പൊന്നാനി:
തിരഞ്ഞെടുപ്പിന് പിന്നാലെ പൊന്നാനിയിൽ ഇടതുമുന്നണിയിൽ തമ്മിലടി. സി.പി.ഐ യുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫ് പ്രവർത്തകർ നിലമ്പൂർ എം.എൽ.എയും, പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയുമായ പി.വി. അൻവറിന്റെ കോലം കത്തിച്ചു.
തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ സി.പി.ഐക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു പി.വി. അൻവർ ഉയർത്തിയത്. തിരഞ്ഞെടുപ്പില്‍ സി.പി.ഐ. തന്നെ സഹായിച്ചില്ലെന്നും, മുസ്‌ലിം ലീഗിനൊപ്പം ചേർന്ന് തന്നെ ദ്രോഹിക്കാനാണ് ശ്രമിച്ചതെന്നുമായിരുന്നു അൻവറിന്റെ പരാതി.
ഇതോടെ അൻവറിനു മറുപടിയുമായി സി.പി.ഐ. മലപ്പുറം ജില്ലാ നേതൃത്വവും രംഗത്തെത്തി. ബിസിനസ് രംഗത്തുണ്ടായ പ്രതിസന്ധിയില്‍ പ്രതീക്ഷിച്ച സഹായം സി.പി.ഐ. മന്ത്രിമാരില്‍ നിന്ന് കിട്ടാത്തതാണ് പി.വി. അൻവര്‍ പാര്‍ട്ടിക്കെതിരെ തിരിയാൻ കാരണമെന്നായിരുന്നു സി.പി.ഐ. ജില്ലാ സെക്രട്ടറി മറുപടി നല്‍കിയത്. അന്‍വറിന് നിയമം മറികടന്ന് സഹായങ്ങള്‍ നല്‍കാന്‍ സി.പി.ഐ. മന്ത്രിമാര്‍ക്ക് കഴിയില്ലെന്നും സി.പി.ഐ. നേതൃത്വം വ്യക്തമാക്കി.
കടുത്ത ഭാഷയിലാണ് എ.ഐ.വൈ.എഫ്. പൊന്നാനി മുനിസിപ്പല്‍ കമ്മിറ്റി ഫേസ്‌ബുക്കിലൂടെ അൻവറിനെതിരെ ആഞ്ഞടിച്ചത്. “അന്‍വറേ നിന്റെ സ്വത്തും കുടുംബമഹിമയും കണ്ടുമയങ്ങുന്നവരെയേ നീ കണ്ടിട്ടുള്ളു.. ഞങ്ങള്‍ നിനക്ക് വേണ്ടി രാവും പകലുമില്ലാതെ കഷ്ടപ്പെട്ടത് നെഞ്ചില്‍ ഇടത് പക്ഷമുള്ളത് കൊണ്ടാണ്.. പണത്തിന്റെ ഹുങ്കില്‍ കാര്യം കഴിഞ്ഞാല്‍ തള്ളിപ്പറയാനാണ് ഭാവമെങ്കില്‍ വിവരമറിയും.. ഇത് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയാണ്.” എന്നായിരുന്നു എ. ഐ. വൈ. എഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
പിന്നീട് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സി.പി.ഐ നേതാവും, വയനാട് മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥിയുമായ പി. പി. സുനീറിനെതിരേ അൻവർ രംഗത്തു വന്നതാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയത്. സുനീറിന്റെ പോക്ക് മുസ്‌ലിം ലീഗിലേക്കാണെന്ന് അന്‍വര്‍ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി. സുനീറിന് അടുപ്പം ലീഗ്, കോണ്‍ഗ്രസ് നേതാക്കളുമായിട്ടാണ്. സുനീറിന്റെ സ്ഥാനാർത്ഥിത്വത്തിനു ഇടതുമുന്നണി വലിയ വില നല്‍കേണ്ടിവരുമെന്നും അന്‍വര്‍ പറഞ്ഞു.
സുനീറിനെതിരെ അൻവറിന്റെ പ്രസ്‌താവന വന്നതോടെ സി.പി.ഐക്കെതിരെ പറഞ്ഞാല്‍ അന്‍വറിനെ ഇനി പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നാരോപിച്ച് മലപ്പുറത്തും, പൊന്നാനിയിലും എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ പി.വി.അന്‍വറിന്റെ കോലംകത്തിച്ച് പ്രതിഷേധിച്ചു. ഇടതുപക്ഷ മനസ് നഷ്ടപ്പെട്ട എം.എല്‍.എയാണ് പി.വി. അന്‍വറെന്നും എ.ഐ.വൈ.എഫ്. ആരോപിച്ചു. സി.പി.എം. ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് എ.ഐ.വൈ.എഫ്. മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. സമദ് ആവശ്യപ്പെട്ടു. മലപ്പുറം ടൗണിലും, പൊന്നാനി ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് പ്രവര്‍ത്തകര്‍ എ.ഐ.വൈ.എഫ്. കോലം കത്തിച്ചത്.
പി. വി. അൻവറിനെതിരെ സി.പി.ഐ. മലപ്പുറം ജില്ലാ കൗണ്‍സില്‍ സംസ്ഥാന നേതൃത്വത്തിന് പരാതിയും നല്‍കിയിട്ടുണ്ട്. അൻവറിന്‍റെ പ്രകോപനപരമായ പ്രസ്താവനകള്‍ തുടരുന്ന സാഹചര്യത്തിലാണ് സി.പി.ഐ. മലപ്പുറം ജില്ലാ കൗണ്‍സില്‍ സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. അൻവര്‍ പലവട്ടം മുന്നണി മര്യാദ ലംഘിച്ചിട്ടും സി.പി.എം. മൗനം തുടരുന്നതിലും സി.പി.ഐക്ക് അതൃപ്തിയുണ്ട്.
മലപ്പുറം ജില്ലയിലെ ലീഗ്-കോൺഗ്രസ്സ് അസ്വാരസ്യം മുതലെടുക്കാൻ ആയിരുന്നു മുൻ കോൺഗ്രസുകാരൻ കൂടിയായ അൻവറിനെ പൊന്നാനിയിൽ സി.പി.എം. മത്സരത്തിന് ഇറക്കിയത്. പക്ഷെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അത് സി.പി.ഐ – സി.പി.എം സംഘർഷത്തിലേക്ക് വഴി മാറിയോ എന്ന ആശങ്കയിലാണ് ഇടതു മുന്നണി പ്രവർത്തർ.