പാലക്കാട്:
സ്പിരിറ്റ് കടത്തിനിടെ എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടിച്ചു കടന്ന സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അത്തിമണി അനിൽ പോലീസ് കസ്റ്റഡിയിൽ. പാലക്കാട് തത്തമംഗലത്തിന് സമീപത്ത് നിന്ന് എക്സൈസ് ഇന്‍റലിജൻസ് സ്ക്വാഡ് പിടികൂടിയ 525 ലിറ്റർ സ്പിരിറ്റ് കടത്തിയ കേസിൽ ഒളിവിലായിരുന്ന അത്തിമണി അനിലിനെ ചിറ്റൂർ റേഞ്ച് എക്സൈസ് സംഘമാണ് വലയിലാക്കിയത്. മൂന്ന് ദിവസം മുൻപ് സ്പിരിറ്റുമായി വന്ന വാഹനത്തിൽ നിന്നും ഇറങ്ങി ഓടി ഒളിവിലായിരുന്ന അനിലിനെ തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നാണ് പിടികൂടിയത്.
പ്രാദേശിക രാഷ്ട്രീയ തർക്കത്തിന്‍റെ പേരിൽ തന്നെ ബലിയാടാക്കിയെന്ന് ഒളിവിലായിരിക്കുമ്പോൾ അത്തിമണി അനിൽ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഗൂഡാലോചനയ്ക്ക് പിന്നിൽ പ്രാദേശിക ദൾ നേതാക്കളാണ് എന്നായിരുന്നു അനിലിന്റെ വെളിപ്പെടുത്തൽ.
ജനതാദൾ (എസ്) പ്രവർത്തകരെ വെട്ടിയത് ഉൾപ്പെടെ അനിൽ പ്രതിയായ നിരവധി ക്രിമിനൽ കേസുകളുണ്ട്. രാഷ്ട്രീയസ്വാധീനത്തിൽ കേസുകൾ ഇല്ലാതാക്കിയും എതിരാളികളെ ഭയപ്പെടുത്തിയുമായിരുന്നു അനിലിന്റെ കച്ചവടം.
തത്തമംഗലത്തിന് സമീപത്തു നിന്ന് പിടിച്ചെടുത്ത സ്പിരിറ്റ് മീനാക്ഷീപുരത്തുളള തെങ്ങിൻതോപ്പുകളിലേക്ക് എത്തിച്ചു വ്യാജ കള്ള് ഉത്പാദിപ്പിക്കാനാണ് ഉപയോഗിക്കുന്നതെന്നാണ് എക്സൈസിന് ലഭിച്ച വിവരം. വ്യാജ കളള് നിർമ്മാണത്തിലെ പ്രധാന കണ്ണിയായ അത്തിമണി അനിലാണ് സ്പിരിറ്റ് കടത്തിന് പിന്നിലെന്നാണ് എക്സൈസ് പറയുന്നത്. പിടിയിലായ മണിയിൽ നിന്നാണ് ഇയാളെക്കുറിച്ചുളള വിവരം എക്സൈസിന് ലഭിച്ചത്.
പാലക്കാട് ജില്ലയിലെ സി.പി.എം നേതാക്കളുമായി അത്തിമണി അനിൽ അടുത്ത ബന്ധം പുലർത്തിയിരുന്നു. സ്പിരിറ്റ് പിടികൂടിയ ഉടൻ തന്നെ, കേസ്സൊഴിവാക്കാനായി നിരവധി സിപിഎം നേതാക്കൾ എക്സൈസിനെ തുടർച്ചയായി ബന്ധപ്പെട്ടതായും വിവരമുണ്ട്. സംസ്ഥാന എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരിൽ പലരും അനിലുമായി നേരിട്ടു ബന്ധമുള്ളവരാണ്.
വിവിധ ക്രിമിനൽകേസുകളിൽ ഉൾപ്പെട്ട അനിൽ വി.എസ് സർക്കാരിന്റെ കാലത്തു ഗുണ്ടാനിയമത്തിൽ അറസ്റ്റിലായി കണ്ണൂർ സെൻട്രൽ ജയിലിൽ കിടന്നിട്ടുള്ള അനിൽ ഒരു കൊലക്കേസിലും പ്രതിയാണ്. സെൻട്രൽ ജയിൽ പാർട്ടി ബ്ലോക്കിലെ സിപിഎം തടവുകാരുമായുണ്ടായ അടുത്തബന്ധമാണ് ഇയാളെ പാർട്ടിയിലെത്തിച്ചത്. കേസിൽ പെട്ട അനിലിനെ സി.പി.എം പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.