തിരുവനന്തപുരം
തദ്ദേശ ഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പു ഫലങ്ങള്‍ ഫലപ്രഖ്യാപന ദിവസമായ ഡിസംബര്‍ 16 ബുധനാഴ്ച ഉച്ചയോടെ അറിയാമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്കരന്‍ അറിയിച്ചു. രാവിലെ 11 മണിയോടു കൂടിത്തന്നെ പഞ്ചായത്ത് തിരഞ്ഞെടുപ്പു ഫലങ്ങള്‍ അറിയാനാകും. ഉച്ചയ്ക്ക് ഒരു മണിയോടെ മറ്റെല്ലാ ഫലങ്ങളും ലഭിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് വളരെ സമാധാനപരമായാണ് നടന്നത്.
രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതാത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതാത് വരണാധികാരികളാണ് എണ്ണുക.
ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിച്ചാല്‍ സംസ്ഥാനത്ത് വോട്ടെടുപ്പ് സമാധാനപരമായിരുന്നു. സംഘര്‍ഷമുണ്ടായ സ്ഥലങ്ങളില്‍ പോലിസ് ഇടപെട്ട് നിയന്ത്രണത്തിലാക്കി. പലയിടത്തും നേതാക്കല്‍ തന്നെ ഇടപെട്ട് സംഘര്‍ഷത്തിനു തുനിഞ്ഞവരെ സമാധാനിപ്പച്ചത് ശ്ലാഘനായമാണ്. സംസ്ഥാനത്ത് റീ പോളിംഗിന്‍റെ ആവശ്യം എവിടെയുമുയര്‍ന്നിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മളനത്തില്‍ പറഞ്ഞു.