മലയാള കാവ്യഭൂമികയിലെ വിസ്മയമായ സുഗതകുമാരി ഇനിയില്ല. പ്രകൃതിയെയും സ്‌നേഹത്തെയും മാനവികതയെയും താളബോധത്തോടെ മലയാള മനസുകളില്‍ പകര്‍ത്തിവെച്ച എഴുത്തുകാരിയുടെ വിയോഗം സാഹിത്യലോകത്തിന് തീരാനഷ്ടം തന്നെയാണ്. എഴുത്തുകാർ എഴുതിയാൽ മാത്രം പോരെന്ന് ഇത്രയും ആധികാരികമായി സാക്ഷ്യപ്പെടുത്തിയ മറ്റൊരു സാഹിത്യപ്രതിഭ മലയാളത്തിന് വേറെയില്ല. 86-ാം വയസിൽ കൊവിഡ് ചികിത്സയിൽ ഇരിക്കെയാണ് സുഗതകുമാരി ടീച്ചറുടെ മരണം.
മാധവിക്കുട്ടിയുടെ ഓർമ്മയ്ക്കായി സുഗതകുമാരി തന്നെ നട്ടുവളർത്തിയ നീർമാതളത്തിന്റെ തണലിലായിരുന്നു സുഗതകുമാരിയുടെ 86-ാം പിറന്നാൾ ആഘോഷം. “ഈ നീർമാതളത്തിനു ചുവട്ടിൽ ഇരിക്കുമ്പോൾ എനിക്ക് പല ഓർമകളും ഉണ്ടാകും. കാടിനുവേണ്ടിയും പച്ചപ്പിനുവേണ്ടിയും പോരാടിയതിന്റെ ഓർമകളാണവ. എനിക്കിപ്പോൾ പ്രവർത്തിക്കാനും സംസാരിക്കാനും എഴുതാനും കഴിയില്ല. ഇനിയൊരു ജന്മമുണ്ടെങ്കിൽ പ്രകൃതിക്കുവേണ്ടി പ്രവർത്തിക്കാൻ കഴിയണമെന്ന ആഗ്രഹമാണുള്ളത്.” ഇതായിരുന്നു അവസാന പിറന്നാൾ ദിനത്തിൽ ആ പ്രകൃതി സ്നേഹി പറഞ്ഞ വാക്കുകൾ.

സ്വാതന്ത്രസമരസേനാനിയും എഴുത്തുകാരനുമായിരുന്ന ബോധേശ്വരന്റെയും പ്രഫ. വി കെ കാർത്ത്യായനിയമ്മയുടെയും മകളായി 1934 ജനുവരി 22ലാണ് ജനനം. പ്രകൃതിക്കുവേണ്ടിയുള്ള സമരമുഖങ്ങളുടെ മുൻനിരയിൽ സുഗതകുമാരി സജീവമായിരുന്നു. സൈലന്റ്‌വാലി, അട്ടപ്പാടി, ആറന്മുള എന്നിങ്ങനെ നീളുന്നു ആ സമര പോരാട്ടങ്ങളുടെ നിര. കൂടാതെ നിരാലംബരായ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമായി അഭയകേന്ദ്രം സ്ഥാപിച്ചു. സുഗതകുമാരി പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവിയെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ വാക്കുകൾ തീർത്തും ശെരിയാണ്.
സംസ്‌ഥാന വനിതാ കമ്മിഷൻ അധ്യക്ഷ, പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി, നവഭാരതവേദി വൈസ്‌പ്രസിഡന്റ്, കൺസ്യൂമർ പ്രൊട്ടക്‌ഷൻ സൊസൈറ്റിയുടെ പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, കേരള ഫിലിം സെൻസർ ബോർഡ് അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
മുത്തുച്ചിപ്പി, പാതിരാപ്പൂക്കള്‍, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, തുലാവർഷപ്പച്ച, രാധയെവിടെ, കൃഷ്ണകവിതകൾ, മണലെഴുത്ത്, സൈലന്റ് വാലി (നിശ്ശബ്ദ വനം), വായാടിക്കിളി, കാടിനു കാവൽ തുടങ്ങിയവയാണ് പ്രധാന കൃതികൾ.
സാഹിത്യത്തിനും സാമൂഹികസേവനത്തിനുമായി നിരവധി അംഗീകാരങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. 1961ല്‍ ആദ്യ കവിത മുത്തുച്ചിപ്പി പുറത്തിറങ്ങിയതു മുതല്‍ മരണം വരെ പ്രതിഷേധത്തിന്റെ കനലെരിയുന്ന കാവ്യമനസുമായി എഴുത്തിന്റെ വഴി തുടർന്നിരുന്നു. 2009ല്‍ മലയാളത്തിലെ സമുന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരവും സുഗതകുമാരിയെ തേടിയെത്തി.

2006ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2013ല്‍ രാജ്യത്തെ പ്രധാന പുരസ്‌കാരങ്ങളിലൊന്നായ സരസ്വതി സമ്മാനും ലഭിച്ചു. സാമൂഹ്യജീവിതത്തിന്റെ എല്ലാ തലങ്ങളിലും നിറഞ്ഞുനിന്നിരുന്ന സുഗതകുമാരി എന്നും പോരാട്ടവീഥിയിൽ മുൻപന്തിയിൽ തന്നെയായിരുന്നു.
ടീച്ചറുടെ സംസ്‌കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിൽ നടക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചാവും സംസ്‌കാരം നടത്തുക. പൊതുദർശനമില്ല. “ശവപ്പുശങ്ങൾ.. എനിക്കവ വേണ്ട.. മരിച്ചവർക്ക് പൂക്കൾ വേണ്ട. ജീവിച്ചിരിക്കുമ്പോൾ ഇത്തിരി സ്നേഹം തരിക.. അതുമാത്രം മതി” സ്നേഹത്തോടെ മണ്ണിന്റെ കവയിത്രിക്ക് വിട.