Thu. Jan 23rd, 2025
Ouf Abdurahman, Dyfi Worker Murdered in kanhangad

കാഞ്ഞങ്ങാട്:

കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍റഹ്മാന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്. മൂന്ന് യൂത്ത് ലീഗ്  പ്രവര്‍ത്തര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഘര്‍ഷത്തില്‍ പരുക്കേറ്റ മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദും പ്രതിയാണ്.

തലക്ക് പരിക്കേറ്റ ലീഗ് പ്രവർത്തകൻ ഇർഷാദ് നിലവിൽ ചികിത്സയിലാണ്. ഇയാള്‍ക്കെതിരെയും കണ്ടാലറിയുന്ന രണ്ട് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.

മരിച്ച ഔഫ് അബ്ദുൾ റഹ്മാന്റെ സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഔഫിന്റേത് ആസൂത്രിത കൊലപാതകമാണെന്ന് സുഹൃത്ത് റിയാസ് ആരോപിച്ചു.കുത്തേറ്റ വീണ ഔഫിനെ ആശുപത്രിയിലെത്തിച്ചത് റിയാസ് ആയിരുന്നു.

കൊലയ്ക്ക് പിന്നില്‍ മുസ്ലീം ലീഗെന്ന് സിപിഎം ആരോപിച്ചു.  വോട്ടെണ്ണല്‍ ദിവസം മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകം എന്നാണ് ആരോപണം.

തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന് വാര്‍ഡ് നഷ്ടപ്പെട്ടതോടെയാണ് പ്രകോപനം തുടങ്ങിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

https://www.youtube.com/watch?v=mF0qOGK9t2Q

കാഞ്ഞങ്ങാട് മുണ്ടത്തോട് വച്ച് ഇന്നലെ രാത്രി 10.30-ഓടെയാണ്  കല്ലൂരാവി സ്വദേശി ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫ് എന്ന അബ്ദുൾ റഹ്മാൻ കൊല്ലപ്പെട്ടത്. 27 വയസായിരുന്നു.

ഔഫിന്റെ സുഹൃത്ത് ഷുഹൈബിനും കുത്തേറ്റു. ഇവര്‍ രണ്ടുപേരും ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരുന്നതിനിടെ കല്ലൂരാവി-പഴയ കടപ്പുറം റോഡില്‍ ഒരുസംഘം അക്രമികള്‍ തടഞ്ഞുനിര്‍ത്തി കുത്തുകയായിരുന്നു.

ഔഫിന് നെഞ്ചിലാണ് കുത്തേറ്റത്. കുത്തിയ ഉടന്‍ അക്രമികള്‍ ഇരുട്ടിലേക്ക് മറഞ്ഞു. ഔഫിനെ മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  ഔഫിൻ്റെ കൊവിഡ് ഫലം വന്ന ശേഷം മൃതദേഹം 12 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

 

 

By Binsha Das

Digital Journalist at Woke Malayalam