ശബരിമലയിൽ സ്ത്രീ പ്രവേശനം തടയാൻ ആചാര സംരക്ഷണ നിയമം കൊണ്ടുവരുമെന്ന യുഡിഎഫ് പ്രഖ്യാപനം തെരഞ്ഞെടുപ്പിൽ വോട്ട് നേടാനുള്ള രാഷ്ട്രീയ തന്ത്രമാണ്. ആചാരം ലംഘിച്ചാൽ രണ്ട് വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുറത്തുവിട്ട കരട് നിയമത്തില്‍ പറയുന്നത്. നിര്‍ദ്ദിഷ്ട നിയമം തന്ത്രിക്ക് പരമാധികാരം നല്‍കുന്നതാണ്. 2019ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചതായി കരുതുന്ന വിശ്വാസ സംരക്ഷണ കാര്‍ഡ് നിയമസഭ തെരഞ്ഞെടുപ്പിലും വിജയിക്കുമെന്നാണ് യുഡിഎഫിന്‍റെ കണക്കുകൂട്ടല്‍.
മുസ്ലിം ലീഗിൻ്റെ താൽപര്യങ്ങൾക്ക് യുഡിഎഫ് കീഴടങ്ങുന്നുവെന്ന എൽഡിഎഫ് പ്രചാരണത്തെ മറികടക്കാനാണ് യുഡിഎഫ് ഹിന്ദു വിശ്വാസ പ്രീണന കാർഡ് പുറത്തെടുത്തത്. ബിജെപിയിലേക്ക് കോണ്‍ഗ്രസിന്‍റെ പരമ്പരാഗത ഹിന്ദു വോട്ടുകൾ പോകുന്നത് തടയാനുള്ള ശ്രമം കൂടിയാണിതെന്ന് കരുതാം. നിയമ മന്ത്രി എ കെ ബാലൻ യുഡിഎഫിനെ വെല്ലുവിളിച്ചതോടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ കരട് നിയമം പുറത്തുവിട്ടത്.
യുഡിഎഫിന്‍റെ നീക്കത്തെ മറികടക്കാൻ ദേവസ്വം ബോർഡുകൾ പിരിച്ചുവിടുമെന്നും ‘ലവ് ജിഹാദ്’ തടയാൻ നിയമം കൊണ്ടുവരുമെന്നുമാണ് ബിജെപി പ്രഖ്യാപിച്ചത്. രാഷ്ട്രീയക്കാരെ ഒഴിവാക്കി വിശ്വാസികളെ ഭരണം ഏൽപ്പിക്കുമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. അതിന് യുഡിഎഫും എല്‍ഡിഎഫും തയ്യാറുണ്ടോ എന്നാണ് സുരേന്ദ്രന്‍റെ വെല്ലുവിളി.
അതേ സമയം നേരത്തെ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് ഉറപ്പിച്ചുപറഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരും സിപിഎമ്മും നിലപാട് മാറ്റത്തിലാണ്. റിവ്യൂ പെറ്റീഷൻ വിധി എല്ലാവരുമായും ചർച്ച ചെയ്ത് നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. വിശ്വാസികളെ ചേർത്ത് പിടിച്ച് വർഗപരമായ ഐക്യമുണ്ടാക്കുമെന്ന് കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ പറയുന്നു. മാര്‍ക്സിസത്തിന്‍റെ അടിസ്ഥാന ദര്‍ശനമായ വൈരുധ്യാത്മക ഭൗതികവാദം പ്രായോഗികമല്ല എന്നുവരെ അദ്ദേഹം പറഞ്ഞുവെച്ചു.
ഫലത്തില്‍ സംഘ പരിവാറിന്‍റെ വര്‍ഗീയ അജണ്ടകളിലേക്ക് കേരള രാഷ്ട്രീയത്തെ വീണ്ടും എത്തിക്കുകയാണ് യുഡിഎഫ്. കേരളം നേരിടുന്ന വികസന പ്രശ്നങ്ങളും ജനങ്ങളുടെ ജീവിത പ്രശ്നങ്ങളും പരിഹരിക്കാനുള്ള മുന്നണികളുടെ നയ പരിപാടികള്‍ ചര്‍ച്ച ചെയ്യേണ്ട തെരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ആചാര സംരക്ഷണം പോലുള്ള കാലഹരണപ്പെട്ട വിഷയങ്ങള്‍ തിരിച്ചുവരുന്നത്. കേരളം നേടിയ എല്ലാ പുരോഗതിയെയും നേട്ടങ്ങളെയും പിന്നോട്ടുവലിക്കാനേ ഇത് സഹായിക്കൂ.