മന്ദിർബസാർ:
അമിത് ഷായുടെ റാലിയ്ക്കിടെ, കൊൽക്കത്തയിലെ ഒരു കോളേജിൽ തകർക്കപ്പെട്ട വിദ്യാസാഗറിന്റെ പ്രതിമ പുനർനിർമ്മിക്കാൻ, ബംഗാളിനു ഇഷ്ടം പോലെ വിഭവശേഷിയുണ്ടെന്നും, ബി.ജെ.പിയുടെ പണം വേണ്ടെന്നും മുഖ്യമന്ത്രി മമത ബാനർജി വ്യാഴാഴ്ച പറഞ്ഞു.
നശിക്കപ്പെട്ട പ്രതിമ, അവിടെത്തന്നെ പുനഃസ്ഥാപിക്കുമെന്ന്, നരേന്ദ്രമോദി, ഒരു തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ വാഗ്ദാനം ചെയ്തിരുന്നു.
ഇതിനു മറുപടി എന്നോണമാണ്, വിദ്യാസാഗറിന്റെ പ്രതിമ കൊൽക്കത്തയിൽത്തന്നെ പുനർനിർമ്മിക്കുമെന്നു മോദി വാഗ്ദാനം ചെയ്തുവെന്നും, നാമെന്തിനു ബി.ജെ.പിയുടെ പണം സ്വീകരിക്കണമെന്നും, ബംഗാളിന് വേണ്ടത്ര വിഭവശേഷി ഉണ്ടെന്നും മമത ബാനർജി ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞത്.
പ്രതിമ നശിപ്പിക്കൽ ബി.ജെ.പിയുടെ സ്ഥിരം പരിപാടിയാണെന്നും, ത്രിപുരയിലും അങ്ങനെ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് മമത ബാനർജി ബി.ജെ.പിയെ വിമർശിച്ചു.
ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലിക്കിടെയാണ് കൊൽക്കത്തയിൽ സംഘര്‍ഷം ഉണ്ടായത്. ‘സേവ് റിപ്പബ്ലിക് റാലി’ എന്നു പേരിട്ട റാലി വിദ്യാസാഗര്‍ കോളജിനടുത്ത് എത്തിയപ്പോള്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു. കോളജില്‍ സ്ഥാപിച്ചിരുന്ന, ബംഗാളി പണ്ഡിതന്‍ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അക്രമികള്‍ തകർക്കുകയാണുണ്ടായത്.