ന്യൂഡൽഹി:
മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കാനൊരുങ്ങിയ മുന്‍ സൈനികന്‍ തേജ് ബഹാദൂറിന്റെ പത്രിക തള്ളിയത് സംബന്ധിച്ച് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ഇന്ന് വിശദീകരണം നല്‍കും. അടിസ്ഥാനമില്ലാത്ത കാരണം ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസര്‍ പത്രിക തള്ളിയെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
പത്രിക അപൂർണമാണെന്ന് വിലയിരുത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയുണ്ടായത്. രണ്ടു സെറ്റ് പത്രികയാണ് തേജ് ബഹാദൂർ സമർപ്പിച്ചിരുന്നത്. രണ്ടാം സെറ്റ് പത്രികയിൽ ബി.എസ്.എഫിലെ ജോലിയുടെ വിവരങ്ങൾ നൽകിയിരുന്നില്ല. ഇതിൽ വ്യക്തത വരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. പതിനൊന്നു മണിക്ക് മുന്നേ രേഖകൾ ഹാജരാക്കാൻ ആയിരുന്നു നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ അനുവദിച്ച സമയത്തിനുള്ളിൽ മതിയായ വിശദീകരണം ലഭിക്കാതിരുന്നതോടെ വരണാധികാരി പത്രിക തള്ളുകയായിരുന്നു.
സൈനികർക്ക് നൽകുന്ന ഭക്ഷണം നിലവാരമില്ലാത്തതാണെന്ന പരാതിയുമായി 2017-ൽ തേജ് ബഹാദൂർ യാദവ് സാമൂഹികമാധ്യമങ്ങളിൽ വീഡിയോ പുറത്തുവിട്ടത് വൻ വിവാദമായിരുന്നു. അച്ചടക്കം ലംഘിച്ചതിന്റെ പേരിൽ അദ്ദേഹത്തെ സൈന്യത്തിൽനിന്ന് പുറത്താക്കുകയായിരുന്നു.