Fri. Apr 26th, 2024
#ദിനസരികള്‍ 753

വെട്ടുക മുറിയ്ക്കുക പങ്കുവെയ്ക്കുക
രാജ്യം പട്ടണം, ജനപഥമൊക്കെയും
കൊന്നും തിന്നും വാഴുക പുലികളായ്
സിംഹങ്ങളായും, മര്‍ത്യരാവുക മാത്രം വയ്യ
ജന്തുത ജയിക്കുന്നു –

മര്‍ത്യതയ്ക്കുമുകളില്‍ ജന്തുതയുടെ വിജയം സുനിശ്ചിതപ്പെടുത്തുന്ന ഈ വരികള്‍ എഴുതിയത് ഒ എന്‍ വിയാണ്. 1986 ൽ സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ട് എഴുതപ്പെട്ട അശാന്തിപര്‍വം എന്ന കവിതയിലെ ഈ വരികള്‍ അതിലും തീക്ഷ്ണമായ സാഹചര്യങ്ങളെയാണ് ഇന്ന് അഭിമുഖീകരിക്കുന്നത്. മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ വന്യരായിക്കൊണ്ടിരിക്കുന്നു. ന്യായാസനങ്ങള്‍ മലിനപ്പെടലുകളുടെ പരമാവധിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. ഭാരതം എന്ന മഹാരാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിന്നോട്ടടികളെ നേരിട്ടുകൊണ്ടിരിക്കുന്നു.

ഇതിനുമുമ്പും നമ്മുടെ രാജ്യം പലതവണ മതവര്‍ഗ്ഗീയതയെ അതിതീക്ഷ്ണമായ സാഹചര്യങ്ങളില്‍ പലവട്ടം അഭിമുഖീകരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിയുടെ കാലങ്ങളിലായിരിക്കണം അതൊരു പക്ഷേ പരമാവധിയിലേക്ക് എത്തിപ്പെട്ടത്. അന്ന് ഹിന്ദുക്കളാര് മുസ്ലിമാര് എന്നൊരു ചോദ്യം മാത്രമേ നമ്മുടെ രാജ്യത്ത് മുഴങ്ങിയിരുന്നുള്ളു. മറ്റെല്ലാംതന്നെ അപ്രസക്തമായ കാലം. ഹിന്ദുവിനെ മുസ്ലിമും തിരിച്ചും വ്യത്യസ്ത മതങ്ങളിലായിരിക്കുന്നുവെന്ന കാരണം കൊണ്ടു മാത്രം ആക്രമിക്കപ്പെട്ട കാലം. ഈടുവെയ്പ്പുകളെല്ലാം വിട്ടെറിഞ്ഞ് വിഘടിപ്പിക്കപ്പെട്ടവരായി അവര്‍ രാജ്യത്തിന് കുറുകെയും നെടികെയും സ്വന്തം കണ്ണുനീരിനാല്‍ തീര്‍ത്ത ചാലുകളിലൂടെ പുതിയതായി രൂപംകൊണ്ട് രണ്ടു രാജ്യങ്ങളിലേക്കൊഴുകി. അവിടെ നിന്ന് തിരിച്ചും.

അന്ന് അരുത് അരുത് എന്ന് വിലപിച്ചുകൊണ്ട് രാജ്യത്തിനു ചുറ്റും ഓടി നടന്നിരുന്ന ഒരു വൃദ്ധന്റെ തണല്‍ ചിലപ്പോഴെങ്കിലും ആശ്വാസമായി നമുക്കു മുകളില്‍ വന്നുവീണിരുന്നു. ആ തണലില്‍ നാം പലപ്പോഴും ഇളവേറ്റു. അദ്ദേഹം കുത്തിപ്പിടിച്ചിരുന്ന വടിയുടെ താങ്ങില്‍ ഒരു മഹാരാജ്യം തങ്ങിക്കിടന്നു. ഒരു തീവ്രവാദി ആ തണലിനെ വെടിവെച്ചിടും വരെ!

