കോഴിക്കോട്:
കേരളത്തില്‍ നടന്ന ഗവേഷണങ്ങളിലും കോവിഡ് വൈറസിന്റെ ജനിതമാറ്റം കണ്ടത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അതേസമയം, ബ്രിട്ടനിൽ ജനിതമാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാണോ ഇവിടെയും കണ്ടെത്തിയിട്ടുള്ളതെന്നതിൽ കൂടുതൽ ഗവേഷണം നടക്കുകയാണെന്നും കെകെ ശൈലജ പറഞ്ഞു.
വളരെ വേഗത്തില്‍ പകരുന്ന ജനിതകമാറ്റം സംഭവിച്ച വൈറസാണോ ഇതെന്നു പുണെയില്‍നിന്നുള്ള റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ വ്യക്തമാകൂ എന്നും മന്ത്രി പറഞ്ഞു. അതേസമയം, ബ്രിട്ടനില്‍ നിന്നെത്തിയ എട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ, നാല് വിമാനത്താവളങ്ങളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.
ജനിതക മാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയാല്‍ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പുതുതായി കണ്ടെത്തിയ വാക്സിന്‍ ജനിതക മാറ്റം സംഭവിച്ച വൈറസിനെ ചെറുക്കാനും ഫലപ്രദമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസുകള്‍ പടരുന്നുണ്ട്. ഇവ എത്രമാത്രം അപകടകാരി ആണെന്നതില്‍ ശാസ്ത്രലോകം പഠനങ്ങള്‍ തുടരുകയാണ്. കൂടുതല്‍ വേഗത്തില്‍ പകരുന്ന വൈറസാണ്. കൂടുതല്‍ പേര്‍ക്ക് രോഗം പിടിപെടുന്ന അവസ്ഥ മരണനിരക്കിലും വർദ്ധനയുണ്ടാക്കിയേക്കാം.
അതിനാല്‍ ശക്തമായ നടപടിയാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. നേരത്തെ ബ്രിട്ടനില്‍ നിന്നെത്തിയവരേയും നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഷിഗല്ല രോഗം സംബന്ധിച്ച് ഭീതി ആവശ്യമില്ല. കൃത്യമായി ശുചിത്വം പാലിച്ചാല്‍ ഷിഗെല്ലയെ അകറ്റി നിര്‍ത്താമെന്നും മന്ത്രി കെകെ ശൈലജ പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം ഭയപ്പെട്ട രീതിയിലുള്ള വന്‍വര്‍ധന കേരളത്തിലുണ്ടായിട്ടില്ലെന്നും മരണനിരക്ക് കൂടിയിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട് കേന്ദ്രമായിട്ടാണ് ഗവേഷണം നടത്തിയത്. കോവിഡില്‍ മാറ്റമുണ്ടാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
യുകെയില്‍ വ്യക്തമായ ജനിതകമാറ്റം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. യുകെയില്‍നിന്ന് വന്ന എട്ടു പേര്‍ പോസിറ്റീവാണ്. കൂടുതല്‍ പരിശോധന നടക്കുകയാണ്, ശൈലജ പറഞ്ഞു.
അതേസമയം, എത്രത്തോളമാണ് ഇതിന്റെ വ്യാപനശേഷി എന്നതില്‍ വ്യക്തതയില്ല. യുകെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസാണോ എന്നറിയാന്‍ ബ്രിട്ടനില്‍നിന്നെത്തി കോവിഡ് പോസിറ്റീവായ എട്ട് പേരുടെ സാമ്പിളുകള്‍ പുനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്.
https://www.youtube.com/watch?v=W-FPwwRKbQo