Sat. Apr 20th, 2024
#ദിനസരികള്‍ 754

The Wire ലെ ഒരു ലേഖനത്തില്‍ മോദിയും ഇലക്ഷന്‍ കമ്മീഷനും തമ്മിലുള്ള ഒത്തുകളിയെക്കുറിച്ച് ഗൌരവ് വിവേക് ഭട്‌നാഗർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മോദിക്കെതിരെയുള്ള പരാതികളില്‍ യഥാസമയം നടപടികളെടുക്കാതെ ഭരണഘടനാസ്ഥാപനമെന്ന നിലയിലുള്ള അന്തസ്സ് കാണിക്കാത്ത കമ്മീഷനെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നപ്പോഴാണ് എന്തെങ്കിലും നടപടികളെടുക്കാന്‍ തന്നെ അവര്‍ തയ്യാറായത്. എടുത്തപ്പോഴാകട്ടെ ഉന്നയിക്കപ്പെട്ട മുഴുവന്‍ വിഷയങ്ങളിലും മോദിക്ക് ക്ലീന്‍ ചിറ്റ് നല്കി. എന്നാല്‍ ഏതൊക്കെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് മോദിക്കെതിരെയുള്ള പരാതികളെ തള്ളിക്കളഞ്ഞതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കുന്നില്ല. എന്നുവെച്ചാല്‍ പൊതുജനവും പരാതിക്കാരനും അറിയാന്‍ അവകാശമുള്ള വിവരങ്ങള്‍ പോലും മറച്ചു വെച്ചുകൊണ്ടാണ് കമ്മീഷന്‍ നിലപാടു സ്വീകരിച്ചിരിക്കുന്നത്. മോദിക്കെതിരെ മാത്രമല്ല, അമിത് ഷാക്കെതിരെയുള്ള പരാതികളിലും ഇതുതന്നെയാണ് അവസ്ഥ.

പ്രധാനമന്ത്രി എന്ന നിലയില്‍ നാടാകെ നടന്ന് അസംബന്ധങ്ങള്‍ പ്രസംഗിക്കുന്ന മോദിയെ നിര്‍ബാധം അഴിച്ചു വിടുന്ന ഇലക്ഷന്‍ കമ്മീഷന്റെ നടപടി അവരുടെതന്നെ നിലനില്പിനെ ചോദ്യം ചെയ്യുന്നതാണ്. കമ്മീഷന് ലഭിച്ചിരിക്കുന്ന 481 പരാതികളില്‍ പ്രധാനമന്ത്രിയുടേത് ഒഴിച്ച് ബാക്കിയുള്ളവയ്ക്ക് തീരുമാനമെടുക്കാന്‍ കമ്മീഷനെ സഹായിച്ച സാഹചര്യങ്ങളുടെ വിശദമായ വിവരണങ്ങള്‍ ലഭ്യമാണ്. എന്നാല്‍ മോദിക്കെതിരെയുള്ള പരാതികളും അവയുടെ തീരുമാനങ്ങളും ലഭ്യമല്ലെന്ന ഗൌരവ് വിവേക് ഭട്‌നാഗറിന്റെ ആരോപണം വസ്തുതാപരമാണെന്ന് കമ്മീഷന്റെ വെബ്സൈറ്റ് പരിശോധിച്ചാല്‍ വ്യക്തമാകും.

വയറിലെ ആരോപണങ്ങളെ ഇവിടെ എടുത്തു പറയാന്‍ കാരണം, ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയും നിര്‍ഭയത്വവും ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി നാം, സാധാരണ ജനങ്ങള്‍ അനുദിനവും ഘോഷിച്ചുകൊണ്ടേയിരിക്കുന്നുവെന്നുള്ളതുകൊണ്ടാണ്. എന്നാല്‍ മോദി ഷാ ദ്വന്ദ്വങ്ങള്‍ അധികാരത്തിന്റെ ഇടനാഴികഴിലൂടെ തങ്ങളുടെ ദംഷ്ട്രകള്‍ പുറത്തു കാട്ടി കറങ്ങി നടക്കുവാന്‍ തുടങ്ങിയതോടെ ഭരണഘടനയ്ക്കു മുകളില്‍ ഭീതിയുടെ കറുത്ത നിഴല്‍ വീണു. ഭരണഘടനയും മോദിയും മുഖാമുഖം വരുമ്പോഴെല്ലാം മോഡി ശ്രീലാളിതനായി.

