Thu. Apr 25th, 2024
Farmers says PM Modi's gurudwara visit was a drama
ഡൽഹി:

കർഷക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തമായിരിക്കെ നിയമം പിൻവലിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ ഗുരുദ്വാര സന്ദർശിച്ചതിനെ വിമർശിച്ച് സമരം ചെയ്യുന്ന കർഷകർ.

തണുപ്പത്ത് കിടക്കുന്ന കർഷകരെ കാണാൻ മോദിക്ക് സമയമില്ലെന്നും ഗുരുദ്വാര സന്ദർശനം നാടകമാണെന്നും കർഷകർ  പ്രതികരിച്ചു. നാടകമല്ല, നിയമങ്ങൾ പിൻവലിക്കുകയാണ് വേണ്ടതെന്നും കർഷകർ ആവശ്യപ്പെട്ടു.

രാജ്യതലസ്ഥാനത്ത് കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് ഇന്ന് അപ്രതീക്ഷിതമായി പ്രധാനമന്ത്രി സിഖ് മത വിശ്വാസികളുടെ ആരാധനാലയമായ ദില്ലിയിലെ ഗുരുദ്വാര സന്ദർശിച്ചത്. പ്രധാനമന്ത്രിയുടെ പരിപാടിയിൽ ഗുരുദ്വാര സന്ദർശനം നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നില്ല.

അതിനാൽ സന്ദർശന സമയത്ത് ഗുരുദ്വാരയിൽ പ്രത്യേക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നില്ല. കർഷക പ്രക്ഷോഭം നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.

സമരം ചെയ്യുന്ന സിഖ് കർഷകരെ തണുപ്പിക്കാനാണ് മോദിയുടെ നീക്കമെന്ന വിമശനം ഉയരുന്നുണ്ട്. സന്ദർശനത്തിന്റെ ചിത്രങ്ങളും വിവരങ്ങളും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

വളരെ അധികം അനുഗ്രഹിക്കപ്പെട്ടതായി അനുഭവപ്പെട്ടുവെന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെപ്പോലെ താനും ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ കരുണയില്‍ പ്രചോദിതനാണെന്നും സന്ദര്‍ശന ശേഷം പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ദില്ലിയിലെ കർഷക സമരം 25 ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ നിലപാട് ആവർത്തിച്ചതോടെ സമരം കൂടുതൽ ശക്തിപ്രാപിക്കുകയാണ്.

സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരേണ്ടതില്ലെന്ന് കർഷകർക്ക് നിയമോപദേശം ലഭിച്ചു. ഷഹീൻബാഗ് സമരത്തിൽ ഉണ്ടായതുപോലെയുള്ള അനുഭവം സുപ്രീം കോടതിയിൽ കക്ഷി ചേർന്നാൽ ഉണ്ടാകുമെന്നും നിയമ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.

ഈ വിഷയം ചർച്ച ചെയ്യാൻ കർഷക സംഘടനകൾ ഇന്ന് യോഗം ചേരും. ഇന്നലെ രാത്രി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ്  തോമറുമായി കൂടിക്കാഴ്ച നടത്തി.

ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവ് ചൗധരി ബിജേന്ദ്ര സിംഗ് കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന്  പിന്നാലെയാണ് ഹരിയാന മുഖ്യമന്ത്രി കേന്ദ്രകൃഷിമന്ത്രിയെ കണ്ടത്. മൂന്നു ദിവസത്തിനകം കർഷകരുമായി വീണ്ടും കേന്ദ്ര സർക്കാർ ചർച്ച നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മനോഹർ ലാൽ ഖട്ടർ പറഞ്ഞു.

സുപ്രീംകോടതിയിലെ കേസിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് അഭിഭാഷകരുമായി  കർഷക  സംഘടനകളുടെ ചര്‍ച്ച തുടരുകയാണ്. ദില്ലി -ആഗ്ര, ദില്ലി – രാജസ്ഥാൻ ദേശീയപാത ഉപരോധവും,  തിക്രി,  ഗാസിപൂർ ജില്ല അതിർത്തികളിൽ സമരവും ശക്തമായി തുടരുകയാണ്.

കൊവിഡിന് പുറമേ മറ്റ് പകർച്ചവ്യാധികൾ സമരക്കാർക്കിടയിൽ പടരാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ലെന്നാണ് ആരോഗ്യപ്രവർത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

സമരത്തിനിടെ ഇതുവരെ 33 കര്‍ഷകരാണ് മരണപ്പെട്ടത്. ജീവത്യാഗം ചെയ്ത കര്‍ഷകര്‍ക്ക് ഇന്ന് വിവിധ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ ആദരാജ്ഞലി അർപ്പിച്ചിരുന്നു.

https://www.youtube.com/watch?v=8KutYZVknpA

By Arya MR