അന്ന് പക്ഷേ ഒരു രാജ്യമെന്ന ആവശ്യത്തിനു ശേഷം നാം കുറേയൊക്കെ തണുക്കാന്‍ പരിശീലിച്ചു. പരസ്പരം മറക്കാനും ക്ഷമിക്കാനും പഠിച്ചു. എന്നാല്‍ ഹിന്ദുത്വ വര്‍ഗ്ഗീയത രാഷ്ട്രീയ ലക്ഷ്യങ്ങളെ മുന്‍നിറുത്തിക്കൊണ്ട് പുതിയ നീക്കങ്ങള്‍ നടത്തിയപ്പോള്‍ അവശേഷിച്ചിരുന്ന സ്വാസ്ഥ്യങ്ങളെ കടലെടുത്തു. ഇനിയൊരിക്കലും ഒരു തരത്തിലുമുള്ള ഐക്യപ്പെടലുകള്‍ ഉണ്ടാകരുതെന്ന മുന്‍കരുതലുകളോടെ ബാബറി മസ്ജിദിന്റെ അസ്തിവാരങ്ങളെ തോണ്ടി മാറ്റിയെറിഞ്ഞപ്പോള്‍ ജനതയെ കീറിമുറിച്ചുകൊണ്ട് രണ്ടാം വിഭജനത്തെ നാം നേരിട്ടു. എന്നാല്‍ പാകിസ്താനും ബംഗ്ലാദേശും സൃഷ്ടിക്കപ്പെട്ടപോലെയുള്ള ഭൌതികമായ വിഭജനായിരുന്നില്ല അത്. മറിച്ച് ജനതയെ ആത്മീയമായിത്തന്നെ രണ്ടായി വിഭജിച്ച, ഇനിയൊരിക്കും മുറിവില്ലാതെ മുന്നോട്ടു പോകാന്‍ അനുവദിക്കാത്ത ഒന്നായി 1991 ഡിസംബര്‍ 6 അവശേഷിക്കും. തകര്‍‌ത്തെറിഞ്ഞ ആരാധാനാലയം പുനര്‍ നിര്‍മ്മിച്ചുകൊടുക്കുക എന്ന ന്യായത്തിനു പകരം വീണ്ടും അന്യായങ്ങളെ സമര്‍ത്ഥമായി അടിച്ചേല്പിക്കുവാനാണ് നാം ഇപ്പോഴും ശ്രമിച്ചുതൊണ്ടിരിക്കുന്നത്.

അന്നുമുതല്‍ ഇന്ത്യ തങ്ങളുടെ രാജ്യം കൂടിയാണെന്ന സങ്കല്പം മുസ്ലീമിനെ സംബന്ധിച്ച് ആടിയുലഞ്ഞു. അവരുടെ മനസ്സില്‍ സംശയങ്ങളും സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകളും വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു. അസ്ഥാനത്തായിരുന്നില്ല ആ ആശങ്കകളെന്ന് കൂടുതല്‍ക്കൂടുതലായി തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തിന് ശത്രു ഒന്നേയുള്ള അത് മുസ്ലിമാണ് എന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുവാന്‍ ഹിന്ദുത്വക്ക് കഴിഞ്ഞിരിക്കുന്നു. അവസ്ഥകളെ മുതലെടുത്തുകൊണ്ട് ന്യൂനപക്ഷവര്‍ഗ്ഗീയതയുടെ പ്രവാചകന്മാര്‍ ചൂണ്ടക്കൊളുത്തുകളെ നാട്ടിലെങ്ങും വിതറിയിട്ടിരിക്കുന്നു. നിഷ്കളങ്കരെ മുന്‍നിറുത്തി അവര്‍ കുഴപ്പങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

പോംവഴികള്‍ ഒട്ടും സങ്കുചിതത്വങ്ങളില്ലാത്ത ജനതയായി നാം മാറുക മാത്രമാണ്. ഹിന്ദുത്വയുടെ ചിറകിലേറി അധികാരത്തിലിരിക്കുന്നവര്‍ പ്രചരിപ്പിക്കുന്ന അന്ധതയെ തിരസ്കരിക്കുകയെന്ന വലിയ ഉത്തരവാദിത്തമാണ് നമുക്ക് നിറവേറ്റാനുള്ളത്. തണലുകളെങ്ങുമില്ലാത്ത മരുഭൂയാത്രയില്‍ പരസ്പരം തണലാകുക എന്നല്ലാതെ മറ്റെന്തു പോംവഴി?

ഇനിയും ജന്തുതയെ ഇവിടെ വിജയക്കൊടി പാറിക്കാന്‍ അനുവദിച്ചുകൂടാ, അവസാനത്തെ പിടച്ചിലുകള്‍ക്കുവേണ്ടിയെങ്കിലും നാം ഒന്നെഴുന്നേല്ക്കുക!

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *