കോഴിക്കോട്:
കൊവിഡ് മഹാമാരിക്ക് പിന്നാലെ സംസ്ഥാനത്ത് ഷിഗെല്ല. കോഴിക്കോട് കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ഭാഗത്ത് ആറ് പേരിൽ ഷിഗെല്ല ബാക്ടീരിയമൂലമുള്ള രോഗം സ്ഥിരീകരിച്ചു. രോഗത്തെ തുടർന്ന് ഒരാൾ മരണപ്പെടുകയും ചെയ്തു. 25 പേരിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. സമ്പർക്കത്തിലൂടെയും ഷിഗെല്ല പടരാം.
കടുത്ത പനി, വയറു വേദന, മനംപുരട്ടൽ, ഛർദ്ദിൽ, വയറിളക്കം, രക്തംകലര്‍ന്ന മലം എന്നിവയാണ് ലക്ഷണങ്ങൾ. രോഗബാധിതരുമായി സമ്പര്‍ക്കത്തിലായാല്‍ ഒന്നു മുതല്‍ ഏഴു ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. ഇതിനാല്‍ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. രണ്ടുമുതല്‍ ഏഴുദിവസംവരെ രോഗലക്ഷണങ്ങള്‍ കാണപ്പെടും. ചില കേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനിന്നേക്കാം.
രോഗികളുടെ എണ്ണം കൂടിയാല്‍ പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. വ്യക്തിശുചിത്വം, കൈ വൃത്തിയായി സൂക്ഷിക്കുക തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക അടച്ചുവച്ച ഭക്ഷണം ചൂടോടെ മാത്രം കഴിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രാഥമികമായി ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
പ്രധാനമായും മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളില്‍ മരണസാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും.
https://www.youtube.com/watch?v=bwDjiWJg-6U