കൊൽക്കത്ത:
കുട്ടിക്കാലത്ത് എന്നും രാവിലെ 5.30 നു രവീന്ദ്രനാഥടാഗോർ രചിച്ച രബീന്ദ്രസംഗീതം റേഡിയോയിൽ, താൻ കേൾക്കാറുണ്ടായിരുന്നെന്ന് മൻ കി ബാത്ത് എന്ന റേഡിയോ പരിപാടിയിൽ പ്രധാനമന്ത്രി മോദി പറയുകയുണ്ടായി. എന്നാൽ അതിലെ വാസ്തവികതയെ ചോദ്യം ചെയ്തിരിക്കുകയാണ് ആകാശവാണിയിലെ മുൻ അധികാരികളും, പ്രതിപക്ഷനേതാക്കളും.
രാവിലെ 5.30 ന് രബീന്ദ്രസംഗീതം ഉണ്ടാവാറുണ്ടെന്നും, അതു കേട്ടുകൊണ്ടാണ് എന്നും രാവിലെ എഴുന്നേൽക്കുന്നതെന്നും, എന്നാലും ബംഗാളി ഭാഷ തനിക്കറിയില്ലെന്നുമാണ് മൻ കി ബാത്തിൽ മോദി പറഞ്ഞത്.
മോദിയുടെ കുട്ടിക്കാലത്ത് ഏതെങ്കിലും ഒരു റേഡിയോ സ്റ്റേഷൻ രബീന്ദ്രസംഗീതം രാവിലെ 5.30 നു പ്രക്ഷേപണം ചെയ്തിരുന്നതായി തനിക്കറിവില്ലെന്ന് കൊൽക്കത്ത ആകാശവാണിയുടെ മുൻ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന ജഗന്നാഥ് ബസു ഒരു മാധ്യമത്തോടു പറഞ്ഞു. കൊൽക്കത്ത ആകാശവാണി രബീന്ദ്രസംഗീതം പ്രക്ഷേപണം ചെയ്തിരുന്നത് രാവിലെ 7.30 നാണെന്നും അദ്ദേഹം പറഞ്ഞു.
‘പ്രധാനമന്ത്രിയുടെ അഭിപ്രായം തെളിയിക്കുന്നത്, അദ്ദേഹം പറയുന്നതുപോലെയല്ല പ്രവർത്തിക്കുന്നത് എന്നാണ്. രബീന്ദ്രസംഗീതം റേഡിയോയിൽ എപ്പോഴാണ് പ്രക്ഷേപണം ചെയ്യുന്നത് എന്ന് അദേഹം അറിഞ്ഞിരിക്കണമെന്നും. ഏതു റേഡിയോ സ്റ്റേഷനെക്കുറിച്ചാണ് അദ്ദേഹം പറയുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ലെന്നും,’ പ്രധാനമന്ത്രിയുടെ വാക്കുകളെ പരിഹസിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും വിദ്യാഭ്യാസ മന്ത്രിയുമായ പാർത്ഥ ചാറ്റർജി പറഞ്ഞു.
രബീന്ദ്രസംഗീതം രാവിലെ 5.30ന് ഏതെങ്കിലും റേഡിയോയിൽ അവതരിപ്പിക്കാറുണ്ടെന്ന് ഒരിക്കലും കേട്ടിട്ടില്ലെന്നും, ആർക്കെങ്കിലും അറിയണമെങ്കിൽ വിവരാവകാശ അധികാരം ഉപയോഗിച്ച് കണ്ടെത്താമെന്നും ബംഗാൾ കോൺഗ്രസ് പ്രസിഡന്റ് അധിർ രഞ്ജൻ ചൌധരി പറഞ്ഞു.