Mon. Dec 23rd, 2024
karatt Faizal

കോഴിക്കോട്

സ്വര്‍ണക്കടത്തു കേസില്‍ ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് എല്‍ഡിഎഫ് പിന്തുണ പിന്‍വലിച്ച മുന്‍ മുനിസിപ്പല്‍ കൗണ്‍സിലംഗം കാരാട്ട് ഫൈസലിന് തിളങ്ങുന്ന വിജയം. ചുണ്ടപ്പുറം വാർഡിൽ സ്വതന്ത്ര സ്​ഥാനാർഥിയായി മത്സരിച്ച ഫൈസലിന് 568 വോട്ട് കിട്ടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഐഎന്‍എല്ലിലെ ഒ പി അബ്ദുള്‍ റഷീദിന് ഒരു വോട്ട് പോലും ലഭിച്ചില്ല.

യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ കെ എ കാദറിന് 495 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി സദാശിവന് 50ഉം വോട്ട് കിട്ടി. എന്തിനേറെ പറയുന്നു കാരാട്ട്​ ഫൈസലിന്‍റെ അപരനായി മത്സരിച്ച കെ ഫൈസൽ വരെ ഏഴു വോട്ടു നേടി. ഈ സാഹചര്യത്തിലാണ് ഒരു വോട്ടു പോലും നേടാതെ എല്‍ഡിഎഫിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ചരിത്രത്തിലാത്ത പരാജയമേറ്റു വാങ്ങിയത്.

സര്‍ക്കാരിനെ ഉലച്ച സ്വര്‍ണക്കടത്തു വിവാദത്തില്‍ കസ്റ്റംസ് ചോദ്യം ചെയ്തതോടെയാണ് നേരത്തേ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയ കാരാട്ട് ഫൈസലിനെ സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ട് ഒഴിവാക്കിയത്. ഇതേത്തുടര്‍ന്ന്  ഫൈസല്‍ സ്വതന്ത്രനായി നിന്നത്.  കഴിഞ്ഞ തവണ പറമ്പത്തുകാവില്‍ നിന്നാണ്  അദ്ദേഹം എല്‍ഡിഎഫ് സീറ്റില്‍ വിജയിച്ചത്.

ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി വെറും ഡമ്മിയാണെന്നും എല്‍ഡിഎഫ് വോട്ടുകള്‍ കാരാട്ട് ഫൈസലിനാകും പോകുകയെന്നുമുള്ള യുഡിഎഫ് പ്രചാരണം ഇപ്പോള്‍ സത്യമായി വന്നിരിക്കുകയാണ്. ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി അബ്ദുള്‍ റഷീദിന് വാര്‍ഡില്‍ വോട്ടില്ലെങ്കിലും ഒറ്റ വോട്ട് പോലും ലഭിക്കാത്തത് എല്‍ഡിഎഫിന് നാണക്കേടായി.