Sat. Jan 18th, 2025
50 more identified with Shigella symptoms in Kozhikode
കോഴിക്കോട്:

കോഴിക്കോട് കോട്ടാം പറമ്പിൽ ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.

അതേസമയം കോട്ടാംപറമ്പ് മേഖലയിൽ എങ്ങനെ ഷിഗെല്ല ബാക്ടീരിയ എത്തി എന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല. നിലവിൽ 5 വയസിന് താഴെയുള്ള രണ്ട് കുട്ടികളാണ് രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്.

ഷിഗെല്ല രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്. വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

കോഴിക്കോട് ജില്ലയില്‍ രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം അന്‍പത് കവിഞ്ഞു. കോഴിക്കോട് കോട്ടാംപറമ്പില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷിഗെല്ല ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ്  ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചത്.

പ്രദേശത്തെ 120 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ പ്രദേശങ്ങളിലും ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇവിടങ്ങളിലെല്ലാം ഒരാഴ്ച തുടര്‍ച്ചയായി ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ  പ്രവര്‍ത്തനങ്ങള്‍ നടത്തും. വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍.  ശനിയാഴ്ച കോട്ടാംപറമ്പില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

മനുഷ്യ വിസര്‍ജ്ജ്യത്തില്‍ നിന്നാണ് രോഗവാഹകരായ ബാക്ടീരിയ കൂടി വെള്ളത്തിൽ കലരുന്നത്. അതുകൊണ്ട് തന്നെ വ്യക്തി ശുചിത്വം പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. മുതിര്‍ന്നവരേക്കാള്‍ കുട്ടികളെയാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്.

രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെ വളരെ വേഗം ഷിഗെല്ല പടരും. ഛര്‍ദ്ദി, പനി, വയറിളക്കം,  വിസര്‍ജ്ജ്യത്തില്‍ രക്തം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ തേടണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

https://www.youtube.com/watch?v=j0T-WCUKXIw&t=5s

 

By Arya MR