ദില്ലി:
ദില്ലി നിവാസികളുടെ ക്ഷേമത്തിന് എന്ന പേരിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നടത്തിയ പൂജയുടെ ചിലവ് 6 കോടി എന്ന വിവരാവകാശ രേഖ പുറത്ത്. ഇക്കഴിഞ്ഞ ദീപാവലി ദിനത്തിലാണ് വൈകീട്ട് 7.30ന് അക്ഷർധാം ക്ഷേത്രത്തിൽ അരവിന്ദ് കെജ്‌രിവാൾ പൂജ നടത്തിയത്.
ആം ആദ്മി പാർട്ടി നേതാവ് 30 മിനിറ്റ് നീണ്ട പൂജയ്ക്ക് ഓരോ നികുതി ദായകരുടെയും 20 ലക്ഷം രൂപ വീതമാണ് ഓരോ മിനിറ്റും ചിലവിട്ടതെന്ന് എന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.
വിവരാവകാശ രേഖകളിൽ പറയുന്നത് ദില്ലി ടൂറിസം ആൻഡ് ട്രാൻസ്‌പോർട്ടേഷൻ ഡിവലപ്മെന്റിന്റെ അറിയിപ്പ് പ്രകാരം പൂജ ദില്ലി സർക്കാരിന്റെ ഔദ്യോഗിക പരിപാടി ആണെന്നാണ്. വിവരാവകാശ രേഖയുടെ കോപ്പിയോടൊപ്പം ആക്ടിവിസ്റ്റായ സാകേത് ഗോഖലെയാണ് ഈ വിഷയം ട്വിറ്ററിലൂടെ രംഗത്തേക്ക് എത്തിച്ചിരിക്കുന്നത്.
ദില്ലി കലാപത്തിന്റെ ഇരകളായവർ അവിടെ നഷ്ടപരിഹാരം കാത്തിരിക്കുമ്പോഴാണ് ദില്ലി മുഖ്യമന്ത്രി ഇത്ര വലിയ ഒരു തുക ഒരു മതാചാരത്തിന് മുടക്കിയിരിക്കുന്നതെന്ന് എന്നാണ് സാകേത് ഗോഖലേ കുറിച്ചത്.
ഈ ആറ് കോടി മതാചാരത്തിന് ചിലവാക്കിയില്ലാരുന്നെങ്കിൽ അത് എത്ര കുടുംബങ്ങൾക്ക് നേട്ടമായേനെ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ദില്ലിയുടെ ക്ഷേമത്തിനെന്ന പേരിൽ അരവിന്ദ് കെജ്‌രിവാൾ ആർഭാടമായി നടത്തിയ ഈ പൂജ അന്ന് തന്നെ വലിയ വിവാദമായിരുന്നു.
ദില്ലിയിലെ അക്ഷർധാം ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും മറ്റ് മാത്രിമാരും അവരുടെ ഭാര്യമാരുടെ ഒപ്പമാണ് എത്തിയത്. വൈകിട്ട് 7.30 ന് ആരംഭിച്ച ചടങ്ങ് മുപ്പത് മിനിറ്റ് നീണ്ടു. ലക്ഷ്മി പൂജയുടെ ദൃശ്യങ്ങൾ പ്രാദേശിക ചാനലുകളിൽ തത്സമയം സംപ്രേഷണം ചെയ്തു. പൂജയുടെ ദൃശ്യങ്ങൾ കെജ്രിവാൾ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.
ദീപാവലി ദിനത്തിൽ അക്ഷർധാമിലെത്തി ലക്ഷ്മീ പൂജ നടത്തുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. പൂജയിൽ വെർച്വലായി പങ്കെടുക്കാൻ കെജ്രിവാൾ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സെക്കുലർ പാർട്ടിയുടെ നേതാവ് എന്ന നിലയിൽ നിന്ന് മതപരമായ കാര്യങ്ങളിലേക്ക് ചായ്‌വ് കാട്ടുന്ന അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രി മോദിയ്ക്ക് സമാനമായിക്കൊണ്ടിരിക്കുകയാണെന്ന വിമർശനങ്ങളാണ് കൂടുതലായും ഉയരുന്നത്.
https://www.youtube.com/watch?v=vkOUKGOEgQo