Wed. Jan 22nd, 2025
ന്യൂ ഡെൽഹി:

ബാലാകോട്ട് വ്യോമാക്രണവുമായി ബന്ധപ്പെട്ട് ചാനല്‍ അഭിമുഖത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ ‘മേഘ സിദ്ധാന്ത’ത്തില്‍ ബി.ജെ.പിയെ ട്രോളി സോഷ്യല്‍ മീഡിയ.

ഫെബ്രുവരി 26 ന് പാകിസ്താനിലെ ബാലാകോട്ടില്‍ വ്യോമസേന നടത്തിയ വ്യോമാക്രണം സാധ്യമായത് തന്റെ ബുദ്ധിപരമായ നീക്കം കൊണ്ടാണെന്ന് തെളിയിക്കാന്‍ മോദി പറഞ്ഞ ‘മേഘ തിയറി’യാണ് സാമൂഹിക മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്.

ഏറ്റവും ഒടുവിലായി ജാലിയന്‍ കണാരന്‍ എന്ന ഹാസ്യ കഥാപാത്രത്തെ വച്ചാണ് പ്രധാനമന്ത്രിയെ ട്രോളുന്നത്.

‘വ്യോമാക്രമണം നടത്തുന്ന ദിവസം കാലാവസ്ഥ അത്ര സുഖകരമല്ലായിരുന്നു. മേഘാവൃതമായ അന്തരീക്ഷവും കനത്ത മഴയുമുണ്ടായിരുന്നു. മേഘാവൃതമായ അന്തരീക്ഷം മൂലംനമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കുമോ എന്ന സംശയമുയര്‍ന്നു. വിദഗ്ദ്ധരില്‍ ചിലര്‍ ആക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാന്‍ പറഞ്ഞു.

എന്റെ മനസ്സില്‍ രണ്ട് കാര്യങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് രഹസ്യമായിരുന്നു. ഞാന്‍ ശാസ്ത്രത്തെക്കുറിച്ച് അത്ര വശമുള്ള ആളല്ല എന്നാലും ആ സമയത്താണ് എന്റെ മനസ്സില്‍ ഒരു കാര്യം തോന്നിയത്.

മേഘവും മഴയും നമുക്ക് ഗുണകരമാണെന്ന് എനിക്ക് തോന്നി. റഡാറുകളില്‍ നിന്ന് നമ്മുടെ വിമാനങ്ങളെ മേഘം മറയ്ക്കുമെന്ന് എനിക്ക് തോന്നി. ഞാനത് അവതരിപ്പിച്ചു. എല്ലാവരും ആശയക്കുഴപ്പത്തിലായി. ഒടുവില്‍ ഈ ആശയത്തില്‍ആക്രമണം നടത്തുക തന്നെ ചെയ്തു’.

ന്യൂസ് നേഷന്‍ എന്ന ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ മോഡി പറഞ്ഞ ഈ കാര്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കുമിടയാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *