Sat. Apr 20th, 2024

രാജ്യത്ത് നടക്കുന്ന സമരങ്ങൾക്ക് പിന്നിൽ ‘ആന്ദോളൻ ജീവികൾ’ എന്ന ഒരു പുതിയ വിഭാഗമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു മാസത്തിലധികമായി തുടരുന്ന കർഷക സമരത്തെയും അതിനെ പിന്തുണക്കുന്നവരെയും പരിഹസിച്ചുകൊണ്ടാണ് ഇന്ത്യയിൽ ആന്ദോളൻ ജീവികൾ എന്ന ഒരു വിഭാഗമുണ്ടെന്ന് നരേന്ദ്ര മോദി രാജ്യസഭയില്‍ പറഞ്ഞത്.

വിദ്യാർത്ഥി സമരം, കർഷക സമരം, തൊഴിലാളി സമരം ഇങ്ങനെ ഏത് സമരത്തിലും പ്രത്യക്ഷത്തിലോ പിന്നിലോ ആന്ദോളന്‍ ജീവികളുണ്ടാകും. സമരങ്ങളില്ലാതെ അവർക്ക് നിലനിൽക്കാനാവില്ല. ഇത്തരം ‘പരാന്നഭോജി’കളെ ജനങ്ങള്‍ തിരിച്ചറിയണമെന്നും മോദി മുന്നറിയിപ്പ് നല്‍കി.

ചരിത്രത്തിൽ സമാനമായ ഒരു പരാമർശമുണ്ട്. ലോകം വെറുക്കുന്ന നാസിസത്തിൻ്റെ പ്രയോക്താവായ ഹിറ്റ്ലർ ജൂതന്മാരെക്കുറിച്ച് പറഞ്ഞതിന് സമാനമാണ് മോദിയുടെ പരാന്നഭോജി പരാമര്‍ശം. മറ്റുള്ളവരെ കൊണ്ട് ജീവിക്കുന്ന പരാന്നഭോജികൾ അഥവ ഉപദ്രവകാരികളായ ബാക്ടീരിയ എന്നാണ് ഹിറ്റ്ലർ ജൂതരെക്കുറിച്ച് പറഞ്ഞത്. പരാന്ന ഭോജികളെന്ന് വിശേഷിപ്പിച്ച ജൂത വംശജരെ ഹിറ്റ്ലര്‍ വംശഹത്യക്ക് ഇരയാക്കി. ആയിരക്കണക്കിന് ആളുകളെ കോൺസൺട്രേഷൻ ക്യാംപുകളിൽ അടച്ച് കൂട്ടക്കൊലകൾ നടത്തി.

നരേന്ദ്ര മോദി ഇന്ത്യയിലെ സമര ജീവികളെ യുഎപിഎ ചുമത്തി ജയിലിൽ അടയ്ക്കുന്നു. ഭീമ കൊറേഗാവ്, ഡെൽഹി കലാപ കേസുകളിൽ ജയിലിൽ കഴിയുന്നവർ ഇത്തരം സമരജീവികളാണ്. ഇപ്പോൾ കർഷക സമരത്തിൽ പങ്കെടുക്കുന്ന 200ലേറെ പേരെ അറസ്റ്റ് ചെയ്തു. രണ്ട് മാസം കൊണ്ട് 160 കർഷക സമര ജീവികൾ സമരത്തിനിടയിൽ മരിച്ചു.

എന്നാൽ സമര ജീവികളായതിൽ അഭിമാനിക്കുന്നുവെന്നാണ് കർഷക നേതാക്കൾ പറഞ്ഞത്. ഇന്ത്യയെ ബ്രിട്ടീഷ് കോളനി വാഴ്ച്ചയിൽ നിന്ന് സ്വതന്ത്രമാക്കിയത് സമരങ്ങളും സമര ജീവികളാണ്. സ്വാതന്ത്ര്യ സമരത്തിന് എതിരായിരുന്ന സംഘപരിവാര്‍ സംഘടനകള്‍ ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കെടുത്തിട്ടില്ല എന്നതുകൊണ്ടാണ് തങ്ങളെ പരിഹസിക്കുന്നതെന്നും കർഷക നേതാക്കൾ പ്രതികരിച്ചു.

ആരാണ് ഇന്നത്തെ ഇന്ത്യയിലെ ആന്ദോളൻ ജീവികൾ?