ജസ്റ്റീസ് ലോയയുടെ പേര് നിയമവൃത്തങ്ങളെ ഭയപ്പെടുത്താന്‍ ശക്തിയുള്ള ഒന്നായി മാറ്റിയെടുക്കാന്‍ നരേന്ദ്രമോദിക്ക് കഴിഞ്ഞു. ‘ലോയയുടെ വിധി’ നീതിപീഠങ്ങളെ സ്വതന്ത്രമായി തീരുമാനമെടുക്കുന്നതില്‍ നിന്നും തടഞ്ഞു നിറുത്താന്‍ സഹായിച്ചു. സജ്ജീവ് ഭട്ടിന്റെ കഥയാകട്ടെ, നിര്‍ഭയരായ അന്വേഷണ ഉദ്യോഗസ്ഥന്മാരെപ്പോലും ഭയപ്പെടുത്താന്‍ പോന്നതുമായി. ജനാധിപത്യത്തിലെ ഒരു തരത്തിലുമുള്ള അന്തസ്സുകളെയും മാനിക്കാത്ത തരത്തില്‍ എന്തും വിളിച്ചു പറയാനും എതിരാളികള്‍‌ക്കെതിരെ ഏതു നിലയ്ക്കുള്ള ആക്ഷേപങ്ങള്‍ ഉന്നയിക്കാനും മോദിക്കും കൂട്ടര്‍ക്കും ഭയപ്പെടേണ്ടതില്ലെന്ന് തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു.

തനിക്കെതിരെ നിലകൊള്ളുന്ന ഏതൊന്നിനേയും തട്ടിമാറ്റുക എന്ന ഫാസിസ്റ്റ് രീതികളുടെ തനിയാവര്‍ത്തനമാണ് അമിത് ഷായും മോദിയും നടത്തിക്കൊണ്ടിരിക്കുന്നത്. അല്ലെങ്കില്‍ 2019 ലെ ഇലക്ഷന്‍ പ്രഖ്യാപിച്ചതിനു ശേഷം പെരുമാറ്റ ചട്ടങ്ങളെ സുവ്യക്തമായും മോഡി ലംഘിച്ചുവെന്ന് ബോധ്യപ്പെട്ട നാലുപരാതികളാണ് ഒരു കാരണവും കാണിക്കാതെ, ആവശ്യമായ അന്വേഷണങ്ങളൊന്നും നടത്താതെ ഇലക്ഷന്‍ കമ്മീഷന്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. എന്തുകൊണ്ടാണ് പരാതി നിരസിച്ചതെന്ന്, എന്തുകൊണ്ടാണ് മോദിക്ക് ക്ലീന്‍ ചിറ്റ് നല്കിയതെന്ന് പരാതിക്കാരനോടുപോലും വ്യക്തമാക്കാത്ത കമ്മീഷന്‍ പ്രവര്‍ത്തനം മോദിയെ മാത്രം തൃപ്തിപ്പെടുത്താനുള്ളതാണെന്ന് പൊതുജനങ്ങള്‍ ആശങ്കപ്പെട്ടാല്‍ കുറ്റം പറയാനാകില്ല.

മോദിയെ നാം തിരിച്ചറിയാന്‍ വൈകിയെങ്കിലും ടൈം മാഗസിനില്‍ വന്ന ലേഖനം അയാള്‍ എന്താണെന്ന് ലോകത്തോടു വിളിച്ചു പറയുന്നതാണ്. ഹിന്ദു മതത്തിന്റെ അടരുകള്‍ക്കുള്ളില്‍ പതുങ്ങിയിരിക്കുന്ന ഈ ഏകാധിപതിയില്‍ നിന്നും മുക്തി നേടുക എന്നതാണ് ആ മതത്തിന്റെ നിലനില്പു വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. അതുകൊണ്ട് വൈകിയ ഈ വേളയിലെങ്കിലും ഒരു മോദിമുക്തഭാരതം നാം സ്വപ്നം കണ്ടു തുടങ്ങേണ്ടിയിരിക്കുന്നു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *