Fri. Mar 29th, 2024
തിരുവനന്തപുരം

കൊവിഡ് വാക്സിന്‍ കേരളത്തില്‍ സൗജന്യമായിരിക്കുമെന്ന  പ്രഖ്യാപനം സംബന്ധിച്ച് തിരഞ്ഞെടുപ്പുകമ്മിഷന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി. പ്രഖ്യാപനം തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടലംഘനമാണെന്ന് കാണിച്ചു പ്രതിപക്ഷപാര്‍ട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അവസാനഘട്ട തദ്ദേശതിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന്‍റെ സമാപന ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിണറായി പ്രഖ്യാപനം നടത്തിയത്.

കേരളീയര്‍ക്കു വാക്സിന്‍ തികച്ചും സൗജന്യമായി നല്‍കുമെന്നു പറഞ്ഞെങ്കിലും  എത്രത്തോളം വാക്സിന്‍ ലഭ്യമാകുമെന്ന കാര്യത്തില്‍ അദ്ദേഹം സന്ദേഹമുന്നയിച്ചു. വാക്സിന്‍ ഇന്ത്യന്‍ വിപണിയില്‍ ഇതേവരെ ലഭ്യമാകാത്ത പശ്ചാത്തലത്തില്‍ പ്രഖ്യാപനം രാഷ്ട്രീയനേട്ടത്തിനു വേണ്ടി മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. രാജ്യത്ത് വാക്സിന്‍ സൗജന്യമാകുമെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇത്തരമൊരു പ്രസ്താവന വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന് ബിജെപി നേതാക്കളും പറഞ്ഞു.

എന്നാല്‍ ഇതു തള്ളിക്കളഞ്ഞ സിപിഎം നേതൃത്വം നയപരമായ തീരുമാനമാണെന്ന് അവകാശപ്പെടുകയായിരുന്നു. വിവാദത്തെ തുടര്‍ന്ന്  പരാതി കിട്ടിയാല്‍ പരിശോധിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണര്‍ വി ഭാസ്കരന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും പരാതി നല്‍കുകയായിരുന്നു.