Mon. Dec 23rd, 2024
K Sreekumar Trivandrum mayor
തിരുവനന്തപുരം

സംസ്ഥാനം ഉറ്റു നോക്കിയ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രാഷ്ട്രീയ അടിയൊഴുക്കുകള്‍ അപ്രിതീക്ഷിത ചുഴിത്തിരിവുകളിലേക്ക്. ത്രികോണമത്സരമാണ് പ്രതീക്ഷിച്ചതെങ്കിലും വോട്ടെണ്ണലിന്‍റെ തുടക്കം തന്നെ എല്‍ഡിഎഫ്- ബിജെപി ഇഞ്ഞോടിഞ്ചു പോരാട്ടമായിരുന്നു കാണാന്‍ കഴിഞ്ഞത്. എന്നാല്‍ ഫലമറിയുന്തോറും എല്‍ഡിഎഫ് മുന്നേറിക്കൊണ്ടിരിക്കെ വീണ്ടും ട്വിസ്റ്റ് ആയി പ്രമുഖരുടെ പതനം.

മേയർ കെ ശ്രീകുമാർ കരിക്കകം വാർഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമാരന്‍ നായരോടു  നൂറില്‍പ്പരം വോട്ടുകള്‍ക്കു തോറ്റു. ഇത്തവണ മേയര്‍ പദവി വനിതാ സംവരണമായതിനാല്‍ പരിഗണിക്കപ്പെട്ടിരുന്ന എ ഡി ഒലീനയും എസ് പുഷ്പലതയും കൂടി തോറ്റതോടെ പ്രതീക്ഷകള്‍ക്കിടയിലും എകെജി സെന്‍ററിന്‍റെ മുറ്റത്ത് ഗ്ലാനിയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടി.

കുന്നുകുഴി വാർഡിലാണ് ഒലീന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് തോറ്റത്.  കോൺഗ്രസ് സ്ഥാനാർ‌ഥി മേരി പുഷ്പം 1254 വോട്ടുകൾ നേടിയപ്പോൾ ഒലീനയ്ക്ക് 933 വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളൂ. എൻഡിഎ സ്ഥാനാർഥി ബിന്ദു 232 വോട്ടുകൾ നേടി. എസ് പുഷ്പലത തോറ്റു. നെടുങ്കാട് വാർഡിലാണ് പുഷ്പലത പരാജയപ്പെട്ടത്. ബിജെപി സ്ഥാനാർത്ഥിയായ കരമന അജിത്തിനോട് 184 വോട്ടുകൾക്കാണ്  പുഷ്പലത പരാജയപ്പെട്ടത്.  ഈ സാഹചര്യത്തില്‍ വഴുതക്കാട്ടു നിന്നു ജയിച്ച സിപിഎമ്മിന്‍റെ രാഖി രവികുമാറാകും ഭരണം കിട്ടിയാല്‍ മേയറാകുക.

അതേ സമയം നിലവില്‍ വ്യക്തമായ മുന്നേറ്റമാണ്​ എല്‍ഡിഎഫ് കാണിക്കുന്നത്. 43 സീറ്റുകളിലാണ് മുന്നണി മുന്നേറുന്നത്. 27 സീറ്റില്‍ എന്‍ഡിഎ മുന്നേറുമ്പോള്‍  ഒമ്പതു സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിനു ലീഡ്.