Mon. Dec 23rd, 2024
two ministers met Arif Muhammad Khan to seek permission to hold special assembly meet
തിരുവനന്തപുരം:

പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നിയമമന്ത്രി എകെ ബാലനും കൃഷിമന്ത്രി വിഎസ് സുനില്‍കുമാറും ഗവര്‍ണറെ നേരിൽ രാജ്ഭവനിൽ എത്തി കണ്ടു.

വരുന്ന 31 ാം തീയതി നിയസഭ സമ്മേളനം ചേരാനുള്ള അനുമതി തേടിയാണ് ഇപ്പോൾ മന്ത്രിമാർ ഗവർണറെ കണ്ടത്. പോസിറ്റീവായ നിലപാടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് മാത്രമാണ് മന്ത്രിമാർ ഗവർണറെ കണ്ട ശേഷം പ്രതികരിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ ഡിസംബര്‍ 23ന് ഒരു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന  ശുപാര്‍ശ നേരത്തെ ഗവര്‍ണര്‍ തള്ളിയിരുന്നു.

പ്രത്യേക യോഗം ചേരേണ്ടതിന്റെ അടിയന്തരസാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിസംബര്‍ 23ന് നടക്കേണ്ട നിയമസഭായോഗത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. ജനുവരി എട്ടിന് ബജറ്റ് സമ്മേളനം ചേരുന്നുണ്ട്.

അതിനുള്ള അനുമതി ഗവര്‍ണര്‍ നല്‍കുകയും ചെയ്തിരുന്നു. കാര്‍ഷിക നിയമത്തില്‍ അടിയന്തര സാഹചര്യം എന്ന് പറയുന്ന സര്‍ക്കാരിന് കുറച്ച് ദിവസംകൂടി കാത്തിരുന്ന് ജനുവരി 8ലെ ബജറ്റ് സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കാം  എന്നാണ് ഗവര്‍ണറുടെ നിലപാട്.

അടിയന്തര സാഹചര്യമുണ്ടായിരുന്നുവെങ്കില്‍ ബജറ്റ് സമ്മേളനത്തിന് അനുമതി തേടുന്നതിന്  മുമ്പ് പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി തേടാമായിരുന്നുവെന്നും അങ്ങനെയെങ്കില്‍ അനുമതി നല്‍കുമായിരുവെന്നുമാണ് രാജ്ഭവന്റെ നിലപാട്.

അതേസമയം, സഭയില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ നിരാകരിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. ഭരണഘടന സംരക്ഷിക്കുമെന്ന് സത്യവാചകം ചൊല്ലി സ്ഥാനമേറ്റ ഗവര്‍ണര്‍ക്ക് വ്യക്തിപരമായി യോജിപ്പില്ലെങ്കിലും സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിക്കുകയേ വഴിയുള്ളൂ.

ഇത് അംഗീകരിച്ച് ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം നിലപാട് വ്യക്തമാക്കിയിരുന്നു. ഗവര്‍ണറുടെ വിവേചനാധികാരം വ്യക്തിനിഷ്ഠമല്ല, ഭരണഘടന നല്‍കിയ അധികാരപരിധിക്കുള്ളിലാണ് ഗവര്‍ണറുടെ വിവേചനാധികാരം.

 

https://www.youtube.com/watch?v=GolhGYrZdYw

By Arya MR