ഡൽഹി:
ബ്രിട്ടനിൽ നിന്നെത്തിയെ 6 പേർക്ക് ജനിതകമാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ബംഗളുരു നിംഹാൻസിൽ നടത്തിയ പരിശോധനയിൽ 3 പേർക്കും, ഹൈദരാബാദിൽ നടന്ന പരിശോധനയിൽ 2 പേർക്കും, പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിശോധനയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഡിസംബർ 23നും 25നും ഇടയിൽ ഏകദേശം 33000 ആളുകളാണ് ബ്രിട്ടനിൽ നിന്ന് രാജ്യത്ത് എത്തിയത്. ഇതിൽ 114 പേർക്കാണ് നേരത്തെ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. തുടർന്ന് ഇവരുടെ സ്രവ സാമ്പിളുകൾ രാജ്യത്തെ 10 പ്രധാനപ്പെട്ട ലാബുകളിലേക്ക് അയച്ചിരുന്നു. ഇതിൽ 6 പേർക്കാണ് ജനിതകമാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചത്.
ഈ ആറ് പേരെയും ഐസൊലേഷനിലേക്ക് മാറ്റിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതാത് സംസ്ഥാന സർക്കാരുകൾക്ക് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയായതായി കേന്ദ്രം വ്യക്തമാക്കി. ഇതാദ്യമായാണ് ഇന്ത്യയിൽ ബ്രിട്ടനിൽ കണ്ടെത്തിയ കോവിഡ് വകഭേദം കണ്ടെത്തുന്നത്.
എന്നാൽ, ഇവർ ഏതൊക്കെ സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് ഈ വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ബ്രിട്ടനിൽ നിന്നെത്തിയ 18 പേർക്ക് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ പുതിയ വൈറസ് ആണോ എന്നറിയാൻ സ്രവം പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
https://www.youtube.com/watch?v=YJkJADXEQaQ