നോർത്ത് 24 പർഗാനാസ്:
ലോക്സഭ തിരഞ്ഞെടുപ്പിൽ, വോട്ടർമാരെ സ്വാധീനിയ്ക്കാനായി ഉയർന്ന സുരക്ഷാസംവിധാനത്തിൽ കഴിയുന്ന ബി.ജെ.പി. നേതാക്കൾ പണം വിതരണം ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വെള്ളിയാഴ്ച ആരോപിച്ചു.
“തിരഞ്ഞെടുപ്പിൽ എന്തിനാണ് ഇത്രയും പണം ചെലവഴിക്കുന്നത്? ഇത്രയും പണം കുഴൽപ്പണമായി എങ്ങനെയാണ് വിതരണം ചെയ്യപ്പെടുന്നത്? ഒരു ബി.ജെ.പി. സ്ഥാനാർത്ഥി കോടിക്കണക്കിനു രൂപയുമായി ഇന്നലെ പിടിക്കപ്പെട്ടു. സെഡ്- പ്ലസ്, വൈ- പ്ലസ് വിഭാഗത്തിൽ സുരക്ഷയിൽ കഴിയുന്ന ബി.ജെ.പി. നേതാക്കൾ ഇന്നും പണം നിറച്ച പെട്ടികളുമായെത്തുന്നു,” ഒരു തിരഞ്ഞെടുപ്പു റാലിയ്ക്കിടെ മമത ബാനർജി പറഞ്ഞു.
ഘാടൽ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർത്ഥി, ഭാരതി ഘോഷിന്റെ കാറിൽ നിന്ന്, വ്യാഴാഴ്ച രാത്രി, 1.13 ലക്ഷം രൂപ പിടിച്ചിരുന്നു. പണം പിടിച്ചെടുത്തതിനെക്കുറിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, തിരഞ്ഞെടുപ്പ് കമ്മീഷനു റിപ്പോർട്ടും സമർപ്പിച്ചിരുന്നു.
ഘാടൽ മണ്ഡലത്തിൽ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. ബംഗാളി നടനും തൃണമൂൽ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിയുമായ ദീപക് അധികാരിയാണ്, ബി.ജെ.പി. സ്ഥാനാർത്ഥിയായ ഭാരതി ഘോഷിന്റെ മുഖ്യ എതിരാളി.