ന്യൂഡൽഹി:
അയോധ്യ തർക്കഭൂമി കേസിൽ, മദ്ധ്യസ്ഥ ചർച്ചകൾക്കായി നിയോഗിച്ച മൂന്നംഗ സമിതിയ്ക്ക്, സുപ്രീം കോടതി, ആഗസ്റ്റ് 15 വരെ സമയം നീട്ടി നൽകി.
കാലാവധി നീട്ടിനൽകാൻ മൂന്നംഗ സമിതി ആവശ്യപ്പെട്ടതിനെത്തുടർന്നാണ്, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായുള്ള അഞ്ചംഗ ബെഞ്ച്, റിപ്പോർട്ട് സമർപ്പിക്കാൻ മദ്ധ്യസ്ഥ സമിതിയ്ക്ക് ആഗസ്റ്റ് 15 വരെ സമയം നീട്ടി നൽകിയിരിക്കുന്നത്.
മാര്‍ച്ച് മാസം എട്ടാം തീയതിയാണ് സുപ്രീംകോടതി മുൻ ജഡ്ജി ഫക്കീർ മുഹമ്മദ് ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്ക് സുപ്രീം കോടതി രൂപം നല്‍കിയത്. ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. യു.പി. സര്‍ക്കാര്‍ നല്‍കിയ രേഖകളുടെ പരിഭാഷയെച്ചൊല്ലി രാംജന്മഭൂമി ന്യാസിന്റേയും സുന്നി വഖഫ് ബോര്‍ഡിന്റേയും അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം തുടരുന്നതിനാലാണ് മദ്ധ്യസ്ഥ ചര്‍ച്ച കോടതി നിര്‍ദ്ദേശിച്ചത്.