Fri. Mar 29th, 2024
LDFvictorycelebration
തിരുവനന്തപുരം

തദ്ദേശതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്  ഇടതുമുന്നണിക്ക് തകര്‍പ്പന്‍ വിജയം. എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്താതെയും യുഡിഎഫ് കോട്ടകൊത്തളങ്ങളെ തകര്‍ത്തുമാണ് എല്‍ഡിഎഫിന്‍റെ മുന്നേറ്റം. ആറില്‍ അഞ്ച് കോര്‍പ്പറേഷനുകളിലും 941 ഗ്രാമപഞ്ചായത്തുകളില്‍ 517 എണ്ണത്തിലും 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 108ലും  14 ജില്ലാ പഞ്ചായത്തുകളില്‍ 11 എണ്ണത്തിലും എല്‍ഡിഎഫ് വിജയം വരിച്ചു. മുനിസിപ്പാലിറ്റികളില്‍ മാത്രമാണ് നേരിയ തോതില്‍ പിന്നോക്കം പോയത്. ആകെയുള്ള 86 എണ്ണത്തില്‍ 45 ഇടത്ത് യുഡിഎഫ് മുന്നിട്ടുനില്‍ക്കുമ്പോള്‍ 35 ഇടത്തേ എല്‍ഡിഎഫിനു ലീഡ് ഉള്ളൂ.

എല്‍ഡിഎഫ് സര്‍ക്കാരുകള്‍ മുമ്പൊന്നും നേരിടാത്ത വിധം ആരോപണങ്ങളും വിവാദങ്ങളും നിറഞ്ഞ രാഷ്ട്രീയാന്തരീക്ഷത്തിലും ലഭിച്ച ഈ വിജയം മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി നേതൃത്വത്തിനും വലിയ ആത്മവിശ്വാസം പകരുന്നതാണ്. എല്‍ഡിഎഫിന്‍റെ രാഷ്ട്രീയ സഖ്യങ്ങള്‍ യുഡിഎഫിന്‍റെ സഖ്യങ്ങളേക്കാള്‍ കാര്യക്ഷമമായി എന്ന് മധ്യകേരളത്തിലെ വിജയം വ്യക്തമാക്കുന്നു. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തോടെ കോട്ടയം, ഇടുക്കി ജില്ലകളിൽ എൽഡിഎഫ് നേട്ടമുണ്ടാക്കി.

ഗുരുതരമായ ആരോപണങ്ങളുയര്‍ന്നിട്ടും അത് വോട്ടായി മാറാതിരിക്കുകയും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ  പതിവു ചക്കളത്തിപ്പോരാട്ടങ്ങളും  പരാജയപ്പെട്ട പ്രമുഖ കേന്ദ്രങ്ങളില്‍ യുഡിഎഫ് മൂന്നാമതായതും യുഡിഎഫിനെ ഇരുത്തി ചിന്തിപ്പിക്കുന്നതായി നേതാക്കളുടെ സംയുക്തവാര്‍ത്താ സമ്മേളനം വ്യക്തമാക്കുന്നു.

ആകെയുള്ള ആറിൽ അഞ്ച് കോർപ്പറേഷനുകളും പിടിച്ചടുക്കിയാണ് എൽഡിഎഫ് മുന്നേറ്റം കാഴ്ചവെച്ചത്. വിജയത്തിനായി ബിജെപി കാര്യമായി പ്രവര്‍ത്തനം  നടത്തിയ തിരുവനന്തപുരം കോർപ്പറേഷനിൽ എല്‍ഡിഎഫ് ഭരണം കൈപ്പിടിയിലൊതുക്കി. 100 ഡിവിഷനുകളില്‍ 52 സ്ഥലങ്ങളിൽ എൽ ഡി എഫ്, 10 ഇടത്ത് യു ഡി എഫ്, 35 ഇടത്ത് എൻഡിഎ എന്നിങ്ങനെയാണ് നില. മൂന്നിടത്ത് മറ്റുള്ളവര്‍ വിജയിച്ചിട്ടുണ്ട്.

കൊല്ലം കോർപറേഷനിലും എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. 54 ഡിവിഷനുകളില്‍ 39 ഇടത്ത് എല്‍ഡിഎഫും ഒമ്പതിടത്ത് യുഡിഎഫും ആറിടത്ത് എന്‍ഡിഎയുമാണ് ജയിച്ചത്. കോഴിക്കോട് കോർപ്പറേഷനിൽ എൽഡിഎഫ്- 48, യുഡിഎഫ്-14, എൻഡിഎ -7 എന്നതാണ്  നില. കോഴിക്കോട് കോര്‍പറേഷനില്‍ നിലവിലെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു. 

തൃശ്ശൂര്‍, കൊച്ചി കോര്‍പ്പറേഷനുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. എൽഡിഎഫ്- 34, യുഡിഎഫ്- 31 എന്നതാണ് കൊച്ചി കോർപ്പറേഷനിലെ സീറ്റ് നില. കലൂര്‍ സൗത്ത് വാര്‍ഡില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒരേ വോട്ട് ലഭിച്ചതിനെത്തുടര്‍ന്ന് നറുക്കെടുപ്പ് നടത്തിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ജയിച്ചത്. തൃശൂരില്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാനായെങ്കിലും കേവലഭൂരിപക്ഷമില്ല. ഇവിടെ  24 സീറ്റില്‍ എല്‍ഡിഎഫ്,  23 സീറ്റില്‍  യുഡിഎഫ് ,  ആറ് ഇടത്ത് എന്‍ഡിഎയുമാണ് വിജയിച്ചത്.

അതേ സമയം കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിന് വ്യക്തമായ നേട്ടമുണ്ടാക്കാനായി. കഴി‍ഞ്ഞ തവണ നാലോളം മേയര്‍മാരെയാണ് കോണ്‍ഗ്രസ് വിമതന്‍റെ സഹകരണത്തോടെ എല്‍ഡിഎഫും  പിന്നീട് അദ്ദേഹത്തിന്‍റെ തിരിച്ചുവരവോടെ യുഡിഎഫും ജനങ്ങള്‍ക്കു നല്‍കിയത്.  ഇവിടെ 34 യുഡിഎഫ് കൗണ്‍സിലര്‍മാരുടെ വ്യക്തമായ പിന്തുണ യുഡിഎഫിനുള്ളതിനാല്‍ ഇത്തവണ സ്വതന്ത്രമായി ഭരിക്കാം.  19 എല്‍ഡിഎഫ് അംഗങ്ങളും ഒരു എന്‍ഡിഎ അംഗവുമാണ് നിലവിലെ കോര്‍പ്പറേഷന്‍ കൗണ്‍സിസിലേക്കു തിര‍ഞ്ഞെടുക്കപ്പെട്ടത്.