Sat. Jan 18th, 2025
vagamon resort drug case
ഇടുക്കി:

വാഗമണ്ണിലെ സിപിഐ പ്രാദേശിക നേതാവിന്‍റെ റിസോർട്ടിൽ നിശാപാർട്ടിയിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. ഇതിനോടകം 4 പേർ അറസ്റ്റിലായി.

ഇപ്പോൾ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടിയുടെ നേതൃത്വത്തിൽ റിസോർട്ടിലേക്ക് പ്രതിഷേധം നടക്കുകയാണ്.

ഇന്നലെ രാത്രിയിലാണ് വട്ടത്താലിലെ ക്ലിഫ് ഇൻ റിസോർട്ടി ലഹരിമരുന്ന് വേട്ട നടന്നത്. അറുപതോളം പേർ പിടിയിലായി. ഇതിൽ 25 സ്ത്രീകളും 35 പുരുഷന്മാരും ഉൾപ്പെടുന്നു.

എൽഎസ്ഡിയും മറ്റ് ലഹരിമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. സിപിഐ പ്രാദേശിക നേതാവും ഏലമ്പാറ മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഷാജി കുറ്റിക്കാടിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിലാണ് സംഭവം.  ജില്ലാ നാർക്കോട്ടിക് സെല്ലിൻ്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

രണ്ട് ദിവസം മുമ്പ് മയക്കുമരുന്നുമായി കൊച്ചിയിൽ പിടിയിലായ രണ്ട് പേരിൽ നിന്നാണ് ഇടുക്കിയിലെ നിശാപാർട്ടി സംബന്ധിച്ച വിവരം ലഭിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഈ റിസോർട്ട് കഴിഞ്ഞ രണ്ടുദിവസമായി പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു.

ഇന്നലെ വൈകുന്നേരം മുതൽ പാർട്ടി നടക്കുന്നായിരുന്നു രഹസ്യവിവരം. തുടർന്ന് പോലീസും നർക്കോട്ടിക് സംഘവും സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു.

കഞ്ചാവ്, എൽഎസ്ഡി, ഹെറോയ്ൻ, കഞ്ചാവ് ഗം തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സിനിമ-സീരിയൽ രംഗവുമായി ബന്ധമുള്ളവരും പിടിയിലായവരിൽ ഉൾപ്പെടുന്നുവെന്നാണ് സൂചന.

റിസോർട്ടിൽ നേരത്തെയും സമാന രീതിയിൽ പാർട്ടികൾ നടന്നിരുന്നു. അത് പൊലീസ് പിടിക്കുകയും താക്കീത് നൽകി വിട്ടിരുന്നു. നിശാപാർട്ടിക്ക് പിന്നിൽ ഒമ്പത് പേരാണെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. ഇതിൽ മൂന്ന് പേരാണ് മുഖ്യ  ആസൂത്രകർ.

ഇവരാണ് മറ്റ് ആറ് പേർക്ക് നിർദ്ദേശങ്ങൾ നൽകിയത്. നിശാ പാർട്ടിയിൽ ഇവരും പങ്കെടുത്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പാർട്ടി സംബന്ധിച്ച വിവരം പ്രതികകൾ പങ്കുവെച്ചത്.

ഇന്നലെ റെയ്ഡിനിടെ പിടിയിലായ 25 സ്ത്രീകളടക്കം 60 പേരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവരെന്നാണ് വിവരം. മയക്കുമരുന്ന്എവിടെ നിന്നാണ് എത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

https://www.youtube.com/watch?v=cJ6NKHLWpFQ

 

By Arya MR