Sat. Apr 27th, 2024
K Muraleedharan-Mullappalli
തിരുവനന്തപുരം

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തില്‍ കോണ്‍ഗ്രസില്‍ ചേരിതരിവ് മറനീക്കുന്നു.  ജമാത്തെ ഇസ്ലാമി രൂപം കൊടുത്ത രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കിയതിനെ അനുകൂലിച്ച് കെ മുരളീധരന്‍ രംഗത്തെത്തിയപ്പോള്‍ എഐസിസി നിലപാട് ഉയര്‍ത്തി  കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതിരോധിക്കുകയാണ്.

ജമാത്തെ ഇസ്ലാമി മതേതരത്വസ്വഭാവത്തിലുള്ള സംഘടനയാണെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. ”കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പോടെ അവര്‍ മതവാദരാഷ്ട്ര നിലപാട് മാറ്റി. ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ മതേതരസര്‍ക്കാര്‍ വരുന്നതിന് കേരളത്തില്‍ യുഡിഎഫിനെ പിന്തുണയ്ക്കുകയുമുണ്ടായി.  ഇതേത്തുടര്‍ന്നാണ് കൂട്ടുകെട്ടുണ്ടാക്കിയത്, ഇത് യുഡിഎഫിനു ഗുണം ചെയ്യും. ജമാത്തെ ഇസ്ലാമിക്ക് മതാധിഷ്ഠിത നിലപാടുണ്ടായിരുന്ന കാലത്ത് അവരുമായി സഖ്യമുണ്ടാക്കിയത് സിപിഎം ആണ്” മുരളീധരന്‍ പറഞ്ഞു.

എന്നാല്‍ മുരളീധരന്‍റെ വാദം തള്ളിയ മുല്ലപ്പള്ളി എഐസിസി നിലപാട് സഖ്യത്തെ അംഗീകരിക്കുന്നില്ലെന്നു വ്യക്തമാക്കി.” സഖ്യം തന്‍റെ അറിവോടെയല്ല. കെപിസിസി പ്രസിഡന്‍റെന്ന നിലയില്‍ ഇങ്ങനെയൊരു നിര്‍ദ്ദേശം കൊടുത്തിട്ടില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമോ നീക്കുപോക്കോ എവിടെയുമില്ല. ജെമാത്തെ ഇസ്ലാമി മതേതരപാര്‍ട്ടിയാണെന്ന നിലപാട് എഐസിസിക്ക് ഇല്ല. ഇതേ നിലപാടാണ് കെപിസിസി അധ്യക്ഷനുമുള്ളത്. പാര്‍ട്ടിയിലെ അവസാന വാക്ക് അധ്യക്ഷന്‍റേതാണ്” കെ മുരളീധരനെ പോലെ അനുഭവ സമ്പത്തുള്ള നേതാവിന് മറുപടി നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പുണ്ടാക്കിയ സഖ്യത്തെ എ, ഐ വിഭാഗത്തിലെ പ്രമുഖര്‍ അംഗീകരിച്ചപ്പോഴും ഒരു നീക്കുപോക്കും വേണ്ടെന്ന നിലപാടാണ് മുല്ലപ്പള്ളി  എടുത്തത്. എന്നാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്ക് സഖ്യത്തെ അനുകൂലിക്കുന്ന നിലപാടാണ്. ഇത് യുഡിഎഫിലും പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗം മുന്‍കൈയെടുത്ത് നടത്തിയ നീക്കത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ ആണ് ജമാത്തെ നേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയത്. എന്നാല്‍ ലീഗിലെ തന്നെ എം കെ മുനീര്‍ അടക്കമുള്ള വിഭാഗം ഇതിന് എതിരു നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്.