Wed. Jan 22nd, 2025

കർഷക സമരത്തിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന വാദവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. 2020 നവംബർ 26ന് ഡെൽഹിയിൽ തുടങ്ങിയ കർഷക സമരം 70ാം ദിവസത്തിലേക്ക് എത്തിയപ്പോള്‍ അന്താരാഷ്ട്ര പ്രശ്നമായി മാറിയതോടെയാണ് സര്‍ക്കാര്‍ പുതിയ പ്രചാരണം തുടങ്ങിയിരിക്കുന്നത്.

പോപ് ഗായിക റിഹാനയുടെയും സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുന്‍ബെര്‍ഗിന്‍റെയും പിന്തുണയാണ് സമരത്തെ അന്താരാഷ്ട്ര തലത്തിലെത്തിച്ചത്. അവരെ പിന്തുണച്ച് നിരവധി പേര്‍ രംഗത്ത് വന്നു. ഇതോടെയാണ് സമരത്തിന് പിന്നിൽ ഇന്ത്യയുടെ പ്രതിഛായ തകർക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന വാദവുമായി കേന്ദ്ര സർക്കാരും ബിജെപിക്കാരും സച്ചിൻ ടെണ്ടുൽക്കർ മുതൽ പി ടി ഉഷ വരെയുള്ള സെലിബ്രിറ്റികളും രംഗത്ത് വന്നത്.

ഇന്ത്യ യുണെെറ്റഡ് എന്ന ഹാഷ് ടാഗ് കാംപയിനിലൂടെ ആഭ്യന്തര മന്ത്രി അമിത് ഷായാണ് എതിര്‍ കാംപയിന്‍ തുടങ്ങിവെച്ചത്. ബോളിവുഡ് താരങ്ങളും സെലിബ്രിറ്റികളും അത് ഏറ്റെടുക്കുകയായിരുന്നു. കര്‍ഷക സമരം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും മറ്റാരും അതില്‍ തലയിടേണ്ടതില്ല എന്നുമായിരുന്നു അവരുടെ പ്രചാരണം.

അതോടൊപ്പം കര്‍ഷക സമര നേതാക്കള്‍ക്കും സമരാനുകൂലികള്‍ക്കും എതിരെ കടുത്ത നടപടികളും തുടങ്ങിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് 250 ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ചു. 300ഓളം സോഷ്യൽ മീഡിയ ഹാൻഡിലുകൾ വിദ്വേഷം സൃഷ്ടിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നത്.

സമരത്തിന് പിന്നിലെ അന്താരാഷ്ട്ര ഗൂഢാലോചന അന്വേഷിക്കാൻ ഡെൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഖാലിസ്ഥാൻ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ എന്ന ട്വിറ്റർ ഹാൻഡിൽ ഷെയർ ചെയ്ത ടൂൾ കിറ്റ് ആണ് ഗ്രേറ്റ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചതെന്നാണ് പൊലീസിന്‍റെ ആരോപണം. ഈ പദ്ധതിയാണ് ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ ഡെല്‍ഹിയില്‍ നടന്നത്.

കർഷക സമരത്തിൻ്റെ സോഷ്യൽ മീഡിയ ബന്ധം നിരീക്ഷണത്തിലാണെന്ന് ഡെൽഹി പൊലീസ് സ്പെഷൽ കമ്മീഷണർ പ്രവീർ രഞ്ജൻ പറയുന്നു. ഇന്ത്യക്കെതിരെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ യുദ്ധം നടത്താൻ പദ്ധതിയുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്.

സമരത്തെ നേരിടാൻ റോഡിൽ കുഴികളും അതിർത്തിയിലെന്ന പോലെ കമ്പി വേലികളും സ്ഥാപിച്ചു. സമരം ചെയ്യുന്ന മേഖലകളില്‍ ഇൻ്റർനെറ്റ് കട്ട് ചെയ്തു. സമരക്കാര്‍ക്ക് വെള്ളവും വെളിച്ചവും തടഞ്ഞു. 200ഓളം സമര നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവര്‍ക്കെതിരെ ദേശദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കര്‍ഷക സംഘടനകളുമായി സര്‍ക്കാര്‍ തുടങ്ങിവെച്ച ചര്‍ച്ചകള്‍ അനിശ്ചിതമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.  70 ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാൻ കഴിയാതെ കര്‍ഷകരെ അടിച്ചമർത്താനും ഗൂഢാലോചന വാദവുമായി രക്ഷപ്പെടാനും ശ്രമിക്കുന്ന പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തുകയാണ്. DNAയുടെ ഈ എപ്പിസോഡ് ചര്‍ച്ച ചെയ്യുന്നത് ഈ വിഷയമാണ്.