Sat. Apr 27th, 2024

കോഴിക്കോട്:

കെ.എസ്.ആര്.ടി.സി. ലോ ഫ്ലോര്‍ ബസ്സുകളില്‍ ഭിന്നശേഷിക്കാർക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യം പുനഃസ്ഥാപിക്കും. നേരത്തെ ലോ ഫ്ലോര് ബസ്സുകളില് ഭിന്നശേഷിക്കാര് വീല്‍ ചെയര്‍ കയറ്റാനുള്ള റാംമ്പും അത് ഘടിപ്പിക്കാനുള്ള സ്ഥലവും ഉണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി. പരിഷ്കരണത്തിന്റെ ഭാഗമായി ഇത് എടുത്തുകളയുകയായിരുന്നു. തുടർന്ന് ഭിന്നശേഷിക്കാരുടെ വിവിധ സംഘടനകളിൽ നിന്നും പ്രതിഷേധം ശക്തമായതോടെയാണ് സൗകര്യം പുനഃസ്ഥാപിക്കാൻ തീരുമാനമായത്.
ആരുടെയും സഹായമില്ലാതെ തന്നെ ഇലക്ട്രോണിക് വീൽചെയർ ഉപയോക്താകൾക്ക് എവിടെയും യാത്ര ചെയ്യാമായിരുന്നു. ബസ്സിന്റെ മധ്യത്തിലായുള്ള വാതിലിനോട് ചേർന്നാണ് റാംപുണ്ടായിരുന്നത്. ബസ്സിൽ കയറിയാലും ഉരുണ്ടു പോകാതിരിക്കാൻ വിൽ ചെയർ ഒരു ഭാഗത്ത് ലോക്ക് ചെയ്യുന്ന സംവിധാനവും ലോഫ്ലോർ വോൾവ പോലുള്ള ബസ്സുകളിലുണ്ടായിരുന്നു. പരസഹായമില്ലാതെ വീട്ടിൽ നിന്നും പുറത്തേക്ക് യാത്ര ചെയ്യാൻ പറ്റാതിരുന്ന ഭിന്നശേഷിക്കാർക്ക് പുതിയ ലോകം തുറന്നു കൊടുക്കുന്നതായിരുന്നു ഈ സംവിധാനം. എന്നാൽ കെ.എസ്.ആർ.ടി.സി പരിഷ്കരണത്തിന്റെ ഭാഗമായി ഈ സംവിധാനം കൊട്ടി അടയ്ക്കുകയായിരുന്നു. ഡ്രൈവർ കം കണ്ടക്ടർ എന്ന തസ്തിക നടപ്പാക്കിയത് പിന്നാലെയായിരുന്നു ഈ മനുഷ്യത്വ രഹിതമായ നടപടി. ഇതിന്റെ ഭാഗമായി വീല്ചെയര് വെക്കാനുള്ള സ്ഥലത്ത് സാധാരണ സീറ്റുകൾ ഘടിപ്പികയായിരുന്നു. അതു കൊണ്ട് തന്നെ റാംമ്പ് ഉപയോഗിച്ച് അകത്തു കടക്കാൻ സാധിക്കാതായി. പകരം ആരുടെയെങ്കിലും സഹായത്താൽ വീൽ ചെയർ പൊക്കി ബസ്സിലേക്ക് വെക്കേണ്ട അവസ്ഥയും ഇവർക്ക് ഒറ്റക്ക് യാത്ര ചെയ്യാൻ പറ്റാതാകുകയും ചെയ്തു. കൂടാതെ വീൽ ചെയർ ഉപയോഗിക്കുന്നവർക്ക് ബസ്സിന്റെ മധ്യ ഭാഗത്തുള്ള സ്ഥലം ഉപയോഗിക്കേണ്ടി വരികയും ഇത് മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടാകുകയും ചെയ്തു. ഇതിനെതിരേ ആൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ അടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു.
ഭിന്നശേഷിക്കാരനായ തിരുവനന്തപുരം സ്വദേശി മോനു വർഗീസ് ഇല്ക്ട്രോണിക് വീൽചെയർ ഉപയോഗിച്ച് കെ.യു.ആർ.ടി.സി. ബസിൽ കയറുന്നതിനായി സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് 2015-ൽ കെ.എസ്.ആർ.ടി.സി. മാനേജ്മെന്റിനും മുഖ്യമന്ത്രിക്കും നിവേദനം സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് കെ.യു.ആർ.ടി.സി. ലോഫ്ലോർ ബസുകളിൽ മധ്യ ഭാഗത്തെ വാതിൽ വഴി ഫോൾഡിങ് റാംപ് സൗകര്യമൊരുക്കിയത്.

സൗകര്യം അതേപടി നിലനിർത്താൻ നിർദേശിച്ചു.
കെ.എസ്.ആർ.ടി.സി. ലോ ഫ്ലോർ ബസ്സുകളിൽ ഭിന്നശേഷിക്കാർക്കുണ്ടായിരുന്ന സൗകര്യം പുനഃസ്ഥാപിക്കാൻ കെ.എസ്.ആർ.ടി.സി.യ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ലോ ഫ്ലോർ ബസ്സുകളിൽ സീറ്റുകള് ക്രമീകരിച്ചപ്പോൾ ഭിന്നശേഷിക്കാർക്കുള്ള സൗകര്യം നഷ്ടപ്പെട്ടതായി പരാതിയുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നേരത്തെ ഉണ്ടായിരുന്ന സൗകര്യം അതേപടി നിലനിർത്താൻ കെ.എസ്.ആർ.ടി.സി. യോട് നിർദേശിച്ചത്.
എ.കെ.ശശീന്ദ്രൻ
ഗതാഗത മന്ത്രി

Leave a Reply

Your email address will not be published. Required fields are marked *