കൊൽക്കത്ത:
തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ സമയം വെട്ടിക്കുറച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയ്‌ക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കമ്മീഷനില്‍ മുഴുവന്‍ ആർ.എസ്.എസ്സുകാരാണെന്നും, അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ അവസാനിപ്പിച്ചതെന്നുമാണ് മമതയുടെ വാദം. സംസ്ഥാനത്തെ പോലീസ് സേനയെ ഇരുട്ടില്‍ നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിച്ചത്.
തീര്‍ത്തും ഏകപക്ഷീയമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഒരൊറ്റ പരാതിയില്‍ പോലും കമ്മീഷന്‍ നടപടിയെടുത്തിട്ടില്ല. ബി.ജെ.പിക്കു വേണ്ടിയാണ് കമ്മീഷന്‍, പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. ബി.ജെ.പി പശ്ചിമബംഗാളില്‍ പ്രചാരണം പൂര്‍ത്തിയാക്കിയതു കൊണ്ടാണ് ഇങ്ങനെയൊരു നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചതെന്നും മമത പറഞ്ഞു.
പശ്ചിമബംഗാളിലെ, ഒമ്പതു ലോക്സഭ മണ്ഡലങ്ങളിലെ പരസ്യപ്രചാരണസമയം 20 മണിക്കൂർ കുറയ്ക്കാനാണ് തിരഞ്ഞെടുപ്പുകമ്മീഷൻ തീരുമാനമെടുത്തത്. അതനുസരിച്ച്, വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് അവസാനിക്കേണ്ടിയിരുന്ന പ്രചാരണം, വ്യാഴാഴ്ച രാത്രി പത്തുമണിക്ക് അവസാനിക്കും.
പശ്ചിമബംഗാളിൽ, തിരഞ്ഞെടുപ്പ് കാലത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇങ്ങനെയൊരു തീരുമാനമെടുത്തത്. 2019 പൊതുതിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിങ് മെയ് 19 നു നടക്കും. പശ്ചിമബംഗാളിലെ 9 മണ്ഡലങ്ങളിൽ അന്നാണു വോട്ടെടുപ്പ്.