Thu. Apr 25th, 2024

ബെയ്‌ജിംഗ്:

ചൈനയിലെ പടിഞ്ഞാറൻ സിൻജിയാങ് പ്രവിശ്യയിൽ മുസ്ളീം പള്ളികൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നു. ‘ഗാർഡിയൻ’ പത്രവും ഓപ്പൺ സോഴ്സ് സൈറ്റായ ‘ബെല്ലിങ് കാറ്റും’ ഉപഗ്രഹ ചിത്രങ്ങൾ വച്ച് 91 മുസ്ലിം പള്ളികൾ വിശകലനം ചെയ്തിരുന്നു. ഇതിൽ 31 പള്ളികൾക്ക് 2016 നും 2018 നും ഇടയിൽ സാരമായ കേടുപാടുകൾ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങളിലൂടെ കണ്ടെത്തി. 15 എണ്ണം നിലംപരിശായി. മറ്റുള്ളവയുടെ പടിക്കെട്ടുകൾ,താഴികക്കുടങ്ങൾ,മിനാരങ്ങൾ എന്നിവ നീക്കിയിരിക്കുന്നു. മിനാരങ്ങൾ പോലെ പള്ളിയെന്ന തിരിച്ചറിയൽ അടയാളങ്ങൾ ഇല്ലാത്ത 9 മുസ്ളീം കേന്ദ്രങ്ങളും തകർക്കപ്പെട്ടു.

ഉയിഗർ മുസ്ലിം തീർത്ഥാടന കേന്ദ്രമായ ‘ഇമാം അസിം’ പള്ളിയാണ് തകർക്കപ്പെട്ടവയിൽ പ്രമുഖമായത്. ഇവിടേക്ക് 70 കിലോമീറ്റർ ഹോട്ടാൻ മരുഭൂമിയിലൂടെ നടന്ന് ഭക്തർ പള്ളിയിൽ എത്തിയിരുന്നു. മൂന്നു തവണ ഇവിടെ എത്തുന്നത് ഹജ്ജിനു തുല്യം ആയി അവർ കണക്കാക്കിയിരുന്നു. എന്നാൽ സൂഫി ആചാരങ്ങളുള്ള പള്ളി ഇപ്പോൾ പൂർണ്ണമായും പൊളിച്ചു മാറ്റി കുഴിമാടങ്ങൾ മാത്രം അവശേഷിക്കുന്ന കാഴ്ചയാണ്. കാർഗിലിക്ക് പള്ളി, യുത്യൻഐത്തിക പള്ളി തുടങ്ങിയ പ്രമുഖ പള്ളികളും തകർക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.

സ്വയംഭരണ പ്രവിശ്യയായ സിൻ ജിയാങിൽ ഉയിഗർ, കസാക്ക്, കിർഗിസ്ഥാൻ വംശജരായ ഇരുപതു ലക്ഷത്തോളം മുസ്ലീമുകളുണ്ട്. തുർക്കിഷ് സംസാരിക്കുന്ന ഇവർ ചൈനീസ് ഭരണകൂടത്തിൽ നിന്നും കൊടിയ പീഡനങ്ങളാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ സാംസ്‌കാരിക തനിമ മുറിച്ചു മാറ്റുകയാണ് ചൈനീസ് സർക്കാരിന്റെ ലക്ഷ്യം.

മതതീവ്ര വാദങ്ങളെ ചെറുക്കാൻ എന്ന പേരിൽ ചൈനീസ് സർക്കാർ ഒരു ‘പുനർ വിദ്യാഭ്യാസ പദ്ധതി’ ഇവരുടെ മേൽ അടിച്ചേൽപ്പിച്ചിട്ടുണ്ട്. ഫലത്തിൽ ഇത്തരം ക്യാമ്പുകൾ പീഡന കേന്ദ്രങ്ങൾ ആകുന്നു എന്നാണ് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്. 15 ലക്ഷം ഉയിഗർ മുസ്ലിംകളെ പുനർ വിദ്യാഭ്യാസ ക്യാമ്പുകളിലേക്ക് അയച്ചിട്ടുണ്ട്. ഇതിൽ പ്രമുഖ കവി അബ്ദുറഹീം ഹെയിറ്റിനെ ഒൻപതു വർഷമായി തടവിലിട്ടിരിക്കുകയാണ്. പൈതൃകത്തെ ആദരിക്കാൻ യുവാക്കളോട് ആവശ്യപ്പെടുന്ന “പിതാക്കൾ” എന്ന കവിത അദ്ദേഹം എഴുതിയതാണ് കുറ്റം.

ചൈനയുടെ ചില ഭാഗങ്ങളിൽ മുസ്ലിം വേഷം ധരിക്കുന്നതിനും, പ്രാർത്ഥനകൾ നടത്തുന്നതിനും നിരോധനം ഉണ്ട്. കഴിഞ്ഞ ജനുവരിയിൽ ‘ഇസ്ലാമിനെ സോഷ്യലിസത്തിനു അനുയോജ്യമാക്കിയെടുക്കുക’ എന്നൊരു പഞ്ചവത്സര പദ്ധതിക്ക് ചൈനീസ് സർക്കാർ രൂപം കൊടുത്തിരുന്നു.

എന്നാൽ ആരോപണങ്ങളെല്ലാം ചൈനീസ് സർക്കാർ നിഷേധിക്കുകയാണ്. ചൈന മുസ്ലീമുകളെ അടിച്ചൊതുക്കുന്നു എന്ന ആരോപണങ്ങൾക്ക് അങ്ങനെയൊരു സംഭവമേയില്ല എന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവിന്റെ പ്രതികരണം. ചൈനയിൽ രണ്ടു കോടി മുസ്ലീമുകളും, 35000 മുസ്ലിം പള്ളികളും ഉണ്ടെന്നും വിശ്വാസികൾക്ക് നിയമവിധേയമായി മതകാര്യങ്ങളിൽ ഇടപെടാനുള്ള എല്ലാ സ്വാതന്ത്ര്യം ഉണ്ടെന്നുമാണ് ചൈനീസ് സർക്കാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *