Mon. Dec 23rd, 2024
N VENUGOPAL

കൊച്ചി

കൊച്ചി കോര്‍പ്പറേഷനില്‍ മൂന്നാം തവണയും ഭരണം നിലനിര്‍ത്താനുള്ള സാധ്യത നിലനിന്നപ്പോഴും അട്ടിമറികളില്‍ സ്തംഭിച്ചു നില്‍ക്കുകയിരുന്നു യുഡിഎഫ്. മുന്നണിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയും ജിസിഡിഎ മുന്‍ ചെയര്‍മാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍ വേണുഗോപാല്‍ തോറ്റത് ഒരു വോട്ടിനാണ്. ഡെപ്യൂട്ടി മേയര്‍ ആയിരുന്ന കെ ആര്‍ പ്രേം കുമാറും തോറ്റു. അതേസമയം  എല്‍ ഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി കരുതുന്ന എം അനില്‍കുമാര്‍ വിജയിച്ചു.

അന്തിമ ഫലം വന്നപ്പോള്‍ എല്‍ഡിഎഫ് 34 സീറ്റു നേടി ഭരണ സാധ്യത നേടി. യുഡിഎഫ് 31ഉം എന്‍ഡിഎ അഞ്ചും  സ്വതന്ത്രര്‍ നാലും സീറ്റ് നേടി. സ്വതന്ത്രരുടെ പിന്തുണ കൂടി നേടി ഭരണം നേടാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്.

മുസ്ലിം ലീഗിനും  തിരിച്ചടി നേരിട്ടു. കൊച്ചി കോര്‍പ്പറേഷന്‍  രണ്ടാം വാര്‍ഡില്‍ ലീഗ് വിമതന്‍ ജയിച്ചു. കൊച്ചി കോര്‍പ്പറേഷനില്‍ ഒരിടത്ത് വെല്‍ഫെയര്‍ പാര്‍ട്ടി വിജയിച്ചു.  കോര്‍പ്പറേഷന്‍ വാര്‍ഡ് 69ല്‍ തൃക്കാണർവട്ടത്ത് വെൽഫെയർ പാർട്ടി സ്ഥാനാർഥി കാജൽ സലീമാണ് വിജയിച്ചത്. യുഡിഎഫ് പിന്തുണയോടെയാണ് വിജയം.

നോർത്ത് ഐലന്‍ഡില്‍ ബിജെപി സ്ഥാനാർത്ഥി പദ്മകുമാരിയാണ്  എന്‍ വേണുഗോപാലിനെ പരാജയപ്പെടുത്തിയത്. ഇതുള്‍പ്പെടെ കൊച്ചി കോർപ്പറേഷനിൽ നാലിടത്താണ് ബിജെപി വിജയിച്ചത്. എറണാകുളം സൗത്ത്, എറണാകുളം സെൻട്രൽ, അമരാവതി എന്നീ വാര്‍ഡുകളിലാണ് ബിജെപി ജയിച്ചത്.