്കൂറോളം നടന്നാണ് മോദി കേദാര്‍നാഥിലെ രുദ്ര ഗുഹയില്‍ ധ്യാനിക്കാനെത്തിയത്. പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ചാണ് മോദിയുടെ ധ്യാനം. മോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് രുദ്ര ഗുഹ നിര്‍മ്മിച്ചത്. വെട്ടുകല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച രുദ്ര ഗുഹയ്ക്ക് ഏട്ടര ലക്ഷം രൂപ ചെലവായി.
കേദാർനാഥിലേക്കുള്ള മോദിയുടെ യാത്ര തന്നെ വലിയൊരു പ്രചാരണ മാർഗ്ഗമായി ബി.ജെ.പിക്ക് ഉപയോഗിക്കാൻ കഴിഞ്ഞു. അവിടെയെത്തിയ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്‌തു. കാൻ ഫിലിം ഫെസ്റ്റിവലിനെ അനുസ്മരിപ്പിക്കുന്ന റെഡ് കാർപെറ്റിലൂടെ ആയിരുന്നു മോദി നടന്നത്. സുരക്ഷാ ജീവനക്കാര്‍ക്കൊപ്പം കുട ചൂടിപ്പിച്ചിടിച്ച് മുഴുനീള വസ്ത്രം ധരിച്ച് കേദാര്‍നാഥിലേക്കുള്ള മലചവിട്ടുന്ന മോദിയുടെ വീഡിയോകൾ ബി.ജെ.പി. മീഡിയ സെൽ സോഷ്യല്‍ മീഡിയയില്‍ വലിയ തോതിൽ പ്രചരിപ്പിച്ചിരുന്നു.
ഇപ്പോള്‍ മോദിയുടെ ഗുഹയിലെ ചിത്രങ്ങളും വന്നതോടെ ക്യാമറാമാനൊപ്പം ഗുഹയ്ക്കുള്ളില്‍ കയറിയുള്ള ഏകാന്ത ധ്യാനം എന്നതായി മറ്റൊരു വിരോധാഭാസം. റോള്‍ ക്യാമറ, ആക്ഷന്‍, ധ്യാനം വിത്ത് ക്യാമറ ഓണ്‍! ഹര്‍ ഹര്‍ മോദിയെന്നാണ് പ്രകാശ് രാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
സോഷ്യൽ മീഡിയയിലും നിരവധി സംശയങ്ങളാണ് മോദിയുടെ ധ്യാനവുമായി ബന്ധപ്പെട്ടു ഉയർന്നത്. കേദാർനാഥിലെ ഗുഹയിൽ ഒരു രാത്രി മുഴുവൻ മോദി ധ്യാനത്തിലിരിക്കും എന്നായിരുന്നു ബി.ജെ.പിയുടെ അവകാശ വാദം. എന്നാൽ മോദിക്കു കിടന്നുറങ്ങാനുള്ള കട്ടിൽ അടക്കമുള്ള സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ പുറത്തു വന്നിരിക്കുകയാണ്. വസ്ത്രങ്ങൾ ഊരി വെക്കാനുള്ള ഹാങ്ങർ പോലും ഉണ്ട്. രാത്രി മുഴുവൻ ധ്യാനത്തിൽ ഇരിക്കുന്ന ഒരാൾക്ക് എന്തിനാണ് ഈ സൗകര്യങ്ങൾ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഇത്തരം പരിഹാസ ചർച്ചകൾ ചൂടുപിടിച്ചതോടെ ക്യാമറ കണ്ണുകളെ ഒഴിവാക്കാൻ മോദി നിർബന്ധിതനാകുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടി പരാതിയും നല്‍കി. മോദിയുടെ യാത്രയെക്കുറിച്ചുള്ള ചെറിയ വിവരങ്ങള്‍ പോലും വിശദമായി പരസ്യപ്പെടുത്തിയതിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ശ്രമം നടന്നിരിക്കുന്നതെന്നും തൃണമൂല്‍ ആരോപിക്കുന്നു.
പതിവു പോലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനെല്ലാം മോദിക്ക് കുട പിടിക്കുന്നു എന്നതാണ് ദൗർഭാഗ്യകരം.