Wed. Dec 18th, 2024
BJP Victory celebration

ലക്ഷ്യം വച്ച തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാനായില്ലെങ്കിലും പന്തളത്തും  പാലക്കാട്ടും നഗരസഭകളില്‍ ഭരണത്തിലേറാന്‍ ബിജെപി. ഇതു കൂടാതെ പല ഗ്രാമപഞ്ചായത്തുകളിലും അപ്രതീക്ഷിത വിജയം നേടാന്‍ ബിജെപിക്കായി.

എൽഡിഎഫ് ഭരിച്ച പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭ എൻഡിഎ പിടിച്ചെടുത്തു. ആകെയുള്ള 33 സീറ്റുകളില്‍ എൻഡിഎ സഖ്യം 18 സീറ്റ് നേടി. എൽഡിഎഫ് ഒമ്പതും യുഡിഎഫ് അഞ്ചും സീറ്റുകൾ നേടിയപ്പോള്‍ ഒരു സ്വതന്ത്രനും വിജയിച്ചു.

പാലക്കാട് നഗരസഭയില്‍ ഭരണം നിലനിര്‍ത്താനുമായി. 52 ഡിവിഷനുകളുള്ള മുനിസിപ്പാലിറ്റിയില്‍  കഴിഞ്ഞ തവണത്തെ 24 സീറ്റില്‍ നിന്ന് നാലെണ്ണം കൂടി നേടി 28 സീറ്റോടെയാണ് ബിജെപി ഇവിടെ ഭരണമേറുന്നത്. കോണ്‍ഗ്രസിന് 14ഉം സിപിഎമ്മിന് ഏഴും സീറ്റുകളാണുള്ളത്. വെല്‍ഫെയര്‍ പാര്‍ട്ടി ഒരു സീറ്റ് നെടിയപ്പോള്‍ രണ്ടിടത്ത് സ്വതന്ത്രര്‍ വിജയിച്ചു.

ചുവപ്പു കോട്ടയായി അറിയപ്പെടുന്ന കണ്ണൂരില്‍ കോര്‍പ്പറേഷന്‍ മേഖലകളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കമെങ്കിലും  ഇതാദ്യമായി കണ്ണൂർ കോർപറേഷനില്‍ ബിജെപി വിജയിച്ചു കയറിയത് എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഞെട്ടിച്ചു.  അങ്കമാലി, നിലമ്പൂര്‍ നഗരസഭകളിലും ഇത്തവണ ബിജെപി എക്കൗണ്ട് തുറന്നു. കോഴിക്കോട് മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍റെ വാര്‍ഡായ പന്നിയങ്കരയിലും ബിജെപിയാണ് വിജയിച്ചത്.

കോണ്‍ഗ്രസ്, സിപിഎം സംസ്ഥാന നേതാക്കളുടെ വാര്‍ഡുകളില്‍ അതാതു പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ തോറ്റപ്പോള്‍ അവിടെയും മുഖം രക്ഷിക്കാന്‍ ബിജെപിക്കായി. പാര്‍ട്ടി സംസ്ഥാനസെക്രട്ടറി കെ സുരേന്ദ്രന്‍റെ വാര്‍ഡില്‍ ബിജെപി ജയിച്ചു. അതേസമയം, സുരേന്ദ്രന്റെ സഹോദരന്‍ കെ ഭാസ്‌കരന്  തോല്‍വി.

കോഴിക്കോട് ഉള്ള്യേരി പഞ്ചായത്തിലാണ് ഭാസ്കരന്‍ മത്സരിച്ചത്.  പൂജപ്പുരയില്‍ ബിജെപിയുടെ യുവനേതാവ് വി വി രാജേഷിന് വിജയം.  പാര്‍ട്ടി ജില്ലാ പ്രസിഡന്‍റായ രാജേഷ് 1051 വോട്ടിനാണ് വിജയിച്ചത്.  അതേ സമയം തൃശൂര്‍ കോര്‍പ്പറേഷനില്‍ മത്സരിച്ച് പാര്‍ട്ടി വക്താവ് ബി ഗോപാലകൃഷ്ണന്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റായ കുട്ടന്‍കുളങ്ങര ഡിവിഷനില്‍  പരാജയപ്പെട്ടു.