Wed. Jan 22nd, 2025
case-against-vellapally-and-son-on-the-death-of-kk-maheshan
ആലപ്പുഴ:

എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശൻ എസ്എൻഡിപി ശാഖ ഓഫീസിൽ തൂങ്ങി മരിച്ച സംഭവത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, അദ്ദേഹത്തിന്റെ സഹായി കെകെ അശോകൻ,  ബിഡിജെഎസ് അധ്യക്ഷനും എസ്എൻഡിപി ബോർഡ് അംഗവുമായ തുഷാർ വെള്ളാപ്പള്ളി  എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി നിർദേശിച്ചു.

കെകെ മഹേശൻ്റെ ഭാര്യ ഉഷാദേവി നൽകിയ ഹർജിയിലാണ് ആത്മഹത്യാപ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കാൻ കോടതി ആവശ്യപ്പെട്ടത്. മാരാരിക്കുളം പൊലീസിനോടാണ് പുതിയ വകുപ്പുകൾ ചേർത്ത് എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശിച്ചത്.

വെള്ളാപ്പള്ളി, അശോകൻ, തുഷാർ എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളായി കേസെടുക്കാനാണ് കോടതിയുടെ നിർദേശം. അസ്വാഭാവിക മരണത്തിനാണ് നിലവിൽ കേസെടുത്ത് അന്വേഷണം നടത്തുന്നത്.

മഹേശൻ്റെ ആത്മഹത്യ വലിയ വിവാദമായതിന് പിന്നാലെ ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ  പ്രത്യേക അന്വേഷണസംഘത്തെ സർക്കാർ നിയമിച്ചിരുന്നു. എന്നാൽ, മഹേശൻ്റെ മരണം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം എവിടെയും എത്താതെ വന്നതോടെയാണ് മഹേശൻ്റെ ഭാര്യ കോടതിയിൽ എത്തിയത്.

തൂങ്ങി മരിച്ച യൂണിയൻ ഓഫീസ് മുറിയിലെ ഭിത്തിയിൽ ഒട്ടിച്ചിരുന്ന കുറിപ്പിൽ വെള്ളാപ്പള്ളി നടേശന്റേയും അശോകന്റേയും പേര് ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.

https://www.youtube.com/watch?v=DOHR_j1ElC8

By Arya MR